കേരളം

ബിജെപി എംപി വേമ്പനാട് കായലും തോട് പുറമ്പോക്കും കയ്യേറി റിസോര്‍ട്ട് നിര്‍മ്മിക്കുന്നു..? തീരദേശ പരിപാലന നിയമവും നിര്‍മാണച്ചട്ടങ്ങളും ലംഘിച്ചതായും ആക്ഷേപം

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : തോമസ് ചാണ്ടിയ്ക്ക് പിന്നാലെ ബിജെപി നേതാവ് കായല്‍ കയ്യേറി റിസോര്‍ട്ട് നിര്‍മ്മിക്കുന്നതായി ആരോപണം ഉയരുന്നു. ബിജെപി നേതാവും എംപിയുമായ രാജീവ് ചന്ദ്രശേഖര്‍ റിസോര്‍ട്ട് നിര്‍മാണത്തിനായി വേമ്പനാട് കായലും തോട് പുറമ്പോക്കും കൈയേറിയെന്നാണ് ആരോപണം ഉയര്‍ന്നത്. രാജ്യാന്തര നിലവാരത്തില്‍ നിര്‍മിക്കുന്ന നിരാമയ റിട്രീറ്റ് റിസോര്‍ട്ടിന് വേണ്ടി നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നതായാണ് ആക്ഷേപം. ബംഗളൂരു ആസ്ഥാനമായി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ജൂപ്പിറ്റര്‍ കാപ്പിറ്റല്‍ എന്ന കമ്പനിയാണ് നിരാമയ നിര്‍മിക്കുന്നത്. തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തിനെതിരെ ശക്തമായ നിലപാടെടുത്ത ഏഷ്യാനെറ്റ് ന്യൂസിന്റെ ചെയര്‍മാന്‍ കൂടിയാണ് രാജീവ് ചന്ദ്രശേഖര്‍. 

കുമരകം കവണാറ്റിന്‍കരയില്‍ പ്രധാന റോഡില്‍നിന്ന് കായല്‍വരെ നീളുന്ന പുരയിടത്തിലാണ് ഫൈവ്സ്റ്റാര്‍ റിസോര്‍ട്ട് നിര്‍മാണം. കുമരകത്തുനിന്ന് വേമ്പനാട് കായലിലേക്ക് ഒഴുകുന്ന മടത്തോടിന്റെ ഒരുവശം മുഴുവന്‍ കയ്യേറി റിസോര്‍ട്ട് മതിലിനുള്ളിലാക്കി. ഇവിടെയുള്ള പുറമ്പോക്കും കൈവശമാക്കിയെന്ന് ആക്ഷേപമുണ്ട്. രണ്ട് പ്‌ളോട്ടുകളിലായി നാല് ഏക്കറോളം തീരഭൂമിയാണ് റിസോര്‍ട്ടിന്റെ അധീനതയിലുള്ളത്. കുമരകം വില്ലേജില്‍ പത്താംബ്‌ളോക്കില്‍ 302/1ല്‍ ഉള്‍പ്പെട്ടതാണ് പ്രധാന സ്ഥലം. അനധികൃത നിര്‍മാണം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കോട്ടയം താലൂക്ക് സര്‍വെയര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തിയിരുന്നു. 

താലൂക്ക് സര്‍വെയര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കൈയേറ്റം സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉന്നത റവന്യൂ അധികൃതര്‍ മറ്റ് നടപടികള്‍ സ്റ്റേ ചെയ്തിരിക്കുകയാണ്. പരാതിയുടെയും കേസിന്റെയും അടിസ്ഥാനത്തില്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ കോട്ടയം തഹസില്‍ദാര്‍ അഡീഷണല്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തിയിരുന്നു. അനധികൃത നിര്‍മാണം ഒഴിപ്പിക്കാന്‍ കുമരകം പഞ്ചായത്ത് സെക്രട്ടറിക്ക് കത്തും നല്‍കി. തീരദേശ പരിപാലന നിയമവും മലിനീകരണ നിയമങ്ങളും മറ്റ് നിര്‍മാണച്ചട്ടങ്ങളും ലംഘിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്. രാജീവ് ചന്ദ്രശേഖര്‍ ഇവിടെയെത്തി നിര്‍മാണ പുരോഗതി വിലയിരുത്താറുള്ളതായാണ് നാട്ടുകാര്‍ അഭിപ്രായപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി