കേരളം

കതിരൂര്‍ മനോജ് വധം; പി.ജയരാജനെ മുഖ്യ ആസൂത്രകനാക്കി സിബിഐ കുറ്റപത്രം, ജയരാജനെതിരെ യുഎപിഎയും

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എളന്തോട്ടത്തില്‍ മനോജിനെ വധിച്ച കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ മുഖ്യ ആസൂത്രകനാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ജയരാജനെ കൂടാതെ മറ്റ് ആറ് പേരെയും ഉള്‍പ്പെടുത്തിയാണ് തലശേരി സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 

കോടതിയില്‍ സിബിഐ സമര്‍പ്പിച്ചിരിക്കുന്ന അവസാന അന്വേഷണ റിപ്പോര്‍ട്ടില്‍ 25 പേരെയാണ് സിബിഐ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതില്‍ 25ാം പ്രതിയാണ് ജയരാജന്‍ എങ്കിലും, കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനാണ് ജയരാജന്‍ എന്നുള്‍പ്പെടെ ശക്തമായ വാദങ്ങളാണ് കുറ്റപത്രത്തില്‍ സിബിഐ പറയുന്നത്.

ഒന്നാം പ്രതിയായ വിക്രമനുമായി ജയരാജന്‍ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തി. മനോജിനെ കൊലപ്പെടുത്തിയ സംഘത്തെ ഒളിവില്‍ പോകാന്‍ സഹായിച്ചതും ജയരാജനാണ്. കൊലപാതകത്തിലൂടെ കണ്ണൂരിനെ ഭീകരാന്തരീക്ഷത്തിലേക്ക് തള്ളിവിടുകയായിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം എത്തിയപ്പോള്‍ അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ച് വഴി തിരിച്ച് വിടാനാണ് ജയരാജന്‍ ശ്രമിച്ചതെന്നും കുറ്റപത്രത്തില്‍ സിബിഐ പറയുന്നു. 

കൊലപാതകത്തിന് കൂട്ടുനിന്നതിനും, ക്രിമിനല്‍ ഗൂഢാലോചനയ്ക്കും പുറമെ, യുഎപിഎ വകുപ്പ് പ്രകാരമുള്ള ആസൂത്രണം, സംഘം ചേരല്‍ എന്നീ കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട മനോജ് ജയരാജനെ വെട്ടിയ സംഘത്തില്‍ ഉണ്ടായിരുന്നു. ഇതിന് പകരം വീട്ടുന്നതിനായിട്ടാണ് മനോജിനെ കൊലപ്പെടുത്തിയതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

2014 സെപ്തംബര്‍ ഒന്നിനായിരുന്നു മനോജ് കൊല്ലപ്പെടുന്നത്. തലശേരിയിലേക്ക് ഒംനി വാനില്‍ പോകവെ ബോംബെറിഞ്ഞതിന് ശേഷം വാഹനത്തില്‍ നിന്നും വലിച്ചിറക്കി വെട്ടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ