കേരളം

ശൃംഗേരി മഠാധിപതി കസേരയില്‍ ഇരുന്നാല്‍ മതിയെന്ന് കടകംപള്ളി, മന്ത്രിയും എംഎല്‍എയും ചേര്‍ന്ന് സിംഹാസനം എടുത്തു മാറ്റി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊതുപരിപാടിയില്‍ ശൃംഗേരി മഠാധിപതിക്കായി വേദിയില്‍ ഒരുക്കിയ 'സിംഹാസനം' മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എടുത്തുമാറ്റി. തിരുവനന്തപുരം പടിഞ്ഞാറേ കോട്ടയിലെ നവീകരിച്ച മിത്രാനന്ദപുരം തീര്‍ഥക്കുളം ഉദ്ഘാടന വേദിയിലാണ് വിഎസ് ശിവകുമാര്‍ എംഎല്‍എയുടെ സഹായത്തോടെ കടകംപള്ളി സിംഹാസനം എടുത്തു മാറ്റിയത്.

ശൃംഗേരി മഠാധിപതി ഭാരതി തീര്‍ത്ഥ സ്വാമികള്‍ക്കായാണ് സംഘാടകര്‍ വേദിയില്‍ 'സിംഹാസനം' ഒരുക്കിയിട്ടത്. പതിവിന് വിപരീതമായി വേദിയില്‍ സിംഹാസനം കണ്ട മന്ത്രി സംഘാടകരോടു കാര്യം തിരക്കി. മഠാധിപതിക്കായി ഒരുക്കിയതാണെന്നായിരുന്നു സംഘാടകരുടെ മറുപടി. ഉടന്‍ തന്നെ മന്ത്രി നേരിട്ടിറങ്ങി വേദിയില്‍ നിന്ന് സിംഹാസാനം മാറ്റാന്‍ ശ്രമിച്ചു. വിഎസ് ശിവകുമാര്‍ എംഎല്‍എയും ഒപ്പം കൂടിയതോടെ സ്വാമിയുടെ സിംഹാസനം ഔട്ട്. പകരം അവിടെ സാധാരണ കസാരയിട്ടു. 

മന്ത്രി കടകംപള്ളി സുരേന്ദ്രനും വിഎസ് ശിവകുമാര്‍ എംഎല്‍എയും ചേര്‍ന്ന് വേദിയിലെ സിംഹാസനം എടുത്തുമാറ്റുന്നു (മംഗളം പത്രം പ്രസിദ്ധീകരിച്ച ചിത്രം)
 

മഠാധിപതിക്ക് പകരം കുളം ആശീര്‍വദിക്കാനെത്തിയ ഉത്തരാധികാരി വിധുശേഖര സ്വാമികള്‍ സ്‌റ്റേജില്‍ കയറാതെ സ്ഥലം വിട്ടു. സിംഹാസനം മാറ്റിയതുകൊണ്ടാണോ സ്വാമി വേദി ബഹിഷ്‌കരിച്ചതെന്നു വ്യക്തമല്ല. മംഗളം പത്രമാണ് സിംഹാസനം മാറ്റുന്നതിന്റെയും സ്വാമി സ്ഥലം വിടുന്നതിന്റെയും ചിത്രം പ്രസിദ്ധീകരിച്ചത്. 

ഇതേ വേദിയിലാണ് കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിന്നും ഉള്ള വരുമാനം കേരള സര്‍ക്കാര്‍ ഉപയോഗിക്കുന്നു എന്ന സംഘപരിവാര്‍ പ്രചരണത്തെ രാജഗോപാലിനെയും കുമ്മനത്തെയും വേദിയിലിരുത്തി കടംപള്ളി സുരേന്ദ്രന്‍ ഖ്ണ്ഡിച്ചത്. കേരളത്തിലെ ഒരമ്പലത്തില്‍ നിന്നും ഒരു ആരാധനാലയത്തില്‍ നിന്നും കേരള ഖജനാവിലേക്ക് പണം വരുന്നില്ലെന്നു മന്ത്രി വ്യക്തമാക്കി. എന്നാല്‍ കോടിക്കണക്കിന് രൂപയാണ് സംസ്ഥാന ഗവണ്‍മെന്റ് അമ്പലങ്ങളിലെയും ഇതര ആരാധനാലയങ്ങളുടേയും വികസന ആവശ്യങ്ങളുടേയും അവിടെ നടക്കുന്ന ഉത്സവ ആവശ്യങ്ങള്‍ക്കും വേണ്ടി ചെലവഴിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ശബരിമലക്ക് മാത്രം 150 കോടി രൂപയാണ് വികസനം നടത്തുന്നതിനു വേണ്ടിയുള്ള ഹൈപവര്‍ കമ്മറ്റിക്ക് നല്‍കിയിട്ടുള്ളത്. ആറ്റുകാല്‍ ഉത്സവം കഴിയുമ്പോഴേക്കും സര്‍ക്കാര്‍ 4,5 കോടി രൂപയാണ് ചെലവാക്കുന്നത്. ജനങ്ങളെ, വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ താല്‍പര്യങ്ങളും അവകാശങ്ങളും ആവശ്യങ്ങളും സംരക്ഷിക്കപ്പെടുക എന്ന് പറയുന്നത് ജനാധിപത്യ സര്‍ക്കാരിന്റെ ഏറ്റവും ഉത്തരവാദിത്വമാണൈന്ന് കണ്ടുകൊണ്ടാണ്, കടമയും ബാധ്യതയും ആണെന്ന് കണ്ടുകൊണ്ടാണ് അത് ചെയ്യുന്നത്. ചിലപ്പോഴെങ്കിലും തെറ്റിദ്ധാരണ ഉളവാക്കുന്ന പ്രചരണങ്ങള്‍ വരുന്നത് വിഷമമുളവാക്കുന്ന കാര്യമാണ്. ഈ അമ്പലത്തിന്റെ മാത്രമല്ല ഒരമ്പലത്തിന്റെയും നയാപൈസ സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

ശൃംഗേരി മഠാധിപതി ഭാരതി തീര്‍ത്ഥ സ്വാമികള്‍ തീര്‍ഥക്കുളം ആശിര്‍വദിച്ച ശേഷം നടന്നുനീങ്ങുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം