കായികം

ക്ലബിന്റെ വൈസ് പ്രസിഡന്റിനെ അനുസ്മരിച്ച് നന്ദി; വിയ്യാറയല്‍ താരത്തിന് ചുവപ്പ് കാര്‍ഡ്! 

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ പോരാട്ടത്തില്‍ കഴിഞ്ഞ ദിവസം നടന്ന വിയ്യാറയല്‍- അല്‍മേരിയ പോരാട്ടം വിവാദത്തില്‍. മത്സരത്തില്‍ വിയ്യാറയല്‍ നാടകീയ വിജയം സ്വന്തമാക്കിയിരുന്നു. 2-1നാണ് ഉനയ് എമ്‌റിയുടെ സംഘം മൂന്ന് പോയിന്റുകള്‍ പിടിച്ചെടുത്തത്. മത്സരത്തില്‍ ടീമിനായി ആദ്യ ഗോള്‍ നേടിയ അലക്‌സ് ബയേനയെ കളിയുടെ അവസാന ഘട്ടത്തില്‍ റഫറി ചുവപ്പ് കാര്‍ഡ് കാണിച്ച് പുറത്താക്കിയതാണ് വിവാദത്തിലേക്ക് നയിച്ചത്. 

റഫറിയുടെ നടപടിയില്‍ വിയ്യാറയല്‍ ആരാധകര്‍ കലിപ്പിലായതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്. ബയേനയ്ക്ക് പിന്നാലെ മാനു മൊര്‍ലാനെസിനേയും റഫറി ചുവപ്പ് കാണിച്ച് പുറത്താക്കിയതോടെ ഒന്‍പത് പേരെ വച്ചാണ് വിയ്യാറയല്‍ മത്സരം പൂര്‍ത്തിയാക്കിയത്. എന്നിട്ടും അവര്‍ ഇഞ്ച്വറി ടൈമിലെ ഗോളില്‍ വിജയം പിടിച്ചു. 

മത്സരത്തിന്റെ 31ാം മിനിറ്റില്‍ ഗോണ്‍സാലോ മെലെറോയിലൂടെ അല്‍മേരിയ ലീഡ് സ്വന്തമാക്കിയിരുന്നു. രണ്ടാം പകുതിയില്‍ മത്സരം പുരോഗമിക്കവേ 56ാം മിനിറ്റില്‍ ബയേന വല ചലിപ്പിച്ച് വിയ്യാറയലിന് സമനില സമ്മാനിച്ചു. താരത്തിന്റെ സീസണിലെ ടീമിനായുള്ള എട്ടാം ഗോളായിരുന്നു ഇത്. ഈ ഗോള്‍ നേടിയതിന് പിന്നാലെ താരം ഗോള്‍ നേട്ടം അന്തരിച്ച വിയ്യാറയല്‍ ക്ലബിന്റെ വൈസ് പ്രസിഡന്റ് ജോസ് മാനുവല്‍ ലാനെസയ്ക്ക് സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് 74കാരനായ വൈസ് പ്രസിഡന്റ് അന്തരിച്ചത്. 

ഗോള്‍ നേടിയ ശേഷം താരം ജേഴ്‌സി പൊക്കി ഉള്ളില്‍ ധരിച്ച വസ്ത്രത്തിന് മുകളില്‍ 'എല്ലാത്തിനും നന്ദി ലാനെസ'- എന്ന് സ്പാനിഷ് ഭാഷയില്‍ എഴുതി ക്യാമറയ്ക്ക് പോസ് ചെയ്തു. ജേഴ്‌സി കഴുത്തിന് പിന്നിലേക്ക് കുരുക്കിയിട്ടായിരുന്നു താരത്തിന്റെ നന്ദി പ്രകടനം. 

ഇതിന് പിന്നാലെയാണ് റഫറി രണ്ടാം മഞ്ഞ കാര്‍ഡും ചുവപ്പും ഉയര്‍ത്തി താരത്തെ മൈതാനത്തിന് പുറത്തേക്ക് പറഞ്ഞയച്ചത്. റഫറിയുടെ തീരുമാനത്തില്‍ ബയേന അമ്പരപ്പ് പ്രകടിപ്പിച്ചു. രണ്ട് മിനിറ്റിന് പിന്നാലെയാണ് മാനു മൊര്‍ലാനെസും ചുവപ്പ് കാര്‍ഡ് വാങ്ങി മടങ്ങി. 

റഫറിയുടെ തീരുമാനത്തിനെതിരെ വിയ്യാറയല്‍ ടീം ഗ്രൗണ്ടില്‍ തന്നെ പ്രതിഷേധിച്ചു. ജേഴ്‌സി തലയിലൂടെ വലിച്ചിട്ടതാണ് താരത്തെ പുറത്താക്കാന്‍ കാരണം എന്നാണ് റഫറിമാരുടെ വാദം. 

ഒന്‍പത് പേരായി ചുരുങ്ങിയിട്ടും വിയ്യാറയല്‍ വിജയം കുറിച്ചാണ് മടങ്ങിയത്. ഇഞ്ച്വറി ടൈമില്‍ നിക്കോളാസ് ജാക്‌സന്റെ ഗോളാണ് കളിയുടെ ഗതി നിര്‍ണയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി