കേരളം

പുതുവൈപ്പ് എല്‍പിജി പദ്ധതിയുമായി മുന്നോട്ടുപോകാം ; സമരസമിതിയുടെ വാദം അടിസ്ഥാനരഹിതമെന്ന് ഹരിത ട്രൈബ്യൂണല്‍ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : കൊച്ചി പുതുവൈപ്പ് എല്‍പിജി പ്ലാന്റിന്റെ നിര്‍മ്മാണവുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് വിധി. ചെന്നൈ ഹരിത ട്രൈബ്യൂണലിന്റേതാണ് വിധി. പദ്ധതിക്കെതിരായ സമരസമിതിയുടെ ഹര്‍ജി ചെന്നൈ ഹരിത ട്രൈബ്യൂണല്‍ തള്ളി.  തീരദേശ നിയമങ്ങള്‍ ലംഘിച്ചുള്ള നിര്‍മാണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികളിലാണു ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍ വിധി പറഞ്ഞത്. സമരസമിതി നേതാക്കളായ രാധാകൃഷ്ണന്‍, മുരളി എന്നിവരാണ് പ്ലാന്റിനെതിരെ കോടതിയെ സമീപിച്ചത്. 

സമരക്കാരുടെ ആശങ്ക അടിസ്ഥാന രഹിതമാണെന്ന് ഹരിത ട്രൈബ്യൂണല്‍ വിലയിരുത്തി. അപകട ഭീഷണി സാധൂകരിക്കുന്ന തെളിവില്ല. ഇക്കാര്യം വ്യക്തമാക്കുന്ന രേഖകള്‍ സമരക്കാര്‍ ഹാജരാക്കിയില്ല. കരയിടിച്ചില്‍ തടയാന്‍ വിദഗ്ദരുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും ഹരിത്ര ട്രൈബ്യൂണല്‍ ഉത്തരവിട്ടു. വേലിയേറ്റ മേഖല രേഖപ്പെടുത്തിയ 1996ലെ തീരദേശ ഭൂപടം നിലനില്‍ക്കുമെന്നും ട്രൈബ്യൂണല്‍ അറിയിച്ചു. അതേസമയം, പദ്ധതി അനുവദിക്കില്ലെന്ന് പുതുവൈപ്പ് സമരസമിതി വ്യക്തമാക്കി. 

പുതുവൈപ്പിലെ ഐഒസി പ്ലാന്റിലെ ടാങ്ക് നിര്‍മാണവും ടെര്‍മിനല്‍ നിര്‍മാണവും തടയണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. 1996ലെ തീരദേശ ഭൂപടപ്രകാരമുള്ള വേലിയേറ്റ മേഖലയിലാണു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അതിലൂടെ പാരിസ്ഥിതിക നാശവും തീരശോഷണവും സംഭവിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണു നാട്ടുകാരായ മുരളി, രാധാകൃഷ്ണന്‍ എന്നിവര്‍ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പാരിസ്ഥിതികാനുമതി നല്‍കിയപ്പോള്‍ മുന്നോട്ടുവച്ച വ്യവസ്ഥകള്‍ ഐഒസി പാലിച്ചില്ലെന്നും ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടുന്നു.

തീരദേശ ഭൂപടത്തെച്ചൊല്ലിയും വേലിയേറ്റ രേഖ സംബന്ധിച്ചും കോടതിയില്‍ വിശദമായ വാദം നടന്നിരുന്നു. വേലിയേറ്റ രേഖ ലംഘിച്ചിട്ടില്ലെന്നാണ് ഐഒസി നിലപാട്. െ്രെടബ്യൂണല്‍ നിര്‍ദേശ പ്രകാരം 1996ലെ ബ്ലാക്ക് ആന്റ് വൈറ്റ് തീരദേശ ഭൂപടത്തിനു പകരം കൂടുതല്‍ വ്യക്തതയുള്ള ഡിജിറ്റല്‍ ഭൂപടം സര്‍ക്കാര്‍ സമര്‍പ്പിച്ചു. കേസ് ജസ്റ്റിസ് ജ്യോതിമണിയുടെ ബെഞ്ചാണ് ആദ്യം വാദം കേട്ടത്. അദ്ദേഹം വിരമിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ശശിധരന്‍ നമ്പ്യാരുടെ ബെഞ്ചിലേക്കു കേസ് എത്തുന്നത്.

നേരത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി ഹരിത ട്രൈബ്യൂണല്‍ തടഞ്ഞിരുന്നു. പിന്നീട് ഐഒസി ഹൈക്കോടതിയെ സമീപിച്ചു പ്രവര്‍ത്തനാനുമതി നേടി. എന്നാല്‍ ജനകീയ സമരം കാരണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയായിരുന്നു. കേസില്‍ ഐഒസിയുടെ പരാതിയെ തുടര്‍ന്നു സര്‍ക്കാരിന്റെ സ്‌പെഷല്‍ പ്ലീഡര്‍ സ്ഥാനത്തുനിന്ന് അഡ്വക്കറ്റ് രമ സ്മൃതിയെ മാറ്റി, ഇ കെ കുമരേശനെ നിയമിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ