കേരളം

സംസ്ഥാനത്ത് കനത്ത മഴ; അട്ടപ്പാടിയില്‍ ഒരു മരണം; വ്യാപക കൃഷി നാശവും ഉരുള്‍ പൊട്ടലും, ജാഗ്രതാ നിര്‍ദേശം നല്‍കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ ദേശീയ ദുരന്ത നിവാരണ സേന ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും വ്യാപകമായ സാഹചര്യത്തില്‍  ഉയര്‍ന്ന പ്രദേശങ്ങളില്‍ വിനോദ സഞ്ചാരത്തിനായി പോകുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇന്നലെ രാത്രി ആരംഭിച്ച മഴയില്‍ പലയിടത്തും വന്‍ നാശ നഷ്ടമാണുണ്ടായത്. 

വയനാട്, കോഴിക്കോട്, കോട്ടയം, ഇടുക്കി ജില്ലകളിലുള്ളവര്‍ രാത്രിയാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അതിനിടെ പാലക്കാടുണ്ടായ ഉരുള്‍പൊട്ടലില്‍ മലവെള്ളത്തില്‍ പെട്ട് മൂന്നാം ക്ലാസുകാരി ആതിരയാണ് മരിച്ചത്.  അട്ടപ്പാടിയിലെ അനക്കല്ലിലാണ് അപകടമുണ്ടായത്. വ്യാപക നാശനഷ്ടം ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. പലരുടേയും വീടുകള്‍ ഭാഗീകമായി തകര്‍ന്നു.

സംസ്ഥാനത്തും ലക്ഷ്വ ദ്വീപിലും 21 വരെ വ്യാപകമായി മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂര്‍ നേരം ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം. പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പുരോഗമിക്കുന്ന കോട്ടയത്തെ ചിങ്ങവനത്ത് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് തീവണ്ടി ഗതാഗതം തടസപ്പെട്ടു. പലയിടത്തും മണ്ണിടിച്ചിലുണ്ടാവുകയും മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വ്യാപക കൃഷി നാശമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഴ തുടരുന്നതിനാല്‍ സംസ്ഥാനത്തെ നാല് ജില്ലകളില്‍ രാത്രിയാത്ര ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.


പാലക്കാട് അനക്കല്ലില്‍ ഉണ്ടായ ഉരുള്‍ പൊട്ടലിന്റെ പൂര്‍ണ വിവരം ഇപ്പോഴും ലഭിച്ചിട്ടില്ല. ഉള്‍പ്രദേശമായതിനാലാണ് വിവരങ്ങള്‍ ലഭ്യമാകാന്‍ സമയമെടുക്കുന്നത്. പാലക്കാട് അട്ടപ്പാടി റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെടുകയുമുണ്ടായി. കൊച്ചിയില്‍ ഇന്നലെ രാത്രി പെയ്ത മഴയില്‍ പലയിടത്തും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകളില്‍ ഗതാഗതക്കുരക്കും രൂക്ഷമായി. മധ്യകേരളത്തില്‍ കോട്ടയത്തും ആലപ്പുഴയിലും ഉള്‍പ്പെടെ കനത്ത മഴ തുടരുകയാണ്. കടല്‍ ക്ഷോഭമുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

സംസ്ഥാനത്ത് ഈ സീസണില്‍ ഏറ്റവുമധികം ശരാശരി മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. 157 സെന്റിമീറ്റര്‍ മഴ ലഭിച്ചു കഴിഞ്ഞതോടെയാണ് പത്തനംതിട്ട സംസ്ഥാനത്തെ കാലവര്‍ഷക്കണക്കില്‍ ഒന്നാം സ്ഥാനം നേടിയത്. മഴയുടെ കുറവു കേവലം ഒന്നോ രണ്ടോ ശതമാനം മാത്രം. നാളെ വരെ ഇടവിട്ടു മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ഈ കുറവ് പരിഹരിക്കപ്പെടും. സംസ്ഥാനത്തെ പല അണക്കെട്ടുകളും നിറഞ്ഞതിനെ തുടര്‍ന്ന് ഷട്ടറുകള്‍ തുറന്നതിനാല്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത