കായികം

17കാരനോട് 'തോറ്റമ്പി' ക്രിസ്റ്റ്യാനോ റൊണാൾഡോ; സൂപ്പർ താരത്തെ കടത്തിവെട്ടി കാസ്റ്റർ സെമന്യയും (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലിസ്ബൻ: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോകം ലോക്ഡൗണിലായതോടെ കളിക്കളങ്ങളെല്ലാം നിശബ്ദം. താരങ്ങളെല്ലാം വീടുകളിൽ തന്നെയിരിക്കുന്നു. കായിക ക്ഷമത നിലനിർത്താനുള്ള ശ്രമങ്ങൾ താരങ്ങൾ വീട്ടിൽ നിന്ന് നടത്തുകയാണ്. അതിനിടെ സമയം പോക്കാനായി പല താരങ്ങളും ചലഞ്ചുകളുമായി നിറയുകയാണ് സാമൂഹിക മാധ്യമങ്ങളിൽ. അത്തരമൊരു ചലഞ്ചാണ് പോർച്ചു​ഗൽ നായകനും യുവന്റസ് സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ മുന്നോട്ട് വയ്ക്കുന്നത്. 

കായിക ക്ഷമതയിൽ ലോകത്ത് ഏറ്റവും മുൻ നിരയിലുള്ള താരങ്ങളിലൊരാളായ റൊണാൾഡോ, വ്യായാമത്തിൽ തന്നെ തോൽപ്പിക്കാമോ എന്ന വെല്ലുവിളിയുമായാണ് രംഗത്തെത്തിയത്. 'ദി ലിവിങ് റൂം കപ്പ്' എന്ന പേരിലാണ് ചലഞ്ച്. കിടന്നുകൊണ്ട് കാൽ ഉയർത്തി കൈകൾ കൊണ്ട് കാലിൽ തൊടണം. 45 സെക്കൻഡു കൊണ്ട് 142 തവണയാണ് റൊണാൾഡോ കിടന്ന കിടപ്പിൽ ഉയർത്തിപ്പിടിച്ച കാലുകളിൽ കൈ കൊണ്ടു തൊട്ടത്. ഇതിന്റെ വീഡിയോ പങ്കുവച്ചാണ് സൂപ്പർ താരം മറ്റുള്ളവരെ ചലഞ്ച് ചെയ്തത്. പല പ്രമുഖ താരങ്ങളും റൊണാൾഡോയുടെ ചലഞ്ച് ഏറ്റെടുത്തു. ചിലരെല്ലാം തോൽവി സമ്മതിച്ചു. 

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് കളിക്കുന്ന പോർച്ചു​ഗൽ താരങ്ങളായ ബ്രൂണോ ഫെർണാണ്ടസും ഡിയേഗോ ഡാലോട്ടും ശ്രമിച്ചു നോക്കിയെങ്കിലും റൊണാൾഡോയെ തോൽപ്പിക്കാനായില്ല. ബ്രൂണോ ഫെർണാണ്ടസ് 45 സെക്കൻഡിൽ 117 തവണയും ഡാലോട്ട് 105 തവണയുമാണ് കിടന്നുകൊണ്ട് ഉയർത്തിപ്പിടിച്ച കാലിൽ തൊട്ടത്. ലിവർപൂളിന്റെ സ്വിറ്റ്സർലൻഡ് താരം ഷെർദാൻ ഷാക്കീരി ചാലഞ്ച് ഏറ്റെടുത്തെങ്കിലും 80 തവണ മാത്രമാണ് കാലിൽ തൊടാനായത്.

എന്നാൽ രണ്ട് പേർ ഇതുവരെ ഈ ചാലഞ്ചിൽ റൊണാൾഡോയെ തോൽപ്പിച്ചു. ദക്ഷിണാഫ്രിക്കയുടെ മധ്യദൂര ഓട്ടക്കാരി കാസ്റ്റർ സെമന്യയും ലിവർപൂളിന്റെ 17 കാരനായ താരം ഹാർവി എലിയറ്റ് എന്നിവരാണ് പോർച്ചു​ഗൽ നായകനെ മറികടന്നത്. 45 സെക്കൻഡു കൊണ്ട് 176 തവണയാണ് സെമന്യ കാലിൽ തൊട്ടത്. അതായത് റൊണാൾഡോയേക്കാൾ 34 എണ്ണം കൂടുതൽ. ഇതിന്റെ വീഡിയോയും സെമന്യ പുറത്തുവിട്ടു. 

ഇതിനു പിന്നാലെ ഇം​ഗ്ലീഷ് ക്ലബ് ലിവർപൂളിനു കളിക്കുന്ന കൗമാര താരം ഹാർവി എലിയറ്റും ചലഞ്ച് ഏറ്റെടുത്ത് റൊണാൾഡോയെ പിന്തള്ളി. 45 സെക്കൻഡ് കൊണ്ട് 146 തവണയാണ് 17കാരനായ എലിയറ്റ് കാലിൽ തൊട്ടത്. റൊണാൾഡോയേക്കാൾ നാലെണ്ണം കൂടുതൽ. ഇരുവരേയും പിന്തള്ളി റൊണാൾഡോ ഇനി വീണ്ടും വരുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി