കായികം

ലൈം​ഗിക ചുവയുള്ള, വംശീയ അധിക്ഷേപ ട്വീറ്റുകൾ; അരങ്ങേറ്റ ദിവസം തന്നെ നാണംകെട്ട് ഇം​ഗ്ലണ്ട് പേസർ; മാപ്പ് പറഞ്ഞ് തടിയൂരി

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയതിന് പിന്നാലെ ഇത്തരത്തിലൊരു നാണക്കേട് ഇം​ഗ്ലണ്ട് പേസർ ഒലി റോബിൻസൻ സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല. ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ അരങ്ങേറിയ ഒലി റോബിൻസന് എട്ട് വർഷങ്ങൾക്ക് മുൻപ് താരം നടത്തിയ വംശീയ അധിക്ഷേപ, ലൈം​ഗിക ചുവയുള്ള ട്വീറ്റുകളുടെ പേരിലാണ് കരിയറിലെ നിർണായക ദിവസത്തിൽ തന്നെ താരത്തിന് നാണംകെട്ട് തല കുനിക്കേണ്ടി വന്നത്.

ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ദിനം രണ്ട് വിക്കറ്റുമായി റോബിൻസൺ തിളങ്ങിയതിന് പിന്നാലെയാണ് എട്ട് വർഷം മുമ്പ് ട്വിറ്ററിൽ താരം നടത്തിയ വംശീയ പരാമർശങ്ങളടങ്ങിയ ട്വീറ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും വ്യാപകമായി പ്രചരിച്ചത്.

ആദ്യ ദിവസത്തെ മത്സരത്തിനു ശേഷം മാധ്യമങ്ങളെ കണ്ട റോബിൻസൻ കരിയറിലെ ഏറ്റവും സുപ്രധാന ദിനത്തിൽ നാണക്കേടു കാരണം തനിക്ക് തല ഉയർത്താനാവില്ലെന്ന് തുറന്നു പറഞ്ഞു. എട്ട് വർഷം മുമ്പ് ട്വിറ്ററിൽ നടത്തിയ ലൈം​ഗികച്ചുവയുള്ളതും വംശീയമായി അധിക്ഷേപിക്കുന്നതുമായ പരാമർശങ്ങളുടെ പേരിൽ മാപ്പ് പറയുന്നുവെന്നും കരച്ചിലിന്റെ വക്കോളമെത്തിയ റോബിൻസൻ മാധ്യമങ്ങളോട് പറഞ്ഞു. ആ ട്വീറ്റുകൾ ഇപ്പോഴും അവിടെയുണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും താനൊരിക്കലും വംശവെറിയനോ ലൈം​ഗികച്ചുവയോടെ സംസാരിക്കുന്ന വ്യക്തിയോ അല്ലെന്നും റോബിൻസൻ വ്യക്തമാക്കി.

ആ കാലത്ത് ചിന്താശേഷിയില്ലാതെ ചെയ്ത കാര്യങ്ങളാണെങ്കിലും അതൊരു ഒഴിവുകഴിവല്ലെന്നും പരാമർശങ്ങളിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും റോബിൻസൻ വ്യക്തമാക്കി. വ്യക്തിയെന്ന നിലയിൽ താൻ ഏറെ പക്വത നേടിയെന്നും അതുകൊണ്ടുതന്നെ പക്വതയില്ലാത്ത കാലത്ത് നടത്തിയ പരാമർങ്ങളുടെ പേരിൽ മാപ്പ് പറയുന്നുവെന്നും റോബിൻസൻ വ്യക്തമാക്കി.

കൗമാരകാലത്ത് യോർക്ക്ഷെയറിൽ നിന്ന് പുറത്താക്കപ്പെട്ട സമയത്ത് മാനസികമായി ആകെ തകർന്നിരിക്കുമ്പോൾ നടത്തിയ ട്വീറ്റുകളാണ് അത്. അതെല്ലാം ഇപ്പോഴും അവിടെയുണ്ടാകുമെന്ന് കരുതിയില്ല, എങ്കിലും അന്ന് നടത്തിയ പരമാർശങ്ങളുടെ പേരിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു- റോബിൻസൻ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം