കായികം

‘പണം പ്രശ്നമേ ആയിരുന്നില്ല, ബാം​ഗ്ലൂരിനൊപ്പം തുടരാൻ ആ​ഗ്രഹിച്ചു, പക്ഷേ...‘- വെളിപ്പെടുത്തി ചഹൽ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ കഴിഞ്ഞ സീസൺ വരെ റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരിന്റെ നിർണായക താരമായിരുന്നു സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ. എന്നാൽ ഇത്തവണ നിലനിർത്തിയ താരങ്ങളുടെ പട്ടികയിൽ ചഹൽ ഇടംപിടിച്ചില്ല. താരം ലേലത്തിൽ ഇത്തവണ രാജസ്ഥാൻ റോയൽസിൽ എത്തി. ഇപ്പോഴിതാ താൻ എന്തുകൊണ്ട് ആർസിബിയിൽ നിന്ന് ഒഴിവായി എന്നത് സംബന്ധിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ചഹൽ. 

ടീമിൽ നിലനിർത്തുന്ന കാര്യത്തെക്കുറിച്ച് ആർസിബി അധികൃതർ സംസാരിച്ചിട്ടു പോലുമില്ലെന്ന് ചഹൽ വ്യക്തമാക്കി. കഴിഞ്ഞ എട്ട് സീസണുകളിലായി ബാംഗ്ലൂരിനായി കളിച്ച ചഹലിനെ, ഇത്തവണത്തെ താര ലേലത്തിൽ 6.5 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. പണത്തിനായല്ല താൻ ടീം മാറിയതെന്നും ടീമിൽ നിലനിർത്തുന്നതിനെക്കുറിച്ച് ആർസിബി അധികൃതർ സംസാരിച്ചിട്ടേയില്ലെന്നും ചഹൽ വെളിപ്പെടുത്തിയത്.

2014 മുതൽ 2021 വരെ തുടർച്ചയായി എട്ട് സീസണുകളിലാണ് ബാംഗ്ലൂരിനായി ചഹൽ കളിച്ചത്. ഇത്തവണ ലേലത്തിൽ രാജസ്ഥാൻ റോയൽസ് വാങ്ങിയതോടെ, ആ ടീമിലേക്കുള്ള ചഹലിന്റെ തിരിച്ചുവരവു കൂടിയാണിത്. 2010ൽ രാജസ്ഥാൻ താരമായിരുന്നു ചഹൽ. പക്ഷേ, ഒരു കളിയിൽപ്പോലും അന്ന് അവസരം ലഭിച്ചില്ല. 

ഐപിഎൽ കരിയറിൽ ആകെ കളിച്ച 114 മത്സരങ്ങളിൽ 113 മത്സരങ്ങളും ആർസിബിക്കായാണ് ചഹൽ കളിച്ചത്. 139 വിക്കറ്റുകളും സ്വന്തമാക്കി. 2013ൽ മുംബൈ ഇന്ത്യൻസിനായി രോഹിത് ശർമയ്ക്കു കീഴിൽ ഒരു മത്സരം കളിച്ചു. എട്ട് വർഷം തുടർച്ചയായി കളിച്ച ബാം​ഗ്ലൂരുമായി വൈകാരികമായ അടുപ്പം ഉണ്ടായിരുന്നതായും ചഹൽ പറയുന്നു. 

‘ആർസിബിയുമായി എനിക്ക് വളരെ വൈകാരികമായ ബന്ധമാണ് ഉണ്ടായിരുന്നത്. പ്രത്യേകിച്ചും ആരാധകരുമായി. മറ്റൊരു ടീമിനായി ഐപിഎലിൽ കളിക്കേണ്ടി വരുമെന്ന് കരുതിയിട്ടേയില്ല. എന്തിനാണ് കൂടുതൽ പണം ആവശ്യപ്പെട്ട് ആർസിബി വിട്ടതെന്ന് ഇപ്പോഴും ഒട്ടേറെ ആരാധകർ എന്നോടു ചോദിക്കുന്നുണ്ട്. പക്ഷേ, ടീമിൽ നിലനിർത്തുന്നതിനെക്കുറിച്ച് ബാംഗ്ലൂർ ടീം എന്നോട് സംസാരിച്ചിട്ടു പോലുമില്ല എന്നതാണ് വാസ്തവം.’

‘ആർസിബിയുടെ ക്രിക്കറ്റ് ഡയറക്ടറായ മൈക്ക് ഹെസ്സൻ എന്നെ വിളിച്ച് വിരാട് കോഹ്‌ലി, ഗ്ലെൻ മാക്സ്‍വെൽ, മുഹമ്മദ് സിറാജ് എന്നിവരെ ടീം നിലനിർത്താൻ ഉദ്ദേശിക്കുന്നതായി അറിയിച്ചിരുന്നു. എനിക്ക് ആർസിബിയിൽ തുടരാൻ ആഗ്രഹമുണ്ടോയെന്ന് ചോദിച്ചു പോലുമില്ല. എന്നെ താര ലേലത്തിലൂടെ ടീമിൽ തിരിച്ചെത്തിക്കാൻ ശ്രമിക്കുമെന്ന് മാത്രമാണ് പറഞ്ഞത്. എന്നോട് പണത്തിന്റെ കാര്യമോ ടീമിൽ തുടരാൻ ആഗ്രഹമുണ്ടോയെന്നോ ചോദിച്ചിട്ടില്ല. പക്ഷേ ബാംഗ്ലൂർ ടീമിന്റെ ആരാധകരെ എനിക്കെന്നും ഇഷ്ടമാണ്.’ 

‘ഒരുപക്ഷേ, ആർസിബിയിൽ തുടരാൻ താത്പര്യമുണ്ടോയെന്ന് അവർ ചോദിച്ചിരുന്നെങ്കിൽ ഞാൻ ഉണ്ട് എന്ന് തന്നെ പറയുമായിരുന്നു. കാരണം, എന്നെ സംബന്ധിച്ച് പണത്തിന് രണ്ടാം സ്ഥാനം മാത്രമേയുള്ളൂ. എനിക്ക് കളിക്കാൻ അവസരം തന്ന ടീമാണ് ആർസിബി. അവിടുത്തെ ആരാധകരും എന്നോടു വലിയ സ്നേഹമാണ് കാണിച്ചിട്ടുള്ളത്’– ചഹൽ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു