കേരളം

ഹാരിസണ്‍ കേസ് സര്‍ക്കാര്‍ തോറ്റുകൊടുത്തെന്ന് രമേശ് ചെന്നിത്തല ; നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് റവന്യൂമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഹാരിസണ്‍ മലയാളം കേസില്‍ സര്‍ക്കാര്‍ മനപ്പൂര്‍വം തോറ്റുകൊടുക്കുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. തോട്ടമുടമകളും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളി കേസിലൂടെ വ്യക്തമായി. കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായിരുന്ന പ്ലീഡര്‍ സുശീല ഭട്ടിനെ മാറ്റിയത് തിരിച്ചടിയായി എന്നും ചെന്നിത്തല പറഞ്ഞു. 

സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയ വിധിയാണിത് എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്റെ പ്രതികരണം. അതേസമയം കേസില്‍ നിയമനടപടിയുമായി റവന്യൂവകുപ്പ് മുന്നോട്ടുപോകുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഭൂമി 
ഹാരിസണിന്റേതാണെന്ന് കോടതി പറഞ്ഞിട്ടില്ല. ആവശ്യമെങ്കില്‍ നിയമനിര്‍മ്മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു. 

സര്‍ക്കാരിന്റെ ഭൂമി വിഷയത്തില്‍ മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദന്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തിയത്. ഇതിന്റെ ഭാഗമായാണ് സുശീല ഭട്ടിനെ റവന്യൂ കേസുകളില്‍ സര്‍ക്കാര്‍ പ്ലീഡറായി നിയമിച്ചത്. സുശീല ഭട്ട് കാര്യങ്ങള്‍ വിശദമായി പഠിച്ച് വാദിച്ചതോടെ, കേസില്‍ സര്‍ക്കാരിന് അനുകൂലമായി വിധിയും വരാന്‍ തുടങ്ങി. തുടര്‍ന്ന് വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരും വിവാദം ഭയന്ന് സര്‍ക്കാര്‍ കേസുകളില്‍ ഹാജരാകുന്നതില്‍ നിന്ന് സുശീല ഭട്ടിനെ മാറ്റിയിരുന്നില്ല. 

എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ സുശീല ഭട്ടിനെ റവന്യൂ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്നും മാറ്റുകയായിരുന്നു. 2016 ജൂലൈ 16 നാണ് സുശീലയെ സര്‍ക്കാര്‍ പ്ലീഡര്‍ സ്ഥാനത്തു നിന്നും മാറ്റിയത്. പിന്നീട് ഭൂമി കേസ് അഡീഷണല്‍ എജിയായ രഞ്ജിത്ത് തമ്പാനെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തി. എന്നാല്‍ രഞ്ജിത്ത് ഹാരിസണിന്റെ സ്വന്തം ആളാണെന്ന ആക്ഷേപം ഉയര്‍ന്നു. 

തുടര്‍ന്ന് സ്റ്റേറ്റ് അറ്റോര്‍ണി കെവി സോഹനെ കേസ് ഏല്‍പ്പിക്കാനും നീക്കം നടന്നു. പത്തനംതിട്ട കോടതിയില്‍ നേരത്തെ ഹാരിസണിന് വേണ്ടി ഹാജരായത് സോഹനായിരുന്നു. ഹാരിസണ്‍ ഭൂമി സ്വകാര്യ വ്യക്തിയുടേതാണെന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ വാദം. അതിനിടെ ഹാരിസണിനെ അനുകൂലിച്ച് നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍