കായികം

ചങ്കിടിക്കുന്നത് ഇന്ത്യയ്ക്ക്! ഉജ്ജ്വല വിജയവുമായി ന്യൂസിലൻഡ്; രണ്ട് പതിറ്റാണ്ടിന് ശേഷം ഇം​ഗ്ലണ്ടിൽ പരമ്പര നേട്ടം

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കം ഉജ്ജ്വലമാക്കി ന്യൂസിലൻഡ് ടീം. ഇം​ഗ്ലണ്ടിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര സ്വന്തമാക്കി കിവികൾ ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. രണ്ട് പതിറ്റാണ്ടിനു ശേഷം ഇംഗ്ലണ്ട് മണ്ണിൽ ടെസ്റ്റ് പരമ്പര വിജയമെന്ന നേട്ടവും ന്യൂസിലൻഡിന് സ്വന്തം. 

സ്കോർ: ഇം​ഗ്ലണ്ട് ഒന്നാം ഇന്നിങ്സ് 303 റൺസ്, രണ്ടാം ഇന്നിങ്സ് 122 റൺസ്. ന്യൂസിലൻഡ് ഒന്നാം ഇന്നിങ്സിൽ 388 റൺസ്, രണ്ടാം ഇന്നിങ്സിൽ രണ്ടിന് 41 റൺസ്. 

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ എട്ട് വിക്കറ്റ് വിജയം നേടിയ ന്യൂസിലൻഡ്, രണ്ട് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പര1-0ത്തിനാണ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ 122 റൺസിന് ആതിഥേയരെ എറിഞ്ഞിട്ട ന്യൂസിലൻഡ്, വിജയലക്ഷ്യമായ 41 റൺസ് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു. മത്സരത്തിലാകെ നിർണായകമായ ആറ് വിക്കറ്റുകൾ പിഴുത മാറ്റ് ഹെൻറിയാണ് കളിയിലെ കേമൻ. ന്യൂസിലൻഡ് താരം ഡിവോൺ കോൺവേ, ഇംഗ്ലിഷ് താരം റോറി ബേൺസ് എന്നിവർ പരമ്പരയുടെ താരങ്ങളായി.

ഒന്നര ദിവസത്തിലധികം കളി ബാക്കി നിൽക്കെയാണ് ന്യൂസിലൻഡിന്റെ ജയം. ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു.1999നു ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ടിൽ ന്യൂസിലൻഡ് ടെസ്റ്റ് പരമ്പര ജയിക്കുന്നത്.

ഇംഗ്ലണ്ടിലെ സതാംപ്ടനിൽ നടക്കുന്ന ലോക ടെസ്റ്റ് ചാപ്യൻഷിപ്പ് ഫൈനലിൽ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ പ്രമുഖ താരങ്ങളെ കൂടാതെ കിവീസ് തകർപ്പൻ വിജയമാണ് പിടിച്ചെടുത്തത്. പരിക്കിന്റെ ലക്ഷണങ്ങളെ തുടർന്ന് ക്യാപ്റ്റൻ കെയ്ൻ വില്യംസന് വിശ്രമം അനുവദിച്ചതോടെ ഓപ്പണർ ടോം ലാതമാണ് രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിനെ നയിച്ചത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ മുൻനിർത്തി ആദ്യ ടെസ്റ്റിൽ കളിച്ച ടീമിൽ വില്യംസൻ ഉൾപ്പെടെ കിവീസ് ആറ് മാറ്റങ്ങളാണ് വരുത്തിയത്.

നിർണായകമായ മൂന്നാം നമ്പറിൽ താരതമ്യേന പുതുമുഖമായ വിൽ യങ്, ഒൻപതു ടെസ്റ്റുകളുടെ മാത്രം പരിചയമുള്ള സ്പിന്നർ അജാസ് പട്ടേൽ, ഇംഗ്ലണ്ടിൽ ആദ്യ ടെസ്റ്റ് കളിക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടോം ബ്ലണ്ടൽ തുടങ്ങിയ പരിമിതികൾ മറികടന്നാണ് ന്യൂസിലൻഡിന്റെ വിജയം. ആദ്യ ടെസ്റ്റിൽ തിളങ്ങിയ പേസ് ബോളർ ടിം സൗത്തിയും വിശ്രമം ലഭിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുന്നു.

ഒന്നാം ഇന്നിങ്സിൽ ഓപ്പണർ റോറി ബേൺസ് (81), ഡാനിയൽ ലോറൻസ് (81*) എന്നിവരുടെ അർധ സെഞ്ച്വറികൾ കരുത്താക്കി ഇംഗ്ലണ്ട് 303 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ യുവ താരങ്ങളായ ഡിവോൺ കോൺവേ (80), വിൽ യങ് (82), വെറ്ററൻ താരം റോസ് ടെയ്‍ലർ (80) എന്നിവർ തിളങ്ങിയതോടെ ന്യൂസിലൻഡ് 388 റൺസെടുത്തു. 85 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്.

എന്നാൽ രണ്ടാം ഇന്നിങ്സിൽ ആതിഥേയർക്ക് അടിപതറിയതോടെ ന്യൂസിലൻഡിന് കാര്യങ്ങൾ എളുപ്പമായി. 38 പന്തിൽ 29 റൺസുമായി പേസ് ബോളർ മാർക്ക് വുഡ് ടോപ് സ്കോററായ ഇന്നിങ്സിൽ ഇംഗ്ലണ്ട് 122 റൺസിന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം പിഴുത മാറ്റ് ഹെൻറി, നീൽ വാഗ്‍നർ, രണ്ട് വിക്കറ്റ് വീതം പിഴുത ട്രെന്റ് ബോൾട്ട്, അജാസ് പട്ടേൽ എന്നിവർ ചേർന്നാണ് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയത്.

താരതമ്യേന ദുർബലമായ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ന്യൂസിലൻഡ് അനാവശ്യമായി രണ്ട് വിക്കറ്റുകൾ വലിച്ചെറിഞ്ഞെങ്കിലും വിജയത്തിലെത്തി. ക്യാപ്റ്റൻ ടോം ലാതം 32 പന്തിൽ 23 റൺസുമായി പുറത്താകാതെ നിന്നു. റോസ് ടെയ്‍ലറായിരുന്നു (0) കൂട്ടിന്. ഓപ്പണർ ഡിവോൺ കോൺവേ (3), വിൽ യങ് (8) എന്നിവരാണ് പുറത്തായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി