ടെസ്റ്റ് റാങ്കിങ്ങില്‍ ആറാം സ്ഥാനത്തേക്കെത്തി പാകിസ്ഥാന് ബാറ്റ്സ്മാന് ബാബര്‍ അസം. ഇതോടെ കോഹ് ലിയെ കൂടാതെ മൂന്ന് ഫോര്‍മാറ്റിലും ടോപ് 10 റാങ്കിലുള്ള മറ്റൊരു താരമായി ബാബര്‍ അസം. ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയതാണ് ബാബര്‍ അസമിനെ ടെസ്റ്റ് റാങ്കിങ്ങില്‍ തുണച്ചത്.
ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാമതുള്ള ബാബര്‍ അസം, ഏകദിന ബാറ്റ്സ്മാന്മാരുടെ റാങ്കില്‍ മൂന്നാമതും, ടെസ്റ്റില്‍ ഇപ്പോള്‍ ആറാമതുമാണ്. ശ്രീലങ്കയ്ക്കെതിരെ സമനിലയിലായ ആദ്യ ടെസ്റ്റില്‍ ബാബര്‍ അസം 102 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നു. രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാന്റെ രണ്ടാം ഇന്നിങ്സില്‍ പാക് ബാറ്റ്സ്മാന്മാര് നിരത്തി പിടിച്ച് സെഞ്ചുറി കുറിച്ചപ്പോള്‍ ബാബര്‍ അസമും പിന്നോട്ടു പോയില്ല.
പാക് മുന്‍നിരയിലെ മൂന്ന് ബാറ്റ്സ്മാന്മാരും സെഞ്ചുറി തൊട്ടപ്പോള്‍ നാലാമനായി ഇറങ്ങിയ ബാബര്‍ അസമും അവര്‍ക്കൊപ്പം ചേര്‍ന്നു. രണ്ടാം ടെസ്റ്റില്‍ ബാബര്‍ അസം കൂടി സെഞ്ചുറി തികച്ചതിന് പിന്നാലെ പാകിസ്ഥാന് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലും ബാബര്‍ അസം തന്റെ സ്ഥിരത നിലനിര്‍ത്തിയിരുന്നു.
ഗബ്ബയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ബാബര്‍ അസം രണ്ടാം ഇന്നിങ്സില്‍ സെഞ്ചുറി നേടിയിരുന്നു. മുഹമ്മദ് റിസ്വാനും യാസിര്‍ ഷായ്ക്കും ഒപ്പം ഗബ്ബയില്‍ ബാബര്‍ അസം ചെറുത്തു നിന്നു. എന്നാല്‍ ഇന്നിങ്സ് തോല്‍വി ഒഴിവാക്കാനായില്ല. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സില്‍ 97 റണ്‍സ് നേടി ബാബര്‍ അസം ഒറ്റയ്ക്ക് നിന്ന് പൊരുതി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ