കേരളം

വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി വില്‍പനയ്ക്ക്;ഒളിക്യാമറയില്‍ കുടുങ്ങി സിപിഐ ജില്ലാ സെക്രട്ടറി; സഹായിക്കാന്‍ ഡെപ്യൂട്ടി കളക്ടറും; നടപടിയുമായി റവന്യു വകുപ്പ്‌ 

സമകാലിക മലയാളം ഡെസ്ക്

വയനാട്: വയനാട്ടില്‍ തോട്ടത്തറ വില്ലേജിലെ നാലേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ ഭൂമാഫിയ ഭരണകേന്ദ്രങ്ങള്‍ക്ക് കൈക്കൂലി കൊടുത്ത് തരപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നടപടിയുമായി റവന്യു വകുപ്പ്. കൈക്കൂലി വാങ്ങിയ വയനാട് ഡെപ്യൂട്ടി കളക്ടര്‍ സോമനാഥനെ സസ്പന്റെ ചെയ്യാന്‍ ജില്ലാ കളക്ടര്‍ക്ക് റവന്യു മന്ത്രി നിര്‍ദേശം നല്‍കി. രണ്ടു റവന്യു ഓഫീസുകള്‍ പൂട്ടിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. കളക്ടറേറ്റിലെ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസ് പൂട്ടി. മാനന്തവാടി താലൂക്ക് ലാന്‍ഡ് വോര്‍ഡ് ഓഫീസ് സീല്‍ ചെയ്തു. 


വിഷയം സബ്കളക്ടര്‍ അന്വേഷിക്കുമെന്ന് വയനാട് ജില്ലാ കളക്ടര്‍ എസ്.സുഹാസ് പറഞ്ഞു. വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്റവന്യു മന്ത്രിയോട് നിര്‍ദേശിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ജില്ലാ സെക്രട്ടറിക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കുമെന്നും കാനം പറഞ്ഞു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് നാളെ സിപിഐ ജില്ലാ സെക്രട്ടറിയേറ്റ് വയനാട് കൂടും.

ഇടനിലക്കാരന്‍ വയനാട് സ്വദേശി കുഞ്ഞുമുഹമ്മദ്, വയനാട് ഡപ്യൂട്ടി കളക്ടര്‍ സോമനാഥന്‍, സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, എന്നിവര്‍ സര്‍ക്കാര്‍ ഭൂമി തരപ്പെടുത്താന്‍ സഹായം നല്‍കുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ആണ് പുറത്തുവിട്ടത്.

നാലരയേക്കര്‍ സര്‍ക്കാര്‍ ഭൂമി തരപ്പെടുത്താന്‍ 20 ലക്ഷം കൈക്കൂലിയും 20 ലക്ഷം രൂപ സ്ഥല വിലയായും നല്‍കിയാല്‍ മതി. ഇതിന് മുഖ്യകണ്ണിയായി നില്‍ക്കുന്നത് റവന്യു വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐ യുടെ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയാണ്. റവന്യൂ രേഖകള്‍ അട്ടിമറിച്ച് ചുവപ്പ് നാട എളുപ്പത്തില്‍ തുറന്ന് കൊടുക്കുന്നത് ഡപ്യൂട്ടി കള്കടര്‍ സോമനാഥനാണ്.

ഇടനിലക്കാരന്‍ കുഞ്ഞുമുഹമ്മദ് പറയുന്നത് സിപിഐയുടെ ജില്ലാ സെക്രട്ടറിക്ക് 10 ലക്ഷവും ഡപ്യൂട്ടി കളക്ടര്‍ സോമനാഥന് പത്ത് ലക്ഷവും  ഭൂമി തരപ്പെടുത്താന്‍ നല്‍കണമെന്നാണ്. വിജയന്‍ ചെറുകരയിലേക്ക് എത്തുന്നത് സിപിഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗത്തിന്റെ നിര്‍ദേശ പ്രകാരം. എല്ലാം ശരിയാക്കിത്തരാം, അനുമതി മുകളില്‍ നിന്ന് വരുന്നത് പോലെ ലഭ്യമാക്കണം എന്ന് ഡപ്യൂട്ടി കളക്ടര്‍ സോമനാഥന്‍ വ്യക്തമാക്കുന്നു.

വിജയന്‍ ചെറുകരയെ വീട്ടില്‍ പോയി കാണുന്ന ആവശ്യക്കാരോട് തനിക്കുള്ള പണത്തിന്റെ കാര്യം പിന്നീട് പറയാമെന്നും, എങ്ങനെയൊക്കെ നീങ്ങണമെന്ന് താന്‍ പറഞ്ഞു തരാമെന്നും പറയുന്ന ദൃശ്യങ്ങളും പുറത്തു വന്നു. എന്നെന്നേക്കുമായി പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പിന്നെയും പിന്നെയും ഓരോന്ന് കുത്തിപ്പൊക്കി വരുമെന്നും വിജയന്‍ ചെറുകര പറയുന്നുണ്ട്. ഡപ്യൂട്ടി കള്കടറിനെ താന്‍ വിളിച്ചോളാമെന്ന് ജില്ലാ സെക്രട്ടറി പറയുന്നതും ഫോണ്‍ വിളിച്ച് കാര്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

ആദ്യ ഗഡു എന്ന നിലയ്ക്ക് കുറച്ച് തുക ഡപ്യൂട്ടി കള്കടര്‍ വാങ്ങി കീശയില്‍ വയ്ക്കുന്നുണ്ട്. തിരുവനന്തപുരത്ത് എത്തിയ സംഘം, റവന്യു മന്ത്രിയുടെ ഓഫീസില്‍ പ്രവേശിക്കാന്‍ സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകത്തില്‍ നിന്ന് അനുമതി തരപ്പെടുത്തിയ ശേഷം, മന്ത്രിയുടെ ഓഫീസില്‍ ഇതു സംബന്ധിച്ച വിവരങ്ങളും നല്‍കുന്നുണ്ട്. ഇരുപത് ദിവസങ്ങള്‍ക്ക് ശേഷം മന്ത്രിയുടെ ഓഫിസില്‍ നിന്ന് നാലരയേക്കര്‍ മിച്ച ഭൂമി തരപ്പെടുത്തി കൊടുത്ത് കൊണ്ടുള്ള അനുകൂല തീരുമാനം സര്‍ക്കാര്‍ വിധിയായി ലഭിച്ചതും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു