കേരളം

എസ്ബിഐയുടെത് ഭ്രാന്തന്‍നയം, ഈ തോന്നിവാസം അംഗീകരിക്കാനാകില്ലെന്നും തോമസ് ഐസക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എസ്ബിഐ സര്‍വീസ് ചാര്‍ജ്ജ് ഈടാക്കാനുള്ള നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ധനമന്ത്രി തോമസ് ഐസക്. എസ്ബിഐയുടെ ഈ മാറ്റത്തിനുള്ള കാരണം മനസിലാകുന്നില്ല. ഈ നടപടി ബാങ്കുകളില്‍ നിന്നും ജനങ്ങളെ അകറ്റും. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ജനങ്ങളെ പിഴിയുന്ന സമീപനമാണ് എസ്ബിഐ സ്വീകരിക്കുന്നത്. സ്വകാര്യബാങ്കുകള്‍ പോലും ചെയ്യാന്‍ അറച്ചുനില്‍ക്കുന്ന കാര്യമാണെന്നും തോമസ് ഐസക് പറഞ്ഞു.

കിട്ടാക്കടം പെരുകുന്നതാണ് ബാങ്കുകളുടെ കടം വര്‍ധിക്കാന്‍ ഇടയായത്. കഴിഞ്ഞ വര്‍ഷം മാത്രം ഇത് 1.67 ലക്ഷം കോടി രൂപയായിരുന്നെന്നും ഐസക് പറഞ്ഞു. നോട്ടുനിരോധനവും ബാങ്കുകളുടെ ലയനവും നഷ്ടം വര്‍ധിക്കാന്‍ കാരണമായി. ലയിച്ച ബാങ്കുകളുടെ അവസ്ഥ നിശ്ചലമായതോടെ അവരുടെ നഷ്ടവും എസ്ബിഐക്ക് തിരിച്ചടിയായി. ബാങ്കിന്റെ ഈ നടപടി മൂലം കാശുള്ളവന്‍ പണം ബാങ്കില്‍ നിക്ഷേപിക്കാതെ കൈയില്‍ തന്നെ കരുതുന്ന സ്ഥിതിയുണ്ടാകും. ഇതിന്റെ ഭാഗമായി കമ്പോളത്തില്‍ പണത്തിന്റെ ലഭ്യത കുറയുമെന്നും ഐസക് പറഞ്ഞു 

എസ്ബിഐയുടെ വിശദീകരണം ഉണ്ടാകുമെന്ന് കരുതി. എന്നാല്‍ തീരുമാനം പിന്‍വലിക്കാനോ സര്‍വീസ് ചാര്‍ജ്ജ് കുറയ്ക്കുന്ന കാര്യത്തിലോ ഇതുവരെ തീരുമാനമുണ്ടായില്ല. എസ്ബിഐയുടെ ഈ ഭ്രാന്തന്‍ നയം അംഗീകരിക്കാനാകില്ല. വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യും. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെങ്കിലും ഈ വിഷയത്തെ പറ്റി എല്ലാവരും ഗൗരവമായി ആലോചിക്കണം. ഇതിനെതിരെ ജനകീയപ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരണം. എസ്ബിഐയുടെ ഈ തോന്നിവാസം അംഗീകരിക്കാനാകില്ല.

എസ്ബിഐയുടെ ഈ നിലപാട് നമ്മുടെ നാട്ടിലെ സാമ്പത്തിക മുരടിപ്പ് ശക്തിപ്പെടുത്തും. ബാങ്കില്‍ നിന്നും പണം കിട്ടാത്തതിനെ തുടര്‍ന്ന് ട്രഷറികളില്‍ നിന്നും നല്‍കുന്ന ചെക്കുകള്‍ പോലും മാറ്റിക്കിട്ടാത്ത അവസ്ഥയാണ്.  ഏതായാലും കേരളത്തിലെ സഹകരണ ബാങ്കുകള്‍ ഇത്തരം നടപടികള്‍ കൈക്കൊള്ളില്ലെന്നും സഹകരണബാങ്കുകളുടെ പ്രസക്തി വര്‍ധിക്കുന്ന ഈ സാഹചര്യത്തില്‍ ഇത്തരം ബാങ്കുകളെ സംരക്ഷിക്കണമെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം