കായികം

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; കടുത്ത നടപടിയുമായി ശ്രീലങ്ക, മൂന്ന് കളിക്കാരേയും ഒരു വര്‍ഷത്തേക്ക് വിലക്കി

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച മൂന്ന് കളിക്കാരെ ഒരു വര്‍ഷത്തേക്ക് ക്രിക്കറ്റില്‍ നിന്ന് വിലക്കി ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനത്തിന് ഇടയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച ഉപനായകന്‍ കുശാല്‍ മെന്‍ഡിസ്, ഓപ്പണര്‍ ധനുഷ്‌ക ഗുണതിലക, വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്വെല്ല എന്നിവര്‍ക്കാണ് വിലക്ക്. 

ഒരു വര്‍ഷം നീളുന്ന വിലക്കിനൊപ്പം 50000 ഡോളര്‍ പിഴയും ഇവര്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിന്റെ തലേന്ന് രാത്രി ഡര്‍ഹാമില്‍ മാസ്‌ക് പോലും ധരിക്കാതെ മൂവരും ചുറ്റുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

സമൂഹമാധ്യമങ്ങളില്‍ ഇവരുടെ ദൃശ്യങ്ങള്‍ വൈറലാവുകയും ശ്രിലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തതോടെ മൂവരേയും നാട്ടിലേക്ക് തിരികെ വിളിച്ചു. ഇവരുടെ പ്രവര്‍ത്തി ശ്രീലങ്കന്‍ ക്രിക്കറ്റിനും രാജ്യത്തിനും നാണക്കേടുണ്ടാക്കി എന്ന് ബോര്‍ഡ് വിലയിരുത്തി. 

മൂന്ന് പേര്‍ക്കെതിരേയും രണ്ട് വര്‍ഷത്തെ വിലക്കാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ഒരു വര്‍ഷം സസ്‌പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തിന് ശേഷം വിലക്ക് മാറി കഴിയുമ്പോള്‍ അവര്‍ പിന്നെ പ്രൊബേഷനിലാവും. ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിയോഗിച്ച അഞ്ചംഗ സംഘമാണ് മൂവരും കുറ്റക്കാരെന്ന് കണ്ടെത്തിയത്. 

ടീം മാനേജ്‌മെന്റിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും മറ്റ് കോവിഡ് പ്രോട്ടോക്കോളുകള്‍ക്കും വില കല്‍പ്പിക്കാതെ തങ്ങളുടേയും സഹ കളിക്കാരുടേയും മറ്റ് സ്റ്റാഫുകളുടേയും സുരക്ഷക്ക് ടീം ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങിയതോടെ ഇവര്‍ ഭീഷണി ഉയര്‍ത്തിയതായി ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കണ്ടെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ