കേരളം

അന്ധമായ രാഷ്ട്രീയവിരോധത്തില്‍ അടിസ്ഥാനപ്പെടുത്തിയ ബാലിശപ്രതികരണങ്ങളല്ല വേണ്ടതെന്ന് പ്രതിപക്ഷത്തോട് പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ കേരളത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തിയെന്നും എന്തൊക്കെ പദ്ധതികള്‍ നടപ്പാക്കിയെന്നും ശനിയാഴ്ച നടന്ന പത്രസമ്മേളനത്തില്‍ അക്കമിട്ട് വിവരിച്ചിരുന്നു. അവയില്‍ ഒന്നുപോലും നിഷേധിക്കാനോ ഒന്നിനു പോലും മറുപടി പറയാനോ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല എന്നാണ് അവരുടെ പ്രതികരണത്തില്‍ നിന്നും മനസ്സിലാകുന്നത്.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രൊഫസര്‍ കെ.വി. തോമസ് ഭക്ഷ്യമന്ത്രിയായിരിക്കുമ്പോള്‍ തയ്യാറാക്കിയ ഭക്ഷ്യസുരക്ഷാനിയമത്തിന്റെ ഫലമായിട്ടാണ് കേരളത്തിന് അര്‍ഹമായ അരിവിഹിതത്തില്‍ രണ്ടു ലക്ഷത്തോളം മെട്രിക് ടണ്ണിന്റെ കുറവുണ്ടായത്. എന്നിട്ടും റേഷന്‍ വിതരണം മുടങ്ങാതെ കൊണ്ടുപോകാന്‍ സര്‍ക്കാരിന് കഴിയുന്നുണ്ട്. ദശാബ്ദങ്ങളായി കേരളത്തില്‍ നിലനില്‍ക്കുന്ന സ്റ്റാറ്റിയൂട്ടറി റേഷന്‍ നിര്‍ത്തലാക്കി ലക്ഷ്യവേധിത റേഷന്‍ തുടങ്ങി വെച്ചത് ആര് കേന്ദ്രം ഭരിക്കുമ്പോഴായിരുന്നുവെന്ന് വ്യക്തമാക്കേണ്ടത് പ്രതിപക്ഷമാണ്.

കഴിഞ്ഞ അഞ്ചുവര്‍ഷവും പുതുക്കാതെയിരുന്ന റേഷന്‍കാര്‍ഡുകള്‍, പട്ടികയിലെ പിഴവുകളെല്ലാം തിരുത്തി, വിതരണം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട് എന്നതുപോലും പ്രതിപക്ഷം അറിഞ്ഞിട്ടില്ല എന്നത് ആശ്ചര്യകരമാണ്. മുന്‍സര്‍ക്കാരിന്റെ കാലത്ത് അഴിമതിയുടെ കൂത്തരങ്ങായിരുന്ന സിവില്‍ സപ്ലൈസ് കോര്‍പറേഷനെ അടിമുടി അഴിച്ചുപണിത് അഴിമതിമുക്തമാക്കി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു ഏജന്‍സിയാക്കി മാറ്റുവാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. 4200 കോടിയുടെ റെക്കോഡ് വിറ്റുവരവാണ് സപ്ലൈകോ ഈ വര്‍ഷം നടത്തിയത്. അരിവിഹിതം വെട്ടിക്കുറച്ച് മൂലം വിലവര്‍ദ്ധനവുണ്ടായപ്പോള്‍ സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ ബംഗാളില്‍ നിന്നും അരി കൊണ്ടുവന്നാണ് വിലനിയന്ത്രണം സാധ്യമാക്കിയത്. ഇക്കാലയളവില്‍ വിലക്കയറ്റം തടയാന്‍ സപ്ലൈകോ 440 കോടി രൂപ സബ്‌സിഡിയായി വിനിയോഗിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷത്തേക്ക് പതിമൂന്നിനം സാധനങ്ങളുടെ വില കൂട്ടില്ലായെന്ന ഉറപ്പ് സര്‍ക്കാര്‍ ഇതുവരെയും ലംഘിച്ചിട്ടില്ല.

കഴിഞ്ഞ സര്‍ക്കാര്‍ അധികാരം നഷ്ടപ്പെട്ട് ഇറങ്ങുന്ന കാലത്ത് നമ്മുടെ പൊതുമേഖലാസ്ഥാപനങ്ങള്‍ 131 കോടി രൂപയുടെ നഷ്ടത്തിലായിരുന്നു പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ പൊതുമേഖലാസ്ഥാപനങ്ങളുടെ നഷ്ടം പകുതിയായി കുറയ്ക്കുവാന്‍ സര്‍ക്കാരിന് സാധിച്ചു. മതിയായ യോഗ്യതകള്‍ ഉള്ളവരെ തന്നെയാണ് സര്‍ക്കാര്‍ നിയമിച്ചിട്ടുള്ളത് എന്നതിന് ഇതില്പരം വേറെയെന്ത് തെളിവാണ് വേണ്ടത്?
സ്ത്രീകള്‍ക്കെതിരായ അതിക്രമം നടന്ന എല്ലാ കേസുകളിലും സര്‍ക്കാര്‍ ശക്തമായ നടപടിയെടുത്തിട്ടുണ്ട്. ചില കേസുകളില്‍ പൊലീസിന്റെ ഭാഗത്ത് പോരായ്മയുണ്ടായപ്പോള്‍ അത് തിരുത്താനും അച്ചടക്ക നടപടിയെടുക്കേണ്ട കേസുകളില്‍ അത് ചെയ്യാനുമാണ് സര്‍ക്കാര്‍ തയാറായത്. കേരളത്തിലെ സ്ത്രീസമൂഹം അത് അംഗീകരിക്കുന്നുണ്ട്. സ്ത്രീസുരക്ഷ എന്നത് സര്‍ക്കാര്‍ മുന്‍ഗണനയോടെ കാണുന്ന വിഷയങ്ങളിലൊന്നാണ്.

യുഎപിഎയുടെ കാര്യത്തിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. 2012 മുതല്‍ 162 യുഎപിഎ കേസുകളാണ് കേരളത്തില്‍ റജിസ്റ്റര്‍ ചെയ്തത്. അതില്‍ എണ്‍പത്തിയഞ്ച് ശതമാനത്തോളം കേസുകളും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്ന സമയത്ത് എടുത്തിരുന്നവയാണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് ശേഷം എടുത്ത ഇരുപത്തിയഞ്ചോളം കേസുകള്‍ ഉള്‍പ്പടെ നാല്പത്തിരണ്ട് കേസുകള്‍ പുനഃപരിശോധിക്കുവാനും കോടതിയുടെ അനുമതിയോടെ പിന്‍വലിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് നിയമസഭയിലും വ്യക്തമാക്കിയ കാര്യമാണെന്നിരിക്കെ ജനങ്ങളെ തെറ്റിധരിപ്പിക്കുവാന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണ്.
സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമവികസന പദ്ധതികളില്‍ ചിലതു മാത്രമേ ഇവിടെ സൂചിപ്പിച്ചിട്ടുള്ളൂ. അടിസ്ഥാനസൗകര്യ വികസനത്തിലുണ്ടായ കുതിച്ചുചാട്ടത്തെക്കുറിച്ചും നാടാകെ മാറാനുതകുന്ന നവകേരള മിഷനുകളെക്കുറിച്ചുമൊക്കെ ഏതായാലും പ്രതിപക്ഷത്തിന് സംശയമൊന്നുമില്ലെന്ന് കരുതുന്നു. അവ നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ അവരുടെ കൂടി സഹകരണം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.

അന്ധമായ രാഷ്ട്രീയവിരോധത്തില്‍ അടിസ്ഥാനപ്പെടുത്തിയ ബാലിശപ്രതികരണങ്ങളല്ല, ഔചിത്യബോധത്തോടെയുള്ള പക്വവും സത്യസന്ധവുമായ ഇടപെടലുകളാണ് രാഷ്ട്രീയപ്രബുദ്ധരായ മലയാളികള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കുന്നത്. നിസ്വജനങ്ങളെ പാപ്പരീകരിക്കുന്ന കോര്‍പ്പറേറ്റ്‌വല്‍ക്കരണമുള്‍പ്പടെയുള്ള നവലിബറല്‍ നയങ്ങള്‍ക്കെതിരെയും നമ്മുടെ സമൂഹത്തെ പലതായി തിരിച്ച് ദുര്‍ബലപ്പെടുത്തുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെയും ശക്തമായ നിലപാടുകള്‍ സ്വീകരിക്കുവാന്‍ പ്രതിപക്ഷനേതാവ് മുന്‍കൈയെടുക്കുമെന്നാണ് കരുതുന്നതെന്ന് പിണറായി വ്യക്തമാക്കി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍