കായികം

'ആ നീക്കം പമ്പര വിഡ്ഢിത്തം'- അശ്വിനെ വൺ‍ഡൗണാക്കിയ രാജസ്ഥാന്റെ പാളിയ തന്ത്രം; വിമർശനം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ ​ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാന്റെ തോൽവി ഒരർഥത്തിൽ അവർ ചോദിച്ച് വാങ്ങിയതാണെന്ന് പറയാം. വൺഡൗണായി ആർ അശ്വിനെ ഇറക്കിയ അവരുടെ തീരുമാനം അപ്പാടെ പാളി. ടീമിന്റെ തീരുമാനത്തെ വിമർശിച്ച് മുൻ താരങ്ങളും രം​ഗത്തു വന്നു. 

193 റൺസ് വിജയ ലക്ഷ്യം പിന്തുടരുമ്പോ‌ഴാണ് രാജസ്ഥാൻ അമ്പരപ്പിക്കുന്ന തീരുമാനം എടുത്തത്. ഓപ്പണർ ദേവ്ദത്ത് പടിക്കൽ പുറത്തായതിനു പിന്നാലെയാണ് ക്യാപ്റ്റൻ സഞ്ജു സാംസണിനു പകരം അശ്വിനെ രാജസ്ഥാൻ കളത്തിലിറക്കിയത്. മത്സരത്തിൽ ആകെ ‌എട്ട് പന്തുകൾ മാത്രം നേരിട്ട അശ്വിൻ ഒരു സിക്സ് സഹിതം എട്ട് റൺസെടുത്ത് ഔട്ടായിരുന്നു. 

അശ്വിനെ വൺഡൗണാക്കിയ രാജസ്ഥാൻ റോയൽസിന്റെ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കറും ഓസീസ് ഓൾറൗണ്ടർ ബെൻ കട്ടിങ്ങും രം​ഗത്തു വന്നു. രാജസ്ഥാന്റെ ‌ഈ നീക്കം തികഞ്ഞ വിഡ്ഢിത്തമായെന്ന് സഞ്ജയ് മഞ്ജരേക്കർ അഭിപ്രായപ്പെട്ടു. മറുവശത്ത് തകർപ്പൻ ഫോമിലായിരുന്ന ജോസ് ബട്‍ലറിനൊപ്പം സഞ്ജു സാംസണിനെപ്പോലെ ഒരു താരമായിരുന്നെ‌ങ്കിൽ രാജസ്ഥാന് മികച്ച തുടക്കം ലഭിക്കുമായിരുന്നുവെന്നും മഞ്ജരേക്കർ ചൂണ്ടിക്കാട്ടി. അശ്വിനെ വൺഡൗണായി അയച്ച രാജസ്ഥാന്റെ തീരുമാനം ഞെട്ടിച്ചെന്ന് ഇപ്പോ‌ഴും ടി20 ലീഗുകളിൽ സജീവമായ ഓസീസ് താരം ബെൻ കട്ടിങ് പറഞ്ഞു.‌

’സഞ്ജുവായിരുന്നു അടുത്തതായി ഇറങ്ങേണ്ടിയിരുന്നത്. പകരം അശ്വിനെ നേരെ മൂന്നാമനായി ബാറ്റിങ്ങിന് അയച്ചു. മറുവശത്ത് ബട്‍ലർ സ്വതസിദ്ധമായ ശൈലിയിൽ തകർത്തടിക്കുകയായിരുന്നു. വന്നപാടെ നാലുപാടും തകർത്തടിക്കുന്ന ആ പഴയ പിഞ്ച് ഹിറ്റർ ശൈലിയിലുള്ള പരീക്ഷണം നമുക്കു മനസിലാക്കാം. പക്ഷേ ഒരു വശത്ത് ബട്‍ലർ തകർത്തടിക്കുമ്പോ‌ൾ അശ്വിനെ ഇറക്കിയത് എന്തൊരു നീക്കമാണ്? ഒട്ടും മനസിലാകുന്നില്ല.’

‘ഇത്തരമൊരു നീക്കത്തിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നാണ് എനിക്കു തോന്നിയത്. കാരണം, 215– 220 റൺസ് പോലുള്ള വലിയ വിജയ ലക്ഷ്യം പിന്തുടരുമ്പോ‌ൾ അത്ര എളുപ്പത്തിൽ റണ്ണടിക്കാനാകുമോ എന്ന് സം‌ശയം തോന്നുമ്പോ‌ഴാണ് സാധാരണ ഇത്തരമൊരു പരീക്ഷണം നടത്തുന്നത്. ബട്‍ലർ മികച്ച ഫോമിലായിരുന്നു. അതുകൊണ്ട് അശ്വിനെ അയയ്ക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ഇത്ര വലിയ സ്കോർ പിന്തുടാരാനാകുമോയെന്ന് സം‌ശയമുണ്ടെ‌ന്നാണ് ഈ നീക്കത്തിലൂടെ രാജസ്ഥാൻ റോയൽസ് എതിരാളികളോടു സമ്മതിച്ചത്’ – മഞ്ജരേക്കർ പറഞ്ഞു.

’അശ്വിനെ മൂന്നാം നമ്പറിൽ അയച്ചതോടെ, ഇത്രയും വലിയ വിജയ ലക്ഷ്യം മറികടക്കാനുള്ള ആത്മവിശ്വാസം ടീമിനില്ലെന്ന് രാജസ്ഥാൻ റോയൽസ് എതിരാളികൾക്കു മുന്നിൽ സമ്മതിക്കുകയാണ് ചെയ്തത്. ആ നീക്കം തികഞ്ഞ വിഡ്ഢിത്തമായെന്നാണ് എന്റെ അഭിപ്രായം. ഇതിലും മോ‌ശം വാക്കാണ് ഉപയോഗിക്കേണ്ടത്. ഞാനതു ചെയുന്നില്ല’– മഞ്ജരേക്കർ വ്യക്തമാക്കി. 

‘ഇത്തരം പരീക്ഷണങ്ങൾ നിരാശപ്പെടുത്തുന്നു. കളിക്കിടെ സം‌ഭവിക്കുന്ന പാളിച്ചകൾ മനസിലാക്കാം. പക്ഷേ, അശ്വിനെ വൺഡൗണായി അയയ്ക്കുന്നത് അങ്ങനെയാണോ‌? കഴിഞ്ഞ കളിയിൽ  അശ്വിൻ റിയാൻ പരാഗിനു മുൻപ് ബാറ്റിങ്ങിന് വന്നു. സത്യത്തിൽ എന്താണ് സംഭവിക്കുന്നത്?’ – മഞ്ജരേക്കർ ചോദിച്ചു. 

‘ഞാനും ആ നീക്കത്തിൽ വിസ്മയിച്ചു പോയി. അതിവേഗത്തിൽ റൺസ് സ്കോർ ചെയ്യേ‌ണ്ട സമയത്ത് അശ്വിനെ ഇറക്കിയത് ശരിയായില്ല. ആ സമയത്ത് ഇറക്കാൻ പറ്റിയ കൂടുതൽ നല്ല താരങ്ങൾ തീർച്ചയായും രാജസ്ഥാൻ നിരയിലുണ്ടായിരുന്നു’ – കട്ടിങ് ചൂണ്ടിക്കാട്ടി.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു