കേരളം

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ ഭരണം ട്രസ്റ്റിമാരില്‍ നിന്നും ബോര്‍ഡ് ഏറ്റെടുക്കാന്‍ ശുപാര്‍ശ; എതിര്‍പ്പുമായി സാമൂതിരി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുളള ക്ഷേത്രങ്ങളില്‍ ഭരണം ട്രസ്റ്റിമാരില്‍ നിന്ന് മാറ്റി മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിക്ഷിപ്തമാക്കണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമപരിഷ്‌കരണ കമ്മിറ്റിയുടെ ശുപാര്‍ശ. ആചാരപരമായ ചടങ്ങളുകള്‍ നിര്‍വഹിക്കുന്നതിന് പാരമ്പര്യ ട്രസ്റ്റിമാര്‍ക്കുള്ള അവകാശം നിലനിര്‍ത്തും. നിയമപരിഷ്‌കരണ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.കെ ഗോപാലകൃഷ്ണനാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറിയത്. വിശദമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

എന്നാല്‍ കോഴിക്കോട് സാമൂതിരി കുടുംബം ഈ നിര്‍ദേശത്തിനെതിരെ രംഗത്തെത്തി. ട്രസ്റ്റിമാര്‍ക്കുള്ള അധികാരം എടുത്തുകളയുകയില്ലായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തങ്ങള്‍ക്ക് ഉറപ്പു തന്നിരുന്നുവെന്നാണ് സാമുതിരി കുടുംബം പറയുന്നത്. സാമുതിരി സെന്‍ട്രല്‍ ദേവസ്വം ലീഗല്‍ അഡൈ്വസര്‍ ഗോവിന്ദ് ചന്ദ്രശേഖര്‍ പറയുന്നത് ക്ഷേത്ര ഭരണ അധികാരം ട്രസ്റ്റിമാരില്‍ നിന്നും നീക്കാന്‍ സര്‍ക്കാര്‍ ആാലോചിക്കുന്നില്ലായെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്നാണ്. 

നിലവില്‍ മലബാറിലെ പ്രധാന ക്ഷേത്രങ്ങളിലെ നിയമനവും അച്ചടക്ക നടപടിയുമെല്ലാം സാമൂതിരി കുടുംബം അടക്കമുള്ള പാരമ്പര്യ ട്രസ്റ്റിമാരാണ് നടത്തുന്നത്. നിയമനങ്ങള്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴിയാക്കാനും അച്ചടക്ക നടപടികള്‍ക്കുള്ള അധികാരം ദേവസ്വം ബോര്‍ഡിന് മാത്രമാക്കാനുമാണ് പ്രധാനപ്പെട്ട ശുപാര്‍ശ. 

ക്ഷേത്രത്തില്‍ കാണിക്കയായി ലഭിക്കുന്ന പണവും ക്ഷേത്ര വസ്തുവകകളും ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന വ്യാപക പരാതികള്‍ക്കിടയിലാണ് നിയമപരിഷ്‌കരണ കമ്മിറ്റിയുടെ ശുപാര്‍ശ. 

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലേയും വരുമാനം സഞ്ചിതനിധിയില്‍ കൊണ്ടുവന്ന് എല്ലാ ക്ഷേത്രങ്ങള്‍ക്കും ഭരണനിര്‍വഹണത്തിനുള്ള ഫണ്ട് നല്‍കും. ഇതുവഴി ദൈനംദിന പൂജകള്‍ക്ക് ബുദ്ധിമുട്ടുള്ള ക്ഷേത്രങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. ക്ഷേത്രങ്ങളിലെ ചടങ്ങുകള്‍,ഉത്സവങ്ങള്‍,അറ്റകുറ്റപ്പണികള്‍,നിര്‍മ്മാണ പ്രവര്‍ത്തികള്‍ എന്നിവയുടെ ഉത്തരവാദിത്തം ബോര്‍ഡിനാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ക്ഷേത്രം ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍,ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള അധികാരവും ബോര്‍ഡിനാകണം.ക്ഷേത്രങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും ജീവനക്കാരുടെ എണ്ണം തീരുമാനിക്കുന്നതും നിയമിക്കുന്നതും ബോര്‍ഡായിരിക്കണം. ക്ഷേത്ര ജീവനക്കാര്‍ക്കും എക്‌സിക്ക്യൂട്ടീവ് ഓഫീസര്‍മാര്‍ക്കും ഭരണവിഭാഗം ജീവനക്കാര്‍ക്കും ശമ്പളം നല്‍കുന്നത് ദേവസ്വം ബോര്‍ഡ് നേരിട്ടായിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷേത്ര സ്വത്തുകള്‍ ദുരുപയോഗം ചെയ്യുന്നത് തടാനും നിര്‍ദേശമുണ്ട്. 

നിലവില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ 1,339 ക്ഷേത്രങ്ങളും എണ്ണൂറോളം മൈനര്‍ ക്ഷേത്രങ്ങളുമുണ്ട്. ഇതില്‍ 49 ക്ഷേത്രങ്ങളുടെ ഭരണം കയ്യാളുന്നത് സാമുതിരി കുടുംബമാണ്. ഈ ക്ഷേത്രങ്ങളില്‍ നല്‍കിവരുന്ന ഗ്രാന്റ് കൃത്യമായി ഉപയോഗിക്കാതെ ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ട്രസ്റ്റിമാരുടെ വീഴ്ചമൂലം ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കാത്ത ക്ഷേത്രങ്ങളും മലബാറിലുണ്ട്. ഈ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് നിയമപരിഷ്‌കരണ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു