കേരളം

വിവാദ ഫോണ്‍ വിളി; ചാനല്‍ ഓഫീസില്‍ റെയ്ഡ്; അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  മംഗളം ചാനല്‍ ജീവനക്കാരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയതിന് പിന്നാലെ ക്രൈംബാഞ്ച് സംഘം തിരുവനന്തപുരത്തെ ചാനല്‍ ഒാഫീസ് റെയ്ഡ് നടത്തി. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുന്നത് ഹൈക്കോടതി മാറ്റിവച്ചതിനു പിന്നാലെയാണ് ക്രൈബ്രാഞ്ച് സംഘം ചാനല്‍ ഓഫിസില്‍ എത്തിയത്. പ്രതികളുടെ അറസ്റ്റ്  തടയണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും അറസ്റ്റ് തടയാനാകില്ലെന്നായിരുന്നു കോടതിയുടെ നീരീക്ഷണം. 

കഴിഞ്ഞ ദിവസങ്ങളില്‍ ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടും  പ്രതികള്‍ ഹാജരാകാന്‍ തയ്യാറായില്ല. പ്രതികളായ ജീവനക്കാര്‍ മലപ്പുറം തെരഞ്ഞെടുപ്പിന്റെ ഭാഗമായി റിപ്പോര്‍ട്ടിംഗിലാണെന്നാണ് ചാനല്‍ അധികൃതര്‍ നല്‍കുന്നത്. 

അതേസമയം കേസുമായി ബന്ധപ്പെട്ട് പ്രതികളായ ചിലര്‍ ഹാജരാകുമെന്ന് ക്രൈംബ്രാഞ്ചിനെ അറിയിച്ചതായും സൂചനയുണ്ട്. വാര്‍ത്തയുടെ വിശദാംശങ്ങള്‍ തങ്ങള്‍ക്ക് അറിയില്ലന്നും ചിലര്‍ പ്രത്യക അന്വേഷണസംഘത്തിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. വിശദമായ പരിശോധനയില്‍ വിവാദ വാര്‍ത്ത എഡിറ്റ് ചെയത് ആളുടെ മൊഴി രേഖപ്പെടുത്തും. എഡിറ്റ് ചെയ്ത സിസ്റ്റവും പൊലീസ് വിശദമായ പരിശോധന നടത്തും. 

അതേസമയം ഫോണ്‍വിളി വിവാദത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ചാനല്‍
ജീവനക്കാരുടെ അറസ്റ്റ് തടയാനാകില്ലെന്നും ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി വ്യക്തമാക്കി. പ്രതികള്‍ ഹാജരാകാത്തത് നിയമം അനുസരിക്കുന്നില്ലെന്നതിന്റെ തെളിവാണെന്നും കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റ് ചെയ്യില്ലെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും സര്‍ക്കാരും കോടതിയെ അറിയിച്ചു. സിഇഒ ആര്‍ അജിത് കുമാര്‍ ഉള്‍പ്പെടെ ആറ് പ്രതികളാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. 

പരാതിയുമായി എത്തിയ വീട്ടമ്മയോട് മന്ത്രി ശശീന്ദ്രന്‍ ലൈംഗിക ചുവയോടെ സംസാരിച്ചു എന്നായിരുന്നു മംഗളം ചാനല്‍ ഉദ്ഘാടനം ദിവസം വാര്‍ത്ത പുറത്ത് വിട്ടത്. സംഭവത്തെ തുടര്‍ന്ന് ഗതാഗതമന്ത്രി രാജിവെക്കുകയായിരുന്നു. തുടര്‍ന്ന് മംഗളം ചാനലിനെതിരെയുണ്ടായ പൊതുവികാരം കണക്കിലെടുത്ത് സിഇഒ ഖേദപ്രകടനം നടത്തിയിരുന്നു. എട്ടംഗ എഡിറ്റോറിയല്‍ ടീമാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചതെന്നും അജിത് കുമാര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ചാനലില്‍ നിന്നും നിരവധി പേര്‍ രാജിവെക്കുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു