കേരളം

ജലം ഊറ്റുന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍ തീരുമാനം; കേരളത്തെ ഹരിതാഭമാക്കാന്‍ ഒരു കോടി വൃക്ഷത്തൈ നടും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് അടുത്ത മാസം ഒരു കോടി വൃക്ഷത്തെ നടുന്നു.  പരിസ്ഥിതി ദിനമായ ജൂണ്‍ 5-ന് സംസ്ഥാന വ്യാപകമായി പദ്ധതിക്ക് തുടക്കമാകും.  വനം വകുപ്പും കൃഷി വകുപ്പും ചേര്‍ന്നാണ് വൃക്ഷത്തൈകള്‍ ഒരുക്കുന്നത്.  വിദ്യാഭ്യാസ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ചേര്‍ന്ന് വിദ്യാലയങ്ങള്‍ വഴിയും പഞ്ചായത്ത്, കുടുംബശ്രീ, സന്നദ്ധസംഘടനകള്‍ എന്നിവ വഴിയും വൃക്ഷത്തൈകള്‍ വിതരണം ചെയ്യും. പരിസ്ഥിതി വകുപ്പിന്റെ കൂടി പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.  
 
പദ്ധതിക്ക് വേണ്ടി 72 ലക്ഷം വൃക്ഷത്തൈകള്‍ വനംവകുപ്പ് തയാറാക്കിക്കഴിഞ്ഞിട്ടുണ്ട്. 5 ലക്ഷം തൈകള്‍ കൃഷി വകുപ്പും വളര്‍ത്തിയിട്ടുണ്ട്.  ബാക്കി 23 ലക്ഷം തൈകള്‍ കുടുംബശ്രീ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ സഹകരണത്തോടെ തയ്യാറാക്കാനാണ് പരിപാടി.  തണല്‍ മരങ്ങള്‍, ഫലവൃക്ഷങ്ങള്‍, ഔഷധ സസ്യങ്ങള്‍ എന്നിവയാണ് നട്ടുപിടിപ്പിക്കുന്നത്.  ജലം ഊറ്റിയെടുക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്‍ഡിസ് മുതലായ മരങ്ങള്‍ പാടില്ലെന്നും തീരുമാനിച്ചു.  സംസ്ഥാനത്ത് സര്‍ക്കാര്‍ ഭൂമിയിലുള്ള ഇത്തരം മരങ്ങള്‍ വെട്ടിക്കളഞ്ഞ് പകരം നല്ല മരങ്ങള്‍ വെച്ചുപിടിപ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മരങ്ങള്‍ വെട്ടിമാറ്റുന്ന പരിപാടിക്കും ജൂണ്‍ 5ന് തുടക്കം കുറിക്കും.  

40 ലക്ഷം മരങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വഴിയാണ് വിതരണം ചെയ്യുന്നത്.  ഓരോ വിദ്യാര്‍ഥിക്കും ഓരോ മരം.  അവ കുട്ടികള്‍ വീട്ടുമുറ്റത്ത് വളര്‍ത്തി പരിപാലിക്കണമെന്നാണ് നിര്‍ദേശം.  വീട്ടുമുറ്റത്ത് മരം വളര്‍ത്താന്‍ സാഹചര്യമില്ലാത്ത കുട്ടികള്‍ക്ക് സ്‌കൂള്‍ വളപ്പിലോ പൊതുസ്ഥലത്തോ മരം വളര്‍ത്താനുള്ള സൗകര്യം വിദ്യാഭ്യാസ വകുപ്പ് ചെയ്തുകൊടുക്കും.  കുട്ടികള്‍ മരം നന്നായി പരിപാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തും. നന്നായി പരിപാലിക്കുന്നവര്‍ക്ക് പ്രോത്‌സാഹന സമ്മാനം നല്‍കാനും ഉദ്ദേശിക്കുന്നുണ്ട്.  സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വൃക്ഷത്തൈ നല്‍കുന്ന പരിപാടി 'മരക്കൊയ്ത്ത്' എന്ന പേരിലാണ് നടപ്പാക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.  വൃക്ഷത്തൈകള്‍ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. 

പഞ്ചായത്തുകള്‍ വഴി 25 ലക്ഷം തൈകളാണ് വിതരണം ചെയ്യുന്നത്.   എല്ലാ ജില്ലകളിലും വനം വകുപ്പിന് നഴ്‌സറികളുണ്ട്.  അവിടെ നിന്ന് തൈകള്‍ ജൂണ്‍ 5ന് മുമ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് വിദ്യാലയങ്ങളിലും മറ്റു വിതരണ കേന്ദ്രങ്ങളിലും എത്തിക്കണം.  സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ കലാ-കായിക സംഘടനകളെയും ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കും. ജൂണ്‍ മാസം കേരളത്തില്‍ വൃക്ഷത്തൈ നടല്‍ മാസമായി മാറ്റാനാണ് പരിപാടി.  കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലത്ത് അതത് സ്ഥാപനങ്ങളുടെ സഹകരണത്തോടെ മരം വെച്ചുപിടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു