കായികം

'കോവിഡ് ടെസ്റ്റ്' വിജയിച്ച് വിന്‍ഡീസ് ; ഇംഗ്ലണ്ടിനെ തകര്‍ത്തത് നാലു വിക്കറ്റിന് ; എറിഞ്ഞിട്ടത് ഗബ്രിയേല്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിന് ഗംഭീര വിജയം. നാലുവിക്കറ്റിനാണ് വിന്‍ഡീസ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. വിജയലക്ഷ്യമായ 200 റണ്‍സ് വിന്‍ഡീസ് ആറുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ക്രിക്കറ്റ് 116 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് പുനരാരംഭിച്ചത്. 

ജയിക്കാന്‍ 200 റണ്‍ ലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസിന് ക്ഷമയോടെ ബാറ്റ് ചെയ്ത ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡാണ് ( 95) വിജയമൊരുക്കിയത്. താരതമ്യേന ചെറിയ ലക്ഷ്യവുമായി കളി തുടങ്ങിയ വിന്‍ഡീസിന് തുടക്കം പിഴച്ചു. നാലാം ഓവറില്‍ ഓപ്പണര്‍ ജോണ്‍ കാംപെല്‍ (1) പരിക്കേറ്റ് പുറത്തായി. ആറാം ഓവറില്‍ ക്രെയ്ഗ് ബ്രത്‌വെയ്റ്റിനെ (4) വീഴ്ത്തി ജോഫ്ര ആര്‍ച്ചെര്‍ ഇംഗ്ലണ്ടിന് മികച്ച തുടക്കം നല്‍കി. പകരമെത്തിയ ഷമര്‍ ബ്രൂസ് പൂജ്യനായി മടങ്ങിയതോടെ ഇംഗ്ലീഷ് ബൗളര്‍മാര്‍ വിജയം മണത്തു. 

ഷായ്‌ഹോപിനെ (9) മാര്‍ക്ക്‌വുഡ് ബൗള്‍ഡാക്കിയതോടെ വിന്‍ഡീസ് 12–ാം ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്ണിലേക്ക് കൂപ്പുകുത്തി. എന്നാല്‍ നാലാം വിക്കറ്റില്‍ റോസ്റ്റണ്‍ ചേസും ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡും ചേര്‍ന്ന് പ്രതിരോധമൊരുക്കി. ഈ കൂട്ടുകെട്ട് 73 റണ്ണടിച്ചു. ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ ചേസിനെ (88 പന്തില്‍ 37 )ആര്‍ച്ചെര്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറുടെ കൈകളിലെത്തിച്ചു. ബ്ലാക്ക്‌വുഡിന് കൂട്ടെത്തിയ ഷെയ്ന്‍ ഡൗറിച്ച് (20) മികച്ച പിന്തുണ നല്‍കി.

ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്‌സില്‍ 204 റണ്‍സിന് പുറത്താക്കിയ വിന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 318 റണ്‍സ് നേടി 114 റണ്‍സിന്റെ നിര്‍ണായക ലീഡ് സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 313 റണ്‍സില്‍ അവസാനിപ്പിക്കാനും വിന്‍ഡീസിനായി. ഒന്നാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ ഗബ്രിയേല്‍ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലീഷ് നിരയില്‍ നാശം വിതച്ചു. റോസ്റ്റന്‍ ചേസ്, അല്‍സാരി ജോസഫ് എന്നിവര്‍ രണ്ട് വിക്കറ്റുകളും ഹോള്‍ഡര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

ഒന്നാം ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണര്‍മാരായ ബേണ്‍സും, സിബ്ലേയും ഭേദപ്പെട്ട തുടക്കം നല്‍കി. 72 റണ്‍സ് ഇവിടെ ഓപ്പണിങ്ങില്‍ കൂട്ടിച്ചേര്‍ത്തു. മധ്യനിരയില്‍ സ്‌റ്റോക്ക്‌സും, ക്രൗലേയും ചേര്‍ന്ന് കൂട്ടുകെട്ട് തീര്‍ത്തതോടെ ഇംഗ്ലണ്ട് മികച്ച നിലയിലേക്ക് എത്തി. 

എന്നാല്‍ 249 റണ്‍സില്‍ നില്‍ക്കുമ്പോള്‍ 46 റണ്‍സ് എടുത്ത നായകന്‍ സ്‌റ്റോക്ക്‌സിനെ ഹോള്‍ഡര്‍ മടക്കിയതോടെ ഇംഗ്ലണ്ടിന്റെ തകര്‍ച്ച ആരംഭിച്ചു. പിന്നാലെ വളരെ വേഗത്തില്‍ ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റുകള്‍ കൂടി വിന്‍ഡീസ് വീഴ്ത്തി. ക്രൗലേ 76 റണ്‍സ് നേടി. വിൻഡീസ് ബൗളർ  ഷാനന്‍ ഗബ്രിയേല്‍ ആണ് കളിയിലെ താരം. മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ വിജയത്തോടെ വിന്‍ഡീസ് 1-0 ന് മുന്നിലെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത