കായികം

'ഫിനിഷറായി ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്താമെന്ന് പ്രതീക്ഷ; ഒരു ലോകകപ്പ് വിജയത്തിന് കൂടി മികവ് എന്നിലുണ്ട്'

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങി വരാമെന്ന പ്രതീക്ഷ പങ്കിട്ട് കര്‍ണാടക ബാറ്റ്‌സ്മാനും മലയാളിയുമായ റോബിന്‍ ഉത്തപ്പ. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്കായി വീണ്ടും കളിക്കാനിറങ്ങാമെന്ന പ്രതീക്ഷയാണ് ഉത്തപ്പ പങ്കിടുന്നത്. ഒരു ലോകകപ്പ് കൂടി കളിക്കാനുള്ള മികവ് തന്നില്‍ അവശേഷിക്കുന്നുണ്ടെന്നും 34കാരന്‍ പറയുന്നു. 

2007ലെ ഏകദിന ലോകകപ്പില്‍ കളിച്ച ഉത്തപ്പ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ടീമിന്റെ നെടുംതൂണുകളില്‍ ഒരാളായിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2015ജൂലൈയില്‍ സിംബാബ്‌വെ പര്യടനത്തിലാണ് താരം അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. 2011ന് ശേഷം ഇന്ത്യക്കായി എട്ട് ഏകദിന മത്സരങ്ങളും നാല് ടി20 മത്സരങ്ങളും മാത്രമാണ് ഉത്തപ്പ കളിച്ചത്. 

'ഇന്ത്യക്കായി കളിക്കാന്‍ എനിക്കിപ്പോഴും ആഗ്രഹമുണ്ട്. മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ആവേശവും അതിന്റെ തീപ്പൊരിയും എന്റെ ഉള്ളിലുണ്ട്. ഒരു ലോകകപ്പ് വിജയിക്കാനുള്ള കരുത്ത് ഇപ്പോഴും എനിക്കുണ്ടെന്ന് ഞാന്‍ സത്യസന്ധമായി വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ പരിമിത ഓവര്‍ പോരാട്ടങ്ങളില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ഞാന്‍'- ഉത്തപ്പ പറഞ്ഞു. 

ടീമിലെ ഫിനിഷറുടെ റോളില്‍ കളിക്കാനിറങ്ങാമെന്നാണ് താരം പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ ഭാഗ്യം കൂടി വേണമെന്ന് ഉത്തപ്പ പറയുന്നു. പ്രതിഭകള്‍ ധാരളമുള്ള ഇന്ത്യയില്‍ പ്രത്യേകിച്ച് ഇതെല്ലാം വലിയ ഘടകമാണ്. സ്വന്തം കഴിവില്‍ വിശ്വാസമുള്ളിടത്തോളം സ്വയം എഴുതി തള്ളരുത്. ഇന്ത്യക്ക് കളിക്കാന്‍ കഴിയുമെന്ന സ്വപ്‌നത്തിന് പിന്നാലെ തന്നെയാണ് താനെന്നും അത് സാധ്യമാകുന്നത് വരെ കഠിനാധ്വാനം തുടരുമെന്നും ഉത്തപ്പ പറയുന്നു. 

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വീട്ടില്‍ തന്നെയാണ് താരം. എങ്കിലും പരിശീലനം മുടങ്ങാതെ ചെയ്യുന്നുണ്ടെന്ന് ഉത്തപ്പ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍