കേരളം

അന്വേഷണം കുടുംബ സുഹൃത്തായ നടിയിലേക്ക്;  സാമ്പത്തിക ഇടപാടുകള്‍ പൊലീസ് പരിശോധിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അന്വേഷണം പുതിയ ദിശയിലേക്ക്. ദീലീപും കാവ്യാ മാധവനും തമ്മിലുള്ള വിവാഹം നടത്തുന്നതില്‍ സജീവമായി നിന്ന, കുടുംബ സുഹൃത്തായ നടിയിലേക്കാണ് അന്വേഷണം നീളുന്നത്. കാക്കനാട്ടു താമസിക്കുന്ന ഈ നടിയുമായി ദിലീപിന് സാമ്പത്തിക ഇടപാടുകളുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ദിലീപ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഈ നടിയുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടുള്ള പണത്തെക്കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. ഈ നടിയുടെ അക്കൗണ്ടിലേക്ക് ദിലീപ് പണം കൈമാറിയതായി കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് ബിനാമി ഇടപാടാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ നടിക്ക് ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പപെടെയുള്ള ഇടപാടുകളില്‍ പങ്കാളിത്തമുള്ളതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. 

ആക്രമിക്കപ്പെട്ട നടിക്ക് റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളില്‍ പങ്കുണ്ടായിരുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ നടി തന്നെ പിന്നീട് വാര്‍ത്താ കുറിപ്പില്‍ ഇതു നിഷേധിച്ചു. നടനുമായി വസ്തു ഇടപാടോ മറ്റേതെങ്കിലും സാമ്പത്തിക ഇടപാടോ ഇല്ല എന്നാണ് നടി അറിയിച്ചത്. എങ്കിലും പൊലീസ് ഇക്കാര്യവും പരിശോധിക്കുന്നുണ്ട്. 

അന്വേഷണ പരിധിയിലുള്ള നടിക്ക് ദിലീപിന്റെ ഭാര്യ കാവ്യയുമായും അടുത്ത സൗഹൃദമുണ്ട്. ദിലീപിന്റെയും കാവ്യയുടെയും കല്യാണത്തില്‍ ഈ നടി ആദ്യാവസാനം സജീവമായുണ്ടായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഇവരെക്കുറിച്ച് കൂടുതലന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചത്. 

മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ സുനില്‍ കുമാറില്‍നിന്ന് കേസ് സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. 2011ല്‍ നടന്ന സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ഓരോ കണ്ടെത്തലുകളും പുതിയ കേസിലും നിര്‍ണായകമാണ്. സുനി 2011ല്‍ നടത്തിയ തട്ടിക്കൊണ്ടുപോകല്‍ ക്വട്ടേഷനിലെ പരിചയസമ്പത്താണ് പുതിയ ക്വട്ടേഷന്‍ നല്‍കാന്‍ ദിലീപിനെ പ്രേരിപ്പിച്ചത്. സുനിക്ക് നേരിട്ടാണ് ദിലീപ് ക്വട്ടേഷന്‍ നല്‍കിയതെന്നും പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. ഇത് സ്ഥാപിക്കാനുള്ള ചില തെളിവുകള്‍ കൂടി സുനിയുടെ ഇപ്പോഴത്തെ കസ്റ്റഡി ചോദ്യം ചെയ്യലില്‍ നിന്ന് ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍