കേരളം

ദിലീപ് ഒന്നാം പ്രതിയായേക്കും; അപ്രതീക്ഷിത നീക്കവുമായി അന്വേഷണ സംഘം

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കിയേക്കും. ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള ആലോചനയാണ് അന്വേഷണ സംഘം നടത്തുന്നത്. ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിനു നിയമോപദേശം ലഭിച്ചതായാണ് സൂചന. അടുത്തയാഴ്ച സംഘം കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് സൂചനകള്‍.

നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ചത് ദിലീപിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഗൂഢാലോചനയ്ക്കു നേതൃത്വം നല്‍കുന്നത് നേരിട്ടു കൃത്യത്തില്‍ പങ്കെടുക്കുന്നതു തുല്യമാണ്. കൃത്യം നേരിട്ടു നടപ്പാക്കിയവര്‍ക്കു നടിയോടു മുന്‍വൈരാഗ്യമോ മറ്റേതെന്തിലും പ്രശ്‌നമോ ഇല്ല. അവര്‍ ഉപകരണങ്ങള്‍ മാത്രമായാണ് പ്രവര്‍ത്തിച്ചത് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. നിലവില്‍ കേസില്‍ ഒന്നാം പ്രതി സുനില്‍ കുമാറും ദിലീപ് പതിനൊന്നാം പ്രതിയുമാണ്. ദിലീപീനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം തയാറാക്കുമെന്നായിരുന്നു നേരത്തെയുള്ള സൂചനകള്‍. വ്യാഴാഴ്ച ചേരുന്ന യോഗത്തിലാണ് അന്വേഷണ സംഘം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.  

കൂട്ടബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തൊണ്ടി മുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ  വകുപ്പുകള്‍  ദിലീപിനെതിരെ ചുമത്തുമെന്നാണ് അറിയുന്നത്. കുറ്റപത്രത്തിനൊപ്പം നല്‍കാന്‍ നേരിട്ടുള്ള തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അനുബന്ധ റിപ്പോര്‍ട്ടും പൊലീസ് തയ്യാറാക്കിയിട്ടുണ്ട്.

കുറ്റസമ്മത മൊഴികള്‍, സാക്ഷിമൊഴികള്‍, കോടതി മുന്‍പാകെ നല്‍കിയ രഹസ്യ മൊഴികള്‍, ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍, സൈബര്‍ തെളിവുകള്‍, നേരിട്ടുള്ള തെളിവുകള്‍, സാഹചര്യ ത്തെളിവുകള്‍ എന്നിവ പട്ടികയാക്കി പ്രത്യേക ഫയലുകളാക്കിയാണ് അനുബന്ധ കുറ്റപത്രമായി സമര്‍പ്പിക്കുന്നത്. ഇതുവരെ പൊലീസ് വെളിപ്പെടുത്താത്ത വിവരങ്ങളും കുറ്റപത്രത്തിലുണ്ടെന്നാണ് സൂചന. പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കുന്ന വേളകളില്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ നേരിട്ടു സമര്‍പ്പിച്ചിരുന്ന വിവരങ്ങളാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്, ഒരുക്കങ്ങള്‍ നടത്താന്‍ മുന്‍കൈയെടുത്തത് ഭാര്യാ പിതാവ്

വടകരയിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ; അമിത ലഹരിമുരുന്ന് ഉപയോ​ഗമെന്ന് സംശയം

വീണ്ടും വരുന്നു ബാഹുബലി; പ്രഖ്യാപനവുമായി രാജമൗലി

വയറിലെ കൊഴുപ്പ് കുറയ്‌ക്കാൻ ഇവ പരീക്ഷിച്ചു നോക്കൂ