കേരളം

കാവ്യ സാക്ഷിയാകും; കൂട്ടബലാത്സംഗം ചെയ്യാന്‍ പദ്ധതിയിട്ടു; കുറ്റപത്രത്തില്‍ പറയുന്നത് ഇതൊക്കെയാണ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ അതിക്രമത്തിന് ഇരയായ നടിയോട് കുറ്റാരോപിതനായ ദിലീപിന് വൈരാഗ്യമുണ്ടായിരുന്നതായി വെളിപ്പെടുത്തുന്ന കുറ്റപത്രത്തിന്റെ പകര്‍പ്പ് പുറത്ത്. നടിയെ ആക്രമിക്കാന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയത് ഒന്നരക്കോടി രൂപയ്ക്കാണെന്നും കുറ്റപത്രം പറയുന്നു. ടെംപോ ട്രാവലറില്‍ വെച്ച് ആക്രമത്തിന് ഇരയായ നടിയെ കൂട്ട ബലാത്സംഗം ചെയ്യാനായിരുന്നു പദ്ധതി.കേസില്‍  ദിലീപീന്റെ ഗൂഢാലോചന വ്യക്തമാക്കുന്ന കാര്യങ്ങള്‍  അക്കമിട്ട് നിരത്തുന്നതാണ് കുറ്റപത്രം. 

വൈകീട്ട് നാലുമണിയോടെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയല്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ദിലീപ് കാവ്യ അവിഹിത ബന്ധം മുന്‍ ഭാര്യ കാവ്യമാധവനോട് പറഞ്ഞതാണ് നടിയോട് കടുത്ത വൈരാഗ്യത്തിന് പിന്നിലെന്നും ചൂണ്ടിക്കാണിക്കുന്നു. ഇതിന് പിന്നാലെ ഈ നടിയ്ക്ക് സിനിമയില്‍ അവസരം നല്‍കുന്നവരോടും ദിലീപ് വളരെ മോശമായി പെരുമാറിയതായും കുറ്റപത്രം പറയുന്നു. ഈ നടിയോടുള്ള വൈരാഗ്യം തീര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെ ഒന്നരക്കോടി രൂപയ്ക്കാണ് ദിലീപ് ക്വട്ടേഷന്‍ നല്‍കിയത്. ഇതിനായി അഡ്വാന്‍സായി ഒരു ലക്ഷത്തി പതിനായിരം രൂപ നല്‍കിയതായും കുറ്റപത്രം പറയുന്നു. അഡ്വാന്‍സ് തുക കൈമാറിയത് കഴിഞ്ഞ വര്‍ഷം നവംബര്‍ 2നും നവംബര്‍3നുമായി തൃശൂരിലെ ജോയ് പാര്‍ക്ക് ഹോട്ടലിലെ കാര്‍പാര്‍ക്കിംഗ് സ്ഥലത്തുവെച്ചായിരുന്നു. 

കൃത്യം നടത്തേണ്ടത് എങ്ങനെയായിരിക്കണമെന്നും ദിലീപ് ക്വട്ടേഷന്‍ നല്‍കിയവരോട് പറഞ്ഞിരുന്നു.നടിയുടെ വിവാഹത്തിന് മുന്‍പായി കൃത്യം നിറവേറ്റണമെന്നും ദിലീപ് സുനില്‍ കുമാറിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ഹണി ബീ ടു എന്ന ചിത്രത്തിന്റെ ഗോവയിലെ സെറ്റില്‍വച്ചും നടിയെ ആക്രമിക്കാന്‍ നേരത്തെ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ആ ശ്രമം പരാജയപ്പെടുകയായിരുന്നു. അതിന് ശേഷമായിരുന്നു കൊച്ചിയില്‍ വെച്ച് നടി ആക്രമിക്കപ്പെട്ടത്. 

ബലാത്സംഗദൃശ്യങ്ങള്‍ എങ്ങനെ വേണമെന്നും ദിലീപ് നിര്‍ദേശിച്ചതായി കുറ്റപത്രം പറയുന്നു. നടിയുടെ വിവാഹമോതിരം ഈ ദൃശ്യങ്ങളില്‍ കാണണമെന്നും നടിയുടെ കഴുത്തും മുഖവും വിവാഹമോതിരവും കൃത്യമായി ചിത്രീകരിക്കണമെന്നുമായിരുന്നു  ഒരു നിര്‍ദേശം. വിവാഹത്തോടെ നടി സിനിമാ രംഗം വിട്ടുപോകുമെന്നും അതിന് മുന്‍പായി കൃത്യം നടത്തണമെന്നുമായിരുന്നു നിര്‍ദേശം. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ പ്രതികള്‍ കാവ്യമാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയില്‍ പോയിരുന്നു. അവിടെയെത്തി ദിലീപിനെ അന്വേഷിച്ചിരുന്നു. പിന്നീട് കാവ്യമാധവന്റെ വെണ്ണലയിലെ വിട്ടീലും പ്രതികള്‍ എത്തിയിരുന്നു. കൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഈ പ്രതികള്‍ അഡ്വ. പ്രതീഷ് ചാക്കോയ്്ക്ക് കൈമാറിയിരുന്നു. അത് തന്റെ സുഹൃത്തായ രാജു മാത്യവിന് നല്‍കിയതായും ഈ ദൃശ്യങ്ങള്‍ നാലരമാസത്തോളം ഈ രണ്ട് അഭിഭാഷകര്‍ കൈവശം വെച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.

കുറ്റപത്രത്തിന്റെ അഞ്ചു പകര്‍പ്പുകളാണ് കോടതിയില്‍ നല്‍കിയത്. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോടു പകയുണ്ടായതിന് എട്ടു കാരണങ്ങളും കുറ്റപത്രത്തില്‍ പറയുന്നു. ആകെ 14 പ്രതികളാണു കേസിലുള്ളത്. രണ്ടുപേര്‍ മാപ്പുസാക്ഷികളാകും. പൊലീസുകാരനായ അനീഷ്, പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിപിന്‍ലാല്‍ എന്നിവരാണു മാപ്പുസാക്ഷികള്‍. നടി മഞ്ജു വാരിയര്‍ പ്രധാന സാക്ഷികളിലൊരാളാകും. 385 സാക്ഷികളും 12 രഹസ്യമൊഴികളും ഉള്‍പ്പെട്ടതാണ് അനുബന്ധ കുറ്റപത്രം. കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ മനോരമ ന്യൂസ് പുറത്തുവിട്ടു. സിനിമാ മേഖലയില്‍നിന്നുമാത്രം 50ല്‍ അധികം സാക്ഷികളുണ്ട്. ആദ്യകുറ്റപത്രത്തിലെ ഏഴു പ്രതികളെ അതേപടി നിലനിര്‍ത്തും. കൃത്യം നടത്തിയവരും ഒളിവില്‍പോകാന്‍ സഹായിച്ചവരുമാണ് ആദ്യ കുറ്റപത്രത്തിലുള്ളത്. ദിലീപിനെക്കൂടാതെ, അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി സുനില്‍കുമാറിന്റെ സഹതടവുകാരനായ വിഷ്ണു എന്നിവരും പുതിയ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന