കായികം

വിസ്മയം തീര്‍ത്ത് വീണ്ടും ക്രിസ്റ്റിയാനോ റൊണാള്‍ഡോ; അടിച്ചുകൂട്ടിയത് എണ്ണംപറഞ്ഞ ഗോളുകള്‍; റെക്കോര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

വില്‍ന്യൂസ്: ഗോളുകള്‍ അടിച്ചൂകൂട്ടി നായകനായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ യൂറോ കപ്പ് യോഗ്യതാ ഫുട്‌ബോള്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ ജയം. മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ലിത്വാനിയയെ പരാജയപ്പെടുത്തി. 

ഹാട്രിക്കടക്കം നാല് ഗോളുകളാണ് ക്രിസ്റ്റിയാനോ ലിത്വാനിയന്‍ വലയില്‍ നിക്ഷേപിച്ചത്. ഇതോടെ യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും റൊണാള്‍ഡോ സ്വന്തം പേരിലാക്കി. റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിനായി 23 ഗോളുകള്‍ നേടിയ റോബി കീനിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോ സ്വന്തം പേരിലാക്ക് മാറ്റിയത്. രാജ്യാന്തര ഫുട്‌ബോളില്‍ ഇതോടെ റൊണാള്‍ഡോയുടെ ഗോള്‍ നേട്ടം 93 ആയി ഉയരുകയും ചെയ്തു. ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോളുകള്‍ നേടിയ താരങ്ങളില്‍ ഒന്നാമതുള്ള ഇറാന്റെ ഇതിഹാസ താരം അലി ദേയിയുടെ റെക്കോര്‍ഡിലേക്ക് 16 ഗോളുകളെ ഇനി റൊണാള്‍ഡോയ്ക്ക് വേണ്ടു.  

യൂറോപ്പില്‍ നിന്ന് ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് നിലവില്‍ റൊണാള്‍ഡോയുടെ പേരിലാണ്. ഇതിഹാസ താരം ഫെറങ്ക് പുഷ്‌കാസിനെ ഉള്‍പ്പെടെ പിന്തള്ളിയാണ് റോണോയുടെ ഈ നേട്ടം. പോര്‍ച്ചുഗലിനായി റൊണാള്‍ഡോയുടെ ബൂട്ടില്‍ നിന്നു പിറക്കുന്ന എട്ടാമത്തെ ഹാട്രിക് കൂടിയാണ് ലിത്വാനിയയ്ക്ക് എതിരെ കണ്ടത്. 2016ല്‍ അന്‍ഡോറയ്‌ക്കെതിരെയും റൊണാള്‍ഡോ നാല് ഗോള്‍ നേടിയിട്ടുണ്ട്.

വില്‍ന്യൂസില്‍ നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തിലാണ് റൊണാള്‍ഡോയുടെ വിസ്മയ പ്രകടനം. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിക്കുകയായിരുന്നു. ഏഴാം മിനുട്ടില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് റൊണാള്‍ഡോ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് 61, 65, 76 മിനുട്ടുകളിലും താരം വല ചലിപ്പിച്ചു. പോര്‍ച്ചുഗലിന്റെ അഞ്ചാം ഗോള്‍ ഇന്‍ഞ്ച്വറി സമയത്ത് റയല്‍ ബെറ്റിസ് താരം വില്യം കാര്‍വാലോ നേടി. ലിത്വാനിയയുടെ ആശ്വാസ ഗോള്‍ 28ാം മിനുട്ടില്‍ വൈറ്റോടസ് ആന്‍ഡ്രിയൂസ്‌കേവിസ്യൂസ് (28) വലയിലാക്കി. 

വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗല്‍ രണ്ടാമതെത്തി. അഞ്ചു കളികളില്‍നിന്ന് 13 പോയിന്റുമായി ഉക്രൈയിനാണ് മുന്നില്‍. പോര്‍ച്ചുഗലിന് നാല് കളികളില്‍നിന്ന് എട്ട് പോയിന്റായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ