കായികം

വിജയ മാര്‍ജിനില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ്, 300 കടക്കുന്നത് ആദ്യം; ന്യൂസിലന്‍ഡിന്റെ റെക്കോര്‍ഡ് മറികടന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ വിജയ മാര്‍ജിനില്‍ ഇന്ത്യ ലോക റെക്കോര്‍ഡിട്ടതോടെ, ചരിത്ര നിമിഷങ്ങളില്‍ പങ്കുകൊണ്ട് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും അതുവഴി കേരളവും. ആശ്വാസം ജയം തേടി മൂന്നാം ഏകദിനത്തിന് ഇറങ്ങിയ ശ്രീലങ്കയെ 317 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഏകദിനത്തില്‍ 300 റണ്‍സിലധികം മാര്‍ജിനില്‍ ജയം നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറി. വിജയ  മാര്‍ജിനില്‍ ന്യൂസിലന്‍ഡിന്റെ റെക്കോര്‍ഡാണ് ഇന്ത്യ തകര്‍ത്തത്. 290 റണ്‍സിന്റെ വിജയം നേടിയ ന്യൂസിലന്‍ഡിന്റെ റെക്കോര്‍ഡാണ് ഇന്ത്യ പഴങ്കഥയാക്കിയത്.

ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. ആശ്വാസ ജയം തേടി പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തെയും ഏകദിനത്തില്‍ ഇറങ്ങിയ ശ്രീലങ്ക 317 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് നേരിട്ടത്.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വിരാട് കോഹ്‌ലിയുടേയും ശുഭ്മാന്‍ ഗില്ലിന്റേയും തകര്‍പ്പന്‍ സെഞ്ച്വറികളുടെ ബലത്തില്‍ 391 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് മുന്നില്‍ വച്ചത്. എന്നാല്‍ ശ്രീലങ്കന്‍ ഇന്നിംഗ്‌സ് 73 റണ്‍സില്‍ ഒതുങ്ങി. 51റണ്‍സ് എടുക്കുന്നതിനിടെ തന്നെ എട്ടു വിക്കറ്റുകളാണ് നഷ്ടമായത്.

ഓപ്പണര്‍ നുവാനിദു ഫെര്‍ണാണ്ടോയും ക്യാപ്റ്റന്‍ ദാസുന്‍ ഷനകയും  വാലറ്റ നിരയിലെ കസുന്‍ രജിതയും മാത്രമാണ് രണ്ടക്ക കടന്നത്. പേസ് ബൗളര്‍മാരായ മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയുമാണ് ശ്രീലങ്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്.  ആദ്യ മൂന്ന് വിക്കറ്റുകള്‍ പിഴുതെടുത്ത് ശ്രീലങ്കന്‍ ബാറ്റിങ്ങിനെ തകര്‍ച്ചയിലേക്ക് നയിച്ചത് മുഹമ്മദ് സിറാജാണ്. മുഹമ്മദ് സിറാജ് നാലുവിക്കറ്റുകള്‍ നേടി.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വിരാട് കോഹ്‌ലിയുടേയും ശുഭ്മാന്‍ ഗില്ലിന്റേയും തകര്‍പ്പന്‍ സെഞ്ച്വറികളുടെ ബലത്തിലാണ്  ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടിയത്. ശ്രീലങ്കയ്ക്കായി ലഹിരു കുമാര, കസുന്‍ രജിത രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ചമിക കരുണരത്‌നെ ഒരു വിക്കറ്റെടുത്തു. 

85 പന്തില്‍ പത്ത് ഫോറും ഒരു സിക്‌സും സഹിതമാണ് കോഹ്‌ലിയുടെ ശതകം. കരിയറിലെ 46ാം ഏകദിന സെഞ്ച്വറിയാണിത്. പരമ്പരയില്‍ താരം നേടുന്ന രണ്ടാം സെഞ്ച്വറി. പിന്നാലെ ഗിയര്‍ മാറ്റിയ കോഹ്‌ലി കളം അടക്കി വാണു. 

പിന്നീട് കണ്ടത് കോഹ്‌ലിയുടെ നിറഞ്ഞാട്ടമാണ്. എട്ട് കൂറ്റന്‍ സിക്‌സും 13 ഫോറും സഹിതം കോഹ്‌ലി 166 റണ്‍സുമായി പുറത്താകാതെ നിന്നു. കളി അവസാനിക്കുമ്പോള്‍ കോഹ്‌ലിക്കൊപ്പം രണ്ട് റണ്‍സുമായി അക്ഷര്‍ പട്ടേലായിരുന്നു ക്രീസില്‍.

89 പന്തില്‍ 11 ഫോറുകളും രണ്ട് സിക്‌സും സഹിതമാണ് ഗില്‍ 100 തികച്ചത്. ആകെ 97 പന്തില്‍ 14 ഫോറുകളും രണ്ട് സിക്‌സും സഹിതം 116 റണ്‍സ് താരം കണ്ടെത്തി. കരിയറിലെ രണ്ടാം ഏകദിന സെഞ്ച്വറിയാണ് ഗില്‍ നേടിയത്. ഗില്ലിനെ രജിത ബൗള്‍ഡാക്കി.  

രണ്ടാം വിക്കറ്റില്‍ കോഹ്‌ലിയും ഗില്ലും ചേര്‍ന്ന് 131 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഗില്ലിന് പിന്നാലെ എത്തിയ ശ്രേയസ് അയ്യരും മികവില്‍ ബാറ്റ് വീശിയതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിന്റെ വഴിയിലെത്തി. 32 പന്തില്‍ 38 റണ്‍സുമായി ശ്രേയസ് പുറത്തായി. പിന്നാലെ വന്ന കെഎല്‍ രാഹുലിന് അധികം ക്രീസില്‍ നില്‍ക്കാനായില്ല. താരം ഏഴ് റണ്‍സുമായി മടങ്ങി. 49 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 42 റണ്‍സടിച്ച രോഹിതിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ആറാമനായി ക്രീസിലെത്തിയ സൂര്യകുമാറിനും അല്‍പ്പായുസായിരുന്നു. താരം നാല് റണ്‍സില്‍ പുറത്ത്.

നേരത്തെ ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ മികച്ച തുടക്കമാണ് സ്വന്തമാക്കിയത്. 16ാം ഓവറില്‍ ഇന്ത്യ 100 കടന്നു. രോഹിത് ശുഭ്മാന്‍ ഗില്‍ സഖ്യം ഓപ്പണിങില്‍ 95 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. 16ാം ഓവറിലെ രണ്ടാം പന്തിലാണ് രോഹിത് മടങ്ങിയത്. ചമിക കരുണരത്‌നെയുടെ പന്തില്‍ ആവിഷ്‌ക ഫെര്‍ണാണ്ടോ രോഹിതിന്റെ ക്യാച്ചെടുത്ത് മടക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ