കായികം

മൂന്ന് ഓവറിനിടെ നാല് വിക്കറ്റുകൾ; തകർപ്പൻ ബൗളിങുമായി ശ്രീശാന്ത്; അഞ്ച് വിക്കറ്റ് നേട്ടം

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ബംഗളൂരു: വിജയ് ഹസാരെ ട്രോഫി പോരാട്ടത്തിൽ കേരളത്തിനായി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി എസ് ശ്രീശാന്തിന്റെ തകർപ്പൻ ബൗളിങ്. ഉത്തർപ്രദേശിനെതിരായ പോരാട്ടത്തിലാണ് ശ്രീശാന്തിന്റെ കിടിലൻ ബൗളിങ് പ്രകടനം. അവസാന മൂന്ന് ഓവറിൽ നാല് വിക്കറ്റ് ഉൾപ്പെടെ അഞ്ച് വിക്കറ്റാണ് ശ്രീശാന്ത് വീഴ്ത്തിയത്.

ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ശ്രീശാന്ത് 15 വർഷത്തിന് ശേഷമാണ് ഒരു പ്രധാന പോരാട്ടത്തിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തുന്നത്. 2006ലാണ് ശ്രീശാന്ത് അവസാനമായി അ‍ഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. 

അവസാന ഓവറുകളിൽ ശ്രീയുടെ മികവിൽ ഉത്തർപ്രദേശിനെ പിടിച്ചുകെട്ടിയ കേരളത്തിന് വിജയ് ഹസാരെ ട്രോഫിയിൽ 284 റൺസ് വിജയ ലക്ഷ്യം. സ്കോർ: യുപി– 49.4 ഓവറിൽ 283 റൺസിന് പുറത്ത്.

48–ാം ഓവറിൽ ക്യാപ്റ്റൻ ഭുവനേശ്വർ കുമാറിനെ റോജിത്തിന്റെ കൈകളിൽ എത്തിച്ച ശ്രീ, അതേ ഓവറിൽ തന്നെ മൊഹ്‌സിൻ ഖാനെ ക്ലീൻ ബൗൾഡാക്കി. 50 ഓവറിൽ അക്‌ഷദീപിനെയും ശിവം ശർമയെയും പുറത്താക്കി ശ്രീശാന്ത് യുപിയുടെ പതനം പൂർത്തിയാക്കി. 21ാം ഓവറിൽ അഭിഷേക് ഗോസ്വാമിയെ പുറത്താക്കിയായിരുന്നു ശ്രീശാന്ത് ആദ്യ വിക്കറ്റ് കൊയ്‌തത്. അവസാന നാല് വിക്കറ്റുകൾ വീഴ്ത്തിയത് മൂന്ന് ഓവറിനിടെ.

ടോസ് നേടിയ കേരളം ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കേരളത്തിനായി ക്യാപ്റ്റൻ സച്ചിൻ ബേബി രണ്ട് വിക്കറ്റും നിധീഷ്, ജലജ് സക്സേന എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

അഭിഷേക് ഗോസ്വാമി (68 പന്തിൽ 54), പ്രിയം ഗാർഗ് (59 പന്തിൽ 57), അക്‌ഷദീപ് നാഥ് (60 പന്തിൽ 68) എന്നിവരുടെ അർധ സെഞ്ച്വറിയുടെ ബലത്തിലാണ് യുപി ഭേദപ്പെട്ട നിലയിലെത്തിയത്. നാലാം വിക്കറ്റിൽ ഗാർഗും അക്‌ഷദീപും ചേർന്ന് 79 റൺസാണ് യുപി ഇന്നിങ്സിലേക്ക് കൂട്ടിച്ചേർത്തത്. ഇരുവരും അനായാസം യുപിയെ 300 കടത്തുമെന്നാണ് ആദ്യം കരുതിയത്.

എന്നാൽ 43ാം ഓവറിൽ ഗർഗിനെ റണ്ണൗട്ടാക്കി സച്ചിൻ ബേബി ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ എത്തിയ ഉപേന്ദ്ര യാദവിനെയും സച്ചിൻ സഞ്ജുവിന്റെ കൈകളിൽ എത്തിച്ചു. എങ്കിലും ഒരറ്റത്ത് അക്‌ഷദീപ് ഉറച്ചു നിന്നു. 47ാം ഓവറിൽ സമീർ ചൗധരിയെ നിധീഷ് പുറത്താക്കി. ഇതിനു പിന്നാലെയാണ് ശ്രീശാന്തിന്റെ തകർപ്പൻ സ്പെൽ. 

കരൺ ശർമ (58 പന്തിൽ 34), റിങ്കു സിങ് (26), ഉപേന്ദ്ര യാദവ് (7 പന്തിൽ 12), സമീർ ചൗധരി (7 പന്തിൽ 10), ഭുവനേശ്വർ കുമാർ (3 പന്തിൽ 1), മൊഹ്‌സിൻ ഖാൻ ( 2 പന്തിൽ 6), ശിവം ശർമ (5 പന്തിൽ 7) എന്നിങ്ങനെയാണ് മറ്റു യുപി ബാറ്റ്സ്മാന്മാരുടെ സ്കോറുകൾ. കാർത്തിക് ത്യാഗി (പൂജ്യം*) പുറത്താകാതെ നിന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍