കായികം

5 സിക്‌സ് പറത്തി ഹീലിയുടെ തച്ചുതകര്‍ക്കല്‍, ഒടുവില്‍ രാധാ യാദവിന്റെ സ്‌ട്രൈക്ക്; മികച്ച സ്‌കോറിലേക്ക് ഓസ്‌ട്രേലിയ

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ക്രിക്കറ്റ് ലോകം ഓര്‍ത്തുവെക്കുന്ന ഇന്നിങ്‌സ് പുറത്തെടുത്ത് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ എലിസ ഹീലി മടങ്ങി. തലങ്ങും വിലങ്ങും ഇന്ത്യയെ അടിച്ചു പറത്തി 39 പന്തില്‍ 75 റണ്‍സാണ് ഹീലി എടുത്തത്. അഞ്ച് തകര്‍പ്പന്‍ സിക്‌സിന്റേയേും ഏഴ് ബൗണ്ടറിയുടേയും അകമ്പടിയോടെയായിരുന്നു ഹീലിയുടെ തച്ചു തകര്‍ക്കല്‍. ഹീലിയുടെ മികവില്‍ 14 ഓവറില്‍ ഓസീസ് സ്‌കോര്‍ 134ല്‍ എത്തി.

എട്ടാം ഓവറില്‍ ഗയ്കവാദിനെ ഹീലി തുടരെ രണ്ട് വട്ടം സിക്‌സ് പറത്തി. 11ാം ഓവറില്‍ തുടരെ മൂന്ന് വട്ടമാണ് ശിഖ പാണ്ഡേയെ ബൗണ്ടറി ലൈന്‍ തൊടീക്കാതെ ഹീലി പറത്തിയത്. 30 പന്തില്‍ അര്‍ധ ശതകം പിന്നിട്ട ഹീലി ട്വന്റി20 ലോകകപ്പിലെ അതിവേഗ അര്‍ധ ശതകങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലും തന്റെ പേരെഴുതി ചേര്‍ത്തു. ഒടുവില്‍ രാധാ യാദവിനെ സിക്‌സ് പറത്താനുള്ള ശ്രമത്തിന് ഇടയില്‍ ലോങ് ഓണില്‍ വെച്ച് ഹീലി വേദ കൃഷ്ടിമൂര്‍ത്തിയുടെ കൈകളില്‍ എത്തി.

ആദ്യ അഞ്ച് ഓവറിനുള്ളില്‍ ഹീലിയേയും മൂണിയേയും പുറത്താക്കാനുള്ള ഓരോ ക്യാച്ചുകള്‍ വീതം ഇന്ത്യ നഷ്ടപ്പെടുത്തിയിരുന്നു. എക്‌സ്ട്രാ കവറില്‍ ഷഫാലി ഹീലിയെ വിട്ടുകളഞ്ഞപ്പോള്‍, തന്റെ തന്നെ ബൗളിങ്ങില്‍ മൂണിയുടെ ക്യാച്ച് ഗയ്കവാദ് നഷ്ടപ്പെടുത്തി.

ശിഖ പാണ്ഡേയെ സിക്‌സ് പറത്തിയാണ് ഹീലി ഓസീസ് സ്‌കോര്‍ നൂറ് കടത്തിയത്. 11ാം ഓവറില്‍ ശിഖ പാണ്ഡേക്കെതിരെ 23 റണ്‍സാണ് ഹീലി തകര്‍ത്തടിച്ചെടുത്തത്. പറത്തിയത് മൂന്ന് സിക്‌സും ഒരു ഫോറും. സ്പിന്നര്‍ ദീപ്തി ശര്‍മയുടെ കൈകളിലേക്ക് ന്യൂബോള്‍ നല്‍കിയാണ് ഫൈനലില്‍ ഇന്ത്യ ആക്രമണത്തിന് തുടക്കമിട്ടത്. എന്നാല്‍ ഓസീസ് ഇന്നിങ്‌സിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി എലിസ ഹീലി തുടങ്ങി. ആദ്യ ഓവറില്‍ 14 റണ്‍സാണ് ഓസ്‌ട്രേലിയ കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി