കായികം

ആദ്യ പകുതിയില്‍ പന്ത് കൈവശം വെച്ചത് 69.3 ശതമാനം, 2019-20 സീസണില്‍ മറ്റൊരു ടീമിനുമാവാത്ത നേട്ടം

സമകാലിക മലയാളം ഡെസ്ക്

പനാജി: സീസണ്‍ തോല്‍വിയോടെ തുടങ്ങിയതിന്റെ ആശങ്കയിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. 19 മത്സരങ്ങള്‍ കൂടി ഇനി മുന്‍പില്‍ നില്‍ക്കുമ്പോള്‍ തിരിച്ചു വരാന്‍ മഞ്ഞപ്പടയ്ക്ക് ഇനിയും സമയമുണ്ട്. എടികെ മോഹന്‍ ബഗാന് എതിരെ ആദ്യ പകുതിയില്‍ പുലര്‍ത്തിയ മുന്‍തൂക്കം ഇവിടെ ബ്ലാസ്റ്റേഴ്‌സിന് ഊര്‍ജം നല്‍കും. 

പന്ത് കൈവശം വെച്ച് കളിക്കുന്നതില്‍ റെക്കോര്‍ഡ് ഇടുകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് എടികെയ്ക്ക് എതിരെ ആദ്യ പകുതിയില്‍. 69.3 ശതമാനമാണ് ആദ്യ പകുതിയിലെ ബ്ലാസ്റ്റേഴ്‌സിന്റെ ബോള്‍ പൊസഷന്‍. 2019-20 സീസണില്‍ ഒരു ടീമിന് പോലും സാധിക്കാത്തതാണ് ഇത്. എന്നിട്ടും 90 മിനിറ്റ് കഴിഞ്ഞപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് തോറ്റ ടീം. 

വിസെന്റ് ഗോമസും, സിഡോഞ്ചയും പാസുകള്‍ അനായാസം നല്‍കിയെങ്കിലും സ്‌ട്രൈക്കര്‍ പൊസിഷനില്‍ നില്‍ക്കുന്ന ഗാരി ഹൂപ്പറിന് എടികെ ഡിഫന്റര്‍മാരെ മറികടക്കാന്‍ ഒരു ഘട്ടത്തിലുമായില്ല. വിങ്ങുകളില്‍ കളിച്ച നോങ്ഡാംപ, റിത്വിക് കുമാര്‍ എന്നിവര്‍ക്ക് എടികെ ഡിഫന്റര്‍മാരെ സമ്മര്‍ദത്തിലാക്കാനും സാധിച്ചില്ല.

ഹൂപ്പറിന് പിന്നില്‍ സ്വതന്ത്രമായി വികുന ഇറക്കിയ സഹല്‍ അബ്ദുല്‍ സമദും പാടെ നിരാശപ്പെടുത്തി. ഗോള്‍ മുഖത്ത് നിന്നും അഞ്ച് യാര്‍ഡ് അകലെ ഗോള്‍വല കുലുക്കാന്‍ അവസരം മുന്‍പില്‍ വന്നിട്ടും സഹല്‍ കളഞ്ഞു കുളിച്ചു. 

ഷോട്ട് ഓണ്‍ ടാര്‍ഗറ്റിലേക്ക് ഒന്ന് പോലും ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളില്‍ നിന്ന് വന്നില്ല. 67ാം മിനിറ്റില്‍ റോയ് കൃഷ്ണ ഗോള്‍ വല കുലുക്കി കഴിഞ്ഞിട്ടും മുന്നേറ്റ നിരയില്‍ അവസരങ്ങള്‍ സൃഷ്ടിക്കും വിധം കളി ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് വന്നില്ല. എടികെ മോഹന്‍ ബഗാന് എതിരായ മത്സരത്തിന് മുന്‍പ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ പറഞ്ഞത് അടുത്ത മാസം ആവുമ്പോഴേക്കും ഇതൊരു മികച്ച ടീമായിരിക്കും എന്നാണ്. 

വികുന ഐ ലീഗ് കിരീടത്തിലേക്ക് എത്തിച്ച മോഹന്‍ ബഗാന്‍ കളിക്കളത്തില്‍ ശ്രദ്ധ പിടിച്ചു പറ്റുന്ന പ്രകടനം പുറത്തെടുത്തത് 30 മത്സരങ്ങള്‍ക്ക് ശേഷമാണ്. സീസണ്‍ പുരോഗമിക്കുംതോറും ബ്ലാസ്‌റ്റേഴ്‌സ് കൂടുതല്‍ മെച്ചപ്പെടും എന്ന പ്രതീക്ഷ ഇത് ആരാധകര്‍ക്ക് നല്‍കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍