കായികം

ഇത്തവണ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വിജയ സാധ്യത; പാകിസ്ഥാനെതിരെ തിരിച്ചുവരവ്; ജയിക്കാന്‍ വേണ്ടത് 277 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: കഴിഞ്ഞ കുറച്ച് കാലമായി ടെസ്റ്റ് പരമ്പരയിലെ ഒന്നാം പോരാട്ടം തോല്‍ക്കുകയെന്ന ചീത്തപ്പേര് ഇത്തവണ ഇംഗ്ലണ്ട് മറികടക്കാന്‍ സാധ്യത. പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്. 

പാകിസ്ഥാനെതിരായ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വിജയിക്കാന്‍ 277 റണ്‍സ് മതി. പാകിസ്ഥാന്റെ രണ്ടാം ഇന്നിങ്‌സ് 169 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചെത്തിയത്. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് ലഞ്ചിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെന്ന നിലയിലാണ്. രണ്ട് ദിവസവും ഒന്‍പത് വിക്കറ്റും കൈയിലിരിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ ഇനി വേണ്ടത് 222 റണ്‍സ് മാത്രം. 

ഒന്നാം ഇന്നിങ്‌സില്‍ 326 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തുകയും ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 219 റണ്‍സില്‍ അവസാനിപ്പിക്കുകയും ചെയ്ത് 107 റണ്‍സിന്റെ ലീഡും സ്വന്തമാക്കിയ പാകിസ്ഥാന് രണ്ടാം ഇന്നിങ്‌സില്‍ ആ മികവ് നിലനിര്‍ത്താന്‍ കഴിയാതെ പോയി. അവരുടെ രണ്ടാം ഇന്നിങ്‌സ് പോരാട്ടം 169 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇംഗ്ലീഷ് ടീം മത്സരത്തിലേക്ക് തിരികെയെത്തിയത്. 

രണ്ടാം ഇന്നിങ്‌സില്‍ റോറി ബേണ്‍സിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഓപണറായ താരം പത്ത് റണ്‍സില്‍ പുറത്തായി. മുഹമ്മദ് അബ്ബാസിനാണ് വിക്കറ്റ്. 26 റണ്‍സുമായി സിബ്‌ലിയും 18 റണ്‍സുമായി ക്യാപ്റ്റന്‍ ജോ റൂട്ടുമാണ് ക്രീസില്‍. 

നേരത്തെ മൂന്ന് വിക്കറ്റെടുത്ത സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ക്രിസ് വോക്‌സ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ ചേര്‍ന്നാണ് പാകിസ്ഥാനെ ഒതുക്കിയത്. പാക് നിരയില്‍ ആര്‍ക്കും കൃത്യമായ ഒരു കൂട്ടുകെട്ടുണ്ടാക്കാന്‍ സാധിക്കാതെ പോയി. എട്ടാമനായി ഇറങ്ങി 24 പന്തില്‍ 33 റണ്‍സ് അടിച്ചെടുത്ത യാസിര്‍ ഷാ ആണ് രണ്ടാം ഇന്നിങ്‌സില്‍ പാക് ടീമിന്റെ ടോപ് സ്‌കോററായത്. ആസാദ് ഷഫീഖ് 29ഉം മുഹമ്മദ് റിസ്വാന്‍ 27ഉം റണ്‍സെടുത്തു. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറിയടിച്ച് ടീമിനെ 300 കടത്തിയ ഷാന്‍ മസൂദ് രണ്ടാം ഇന്നിങ്‌സില്‍ സംപൂജ്യനായി മടങ്ങിയതും അവര്‍ക്ക് തിരിച്ചടിയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

തേന്‍ എടുക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു, മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്

യുവാവ് കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ