കായികം

സിക്സർ തൂക്കി 250, മറ്റൊരു സിക്സിൽ 300; എങ്ങും പോയിട്ടില്ല, സർഫറാസ് ഇവിടെത്തന്നെയുണ്ട്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓർമയില്ലേ സർഫറാസ് ഖാനെ. 17ാം വയസിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ വണ്ടർ കിഡായി അവതരിച്ച അതേ സർഫറാസ് ഖാൻ.  ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടി തട്ടുപൊളിപ്പൻ ബാറ്റിങ്ങിലൂടെയാണ് അന്ന് താരം ശ്രദ്ധ കവർന്നത്. ഐപിഎല്ലിലെ മിന്നൽ പ്രകടനത്തിനു ശേഷം വിസ്മൃതിയിലാണ്ടു പോയ സർഫറാസ് ഇതാ മറ്റൊരു ​ഗംഭീര ഇന്നിങ്സുമായി ആരാധകരെ ആവേശം കൊള്ളിക്കുന്നു. 

ഇക്കുറി രഞ്ജി ട്രോഫിയിലാണ് താരം ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത്. ഉത്തർപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയാണ് സർഫറാസ് കരുത്തുകാട്ടിയത്. ഇതോടെ, മുംബൈയ്ക്കായി ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ഏഴാമത്തെ മാത്രം താരമെന്ന നേട്ടവും സർഫറാസ് സ്വന്തമാക്കി. തന്റെ പഴയ ടീമിനെതിരെയാണ് സർഫറാസിന്റെ ട്രിപ്പിൾ നേട്ടമെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ സീസണിന്റെ ആരംഭം വരെ ഉത്തർപ്രദേശിനായി കളിച്ചിരുന്ന സർഫറാസ് പിന്നീട് മുംബൈയിലേക്ക് മാറുകയായിരുന്നു. 

മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഉത്തർപ്രദേശ് 159.3 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 625 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്ക് സ്കോർ ആറിൽ നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. 128 റൺസിനിടെ നാല് വിക്കറ്റ് നഷ്ടമായി തകർച്ചയിലേക്കു നീങ്ങുമ്പോഴാണ് സർഫറാസ് രക്ഷകനായി എത്തുന്നത്. അഞ്ചാം വിക്കറ്റിൽ സിദ്ധേഷ് ലാഡിനെ കൂട്ടുപിടിച്ച് ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി മുംബൈ ഇന്നിങ്സിനെ നിർത്തിയ സർഫറാസ്, ക്യാപ്റ്റൻ ആദിത്യ താരെയ്ക്കൊപ്പം ഇരട്ട സെഞ്ച്വറിയുടെ വക്കിലെത്തിയ മറ്റൊരു കൂട്ടുകെട്ടിലൂടെ ടീമിനെ ലീഡിലേക്കും നയിച്ചു. 

ഏഴാം വിക്കറ്റിൽ ഷംസ് മുലാനിയെ കൂട്ടുപിടിച്ച് സർഫറാസ് വീണ്ടും സെഞ്ച്വറി കൂട്ടുകെട്ടു തീർത്തു. ഇതിനിടെ തകർപ്പനൊരു സിക്സിലൂടെയാണ് സർഫറാസ് 250 പിന്നിട്ടത്. 300 കടന്നതും മറ്റൊരു സിക്സിലൂടെത്തന്നെ. മത്സരത്തിലാകെ 397 പന്തുകൾ നേരിട്ട സർഫറാസ് 30 ഫോറും എട്ട് സിക്സും സഹിതം 301 റണ്‍സുമായി പുറത്താകാതെ നിന്നു. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 688 റൺസെടുത്ത മുംബൈ ഒന്നാം ഇന്നിങ്സ് ലീഡും സ്വന്തമാക്കി. മത്സരം സമനിലയിൽ അവസാനിച്ചതോടെ ലീഡിന്റെ പിൻബലത്തിൽ മുംബൈയ്ക്ക് മൂന്നു പോയിന്റ് ലഭിച്ചു.

2009ൽ രോഹിത് ശർമ ട്രിപ്പിൾ സെഞ്ച്വറി നേടിയ ശേഷം ഒരു പതിറ്റാണ്ടു പിന്നിടുമ്പോഴാണ് സർഫറാസിലൂടെ മറ്റൊരു മുംബൈ താരം വീണ്ടും ട്രിപ്പിൾ നേടുന്നത്. ഇതോടെ, സുനിൽ ഗാവസ്കർ, സഞ്ജയ് മഞ്ജരേക്കർ, രോഹിത് ശർമ, അജിത് വഡേക്കർ, വസിം ജാഫർ, വിജയ് മെർച്ചന്റ് തുടങ്ങിയ മഹാരഥൻമാർക്കൊപ്പമെത്താനും സർഫറാസിനായി. വസിം ജാഫർ മുംബൈക്കായി രണ്ട് ട്രിപ്പിൾ സെഞ്ച്വറികൾ നേടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി