കേരളം

മൂന്നുവര്‍ഷം മുമ്പ് പിന്‍വലിച്ച, അവാര്‍ഡിന് അയയ്ക്കാത്ത കവിതാപുസ്തകത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ്: കവയിത്രിപോലും ഞെട്ടിപ്പോയി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: അവാര്‍ഡ് കിട്ടാതാവുമ്പോള്‍ ബോധക്ഷയം വരുന്നതൊക്കെ മലയാളികള്‍ കണ്ടുകഴിഞ്ഞതാണ്. എന്നാല്‍ സര്‍ക്കാര്‍ ഒരു അവാര്‍ഡ് തനിക്ക് നല്‍കുന്നതുകേട്ട് ഞെട്ടിയ കവയിത്രിയുടെ അനുഭവം പുതിയതാണ്.
കേരള സാഹിത്യ അക്കാദമിയുടെ 2015ലെ കനകശ്രീ പുരസ്‌കാരം ലഭിച്ച ഡോ. ശാന്തി ജയകുമാറാണ് അവാര്‍ഡ് വിവരം അറിഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത്. തുറവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടറായ ശാന്തി ജയകുമാറിന്റെ ആദ്യ കവിതാസമാഹാരമാണ് 'ഈര്‍പ്പം നിറഞ്ഞ മുറികള്‍'. നാലു വര്‍ഷം മുമ്പ് പുറത്തിറക്കിയ ഈ കവിതാസമാഹാരം തൊട്ടടുത്ത വര്‍ഷംതന്നെ ഡോ. ശാന്തി ജയകുമാര്‍ പിന്‍വലിച്ചതാണ്. മാത്രമല്ല, അവാര്‍ഡ് പരിഗണിക്കുന്നതിനായി താനോ ബന്ധുക്കളോ സുഹൃത്തുക്കളോപോലും ഈ കൃതി അയച്ചിട്ടുമില്ല. എന്നിട്ടും അവാര്‍ഡ് കമ്മിറ്റി ഈ പുസ്തകത്തിന് അവാര്‍ഡ് നല്‍കിയതാണ് കവയിത്രിയെ ഞെട്ടിച്ചുകളഞ്ഞത്.
അവാര്‍ഡ് വാര്‍ത്ത പത്രത്തില്‍ വായിച്ചറിഞ്ഞ കവയിത്രി ഒന്നു ഞെട്ടി. അതിനുപിന്നാലെ ഫെയ്‌സ്ബുക്കിലും മറ്റും വന്ന കമന്റുംകൂടി കണ്ടതോടെ ഞെട്ടല്‍ ഒന്നുകൂടി ഇരട്ടിച്ചു. ഡോക്ടറായതുകൊണ്ടാണ് അവാര്‍ഡ് കിട്ടിയതെന്ന് ആലപ്പുഴയിലെതന്നെ ഒരു സാഹിത്യകാരന്‍ കുറിച്ചുവത്രെ. ഇതുംകൂടി കേട്ടതോടെ പ്രതികരിക്കാമെന്നു തീരുമാനിക്കുകയായിരുന്നു ഡോ. ശാന്തി ജയകുമാര്‍.


മറ്റെല്ലാ ജോലിയും പോലെത്തന്നെയാണ് ഡോക്ടര്‍ ജോലിയും. കവിത പ്രസിദ്ധീകരിക്കുമ്പോള്‍ പുസ്തകത്തിലോ ആഴ്ചപ്പതിപ്പുകളിലോ ഡോക്ടര്‍ എന്ന ബോര്‍ഡ് വയ്ക്കരുതെന്ന് നിര്‍ബന്ധം പിടിക്കാറുണ്ടെന്നും ഡോ. ശാന്തി പറഞ്ഞു.
അവാര്‍ഡുകള്‍ക്കായി കവിത അയയ്ക്കില്ലെന്ന് പണ്ടേ തീരുമാനിച്ചതാണെന്നും അതില്‍ മാറ്റമുണ്ടായിട്ടില്ലെന്നും ഡോ. ശാന്തി പറയുന്നു. എങ്ങനെയാണ് പിന്‍വലിച്ച, അയയ്ക്കാത്ത പുസ്തകത്തിന് അവാര്‍ഡ് കിട്ടിയതെന്ന കാര്യത്തില്‍ ശാന്തിയ്ക്കും അറിവില്ല.


'ഈര്‍പ്പം നിറഞ്ഞ മുറികള്‍' എന്ന കവിതാസമാഹാരം 2013 ഡിസംബറിലാണ് പുസ്തകരൂപത്തില്‍ ഇറങ്ങുന്നത്. ബാലചന്ദ്രന്‍ ചുള്ളിക്കാടായിരുന്നു അവതാരികയെഴുതിയത്. വൈകാരികമായ ഏകാന്തതയില്‍ നിന്നും വായനയിലേക്കും കവിതയിലേക്കും ആശ്രയത്വം കണ്ട പെണ്‍കുട്ടിയായിരുന്നു ശാന്തി. പലപ്പോഴായി എഴുതുകയും ആഴ്ചപ്പതിപ്പുകളില്‍ പ്രസിദ്ധീകരിച്ച് വരികയും ചെയ്ത ഈ കവിതകള്‍ പുസ്തകരൂപത്തിലാക്കി. എന്നാല്‍ പുസ്തകം കൈയ്യില്‍ കിട്ടിയപ്പോള്‍ ചിലസ കവിതകളില്‍ തിരുത്തുവേണമെന്നും ചില കവിതകള്‍ അതില്‍നിന്നും ഒഴിവാക്കണമെന്നും തോന്നിയതുകൊണ്ടാണ് പുസ്തകം 2014 ഒക്ടോബറില്‍ പിന്‍വലിച്ചത്. ആ പുസ്തകത്തിന് 2015ലെ കനകശ്രീ പുരസ്‌കാരം ലഭിച്ചതുകേട്ടാല്‍ എന്തുചെയ്യും? അവാര്‍ഡ് വാങ്ങണോ എന്ന കാര്യത്തില്‍ തീരുമാനിച്ചിട്ടില്ലെന്ന് ഡോ. ശാന്തി ജയകുമാര്‍ പറഞ്ഞു.
ആലപ്പുഴ കിടങ്ങറ പരേതനായ കെ. ജയകുമാറിന്റെയും ജയശ്രീയുടെയും മകളാണ് മുപ്പതുകാരിയായ ഡോ. ശാന്തി ജയകുമാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''