കായികം

​ഗോളടിച്ചും ​വഴിയൊരുക്കിയും ലെവൻഡോസ്കി; അർജന്റീനയെ ഞെട്ടിച്ച സൗദിയെ പോളണ്ട് വീഴ്ത്തി

സമകാലിക മലയാളം ഡെസ്ക്

ദോഹ: അർജന്റീനയെ അട്ടിമറിച്ച് ഫുട്ബോൾ ലോകത്ത് അത്ഭുതം തീർത്ത സൗദി ആറേബ്യക്ക് ആ പ്രകടനം പുറത്തെടുക്കാൻ പോളണ്ട് അനുവദിച്ചില്ല. മറുപടിയില്ലാത്ത രണ്ട് ​ഗോളുകൾക്ക് സൗദിയെ തകർത്ത് പോളണ്ട് പ്രീ ക്വാർട്ടർ സാധ്യതകൾ സജീവമാക്കി. കൊണ്ടും കൊടുത്തും മുഴുവൻ സമയത്തും ആവേശകരമായി നിന്നു. ​ഗോൾ നേടി മത്സരം സമനിലയിൽ എത്തിക്കാനുള്ള അവസരങ്ങളെല്ലാം കുളത്തിലെത്തിച്ച സൗദിക്ക് സ്വയം പഴിക്കാം. കിട്ടിയ അവസരം സമർഥമായി വിനിയോ​ഗിച്ച പോളണ്ട് അർഹിക്കുന്ന ജയമാണ് പിടിച്ചെടുത്തത്. 

ഒരു ​ഗോൾ നേടിയും ആദ്യ ​ഗോളിന് വഴിയൊരുക്കിയും ക്യാപ്റ്റൻ റോബർട്ട് ലെവൻഡോസ്കി കളം അടക്കി വാണു. ലെവന്‍ഡോസ്‌കിക്ക് പുറമെ പിയോറ്റ് സിയെലെന്‍സ്‌കിയാണ് പോളണ്ടിനായി വല ചലിപ്പിച്ചത്. പെനാല്‍റ്റി കിക്ക് രക്ഷപ്പെടുത്തി ഗോള്‍ കീപ്പര്‍ സെസനി അതികായനായി വല കാത്തതും പോളണ്ടിന്റെ വിജയത്തില്‍ നിര്‍ണായകമായി.

മത്സരത്തിന്റെ ആദ്യ മിനിറ്റ് മുതൽ ആക്രമണ ഫുട്‌ബോളാണ് സൗദി അറേബ്യ കാഴ്ചവെച്ചത്. നിരന്തരം പോളണ്ട് ഗോള്‍ മുഖത്ത് ഇരച്ചു കയറി സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ സൗദിയ്ക്ക് സാധിച്ചു.

ആദ്യ പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത സൗദിയാണെങ്കിലും പക്ഷേ ലീഡെടുത്തത് പോളണ്ടായിരുന്നു. 39ാം മിനിറ്റില്‍ ലെവന്‍ഡോവ്‌സ്‌കിയുടെ പാസില്‍ നിന്നാണ് മിഡ്ഫീല്‍ഡര്‍ പിയോറ്റര്‍ സിയെലെന്‍സ്‌കിയാണ് ടീമിനായി വല കുലുക്കിയത്. 

44ാം മിനിറ്റില്‍ സൗദി അറേബ്യയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. അല്‍ ഷെഹ്‌രിയെ ബിയാലെക് വീഴ്ത്തിയതിനെത്തുടര്‍ന്ന് വാറിലൂടെയാണ് റഫറി പെനാല്‍റ്റി വിധിച്ചത്. സൂപ്പര്‍ താരം സാലി അല്‍ ഷെഹ്‌രിയാണ് കിക്കെടുത്തത്. എന്നാല്‍ താരത്തിന്റെ പെനാല്‍റ്റി കിക്ക് സെസനി തകര്‍പ്പന്‍ ഡൈവിലൂടെ തട്ടിയകറ്റി. 

രണ്ടാം പകുതിയിൽ പോളണ്ടും ആക്രമണം കടുപ്പിച്ചു. ഇരു ഭാ​ഗത്തും ​ഗോളവസരങ്ങളും വന്നു. പാസിങിലും പന്ത് കൈവശം വയ്ക്കുന്നതിലുമൊക്കെ സൗദി പോളണ്ടിനെ ബ​ഹുദൂരം പിന്തള്ളിയിരുന്നു. എന്നാൽ കിട്ടിയ അവസരം മുതലെടുക്കുന്നതിൽ പോളണ്ടാണ് വിജയിച്ചത്. 

മത്സരം കൊണ്ടു കൊടുത്തും മുന്നേറവേ, കളി അവസാന മിനിറ്റുകളിലേക്ക് കടന്നപ്പോഴാണ് പോളണ്ട് രണ്ടാം ​ഗോൾ നേടിയത്. 82ാം മിനിറ്റിൽ സ്വന്തം ബോക്സിന് തൊട്ടടുത്ത് നിന്ന് പന്ത് സ്വീകരിക്കുന്നതിനിടെ അബ്​ദുല്ല അൽമൽകിയുടെ പിഴവ് ഒരു നിമിഷം പാഴാക്കാതെ മുതലാക്കിയാണ് ലെവൻഡോസ്കി ടീമിന്റെ ലീഡ് ഉയർത്തിയത്.

പന്ത് അൽമൽകിയുടെ കാലിൽ നിന്ന് തെറിച്ചപ്പോൾ തൊട്ടടുത്ത് വട്ടം ചുറ്റി നിന്ന ലെവൻഡോസ്കി അത് തട്ടിയെടുത്ത് പിഴയ്ക്കില്ലെന്ന് ഉറപ്പാക്കി ക്ലിനിക്കൽ ഫിനിഷിങിലൂടെ വലയിലിട്ടു. ഈ ആഘാതത്തിൽ നിന്ന് പിന്നെ സൗദിക്ക് തിരിച്ചു വരാൻ സാധിച്ചില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു