കേരളം

കസ്റ്റഡിമരണം: വരാപ്പുഴ എസ് ഐ പ്രതിയായേക്കും, സാക്ഷിമൊഴികളില്‍ വൈരുദ്ധ്യം എന്ന ആരോപണം അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കസ്റ്റഡിയിലിരിക്കേ ശ്രീജിത്ത് മരിച്ച കേസില്‍ വരാപ്പുഴ എസ്‌ഐ പ്രതിയായേക്കും.എസ്‌ഐ ദീപക്കിന് പുറമേ നാലു പൊലീസുകാരെ കൂടി പ്രതിയാക്കുമെന്നാണ് സൂചന.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാര്‍ സസ്‌പെന്‍ഷനിലാണ്. ഇതിന് പുറമേയാണ് കൂടുതല്‍ പൊലീസുകാരെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം നടക്കുന്നത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് കൈമാറി. 

 അതേസമയം ശ്രീജിത്തിന്റെയും വാസുദേവന്റെയും മരണവുമായി ബന്ധപ്പെട്ട് ഒരു കേസു കൂടി എടുത്തു. സുമേഷ് എന്നയാള്‍ക്ക് പരുക്കേറ്റ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഇതിനിടെ സാക്ഷിമൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്ന ആരോപണം അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് അറിയിച്ചു.

നേരത്തെ ശ്രീജിത്തിന്റെ സഹോദരന്‍ സജിത്തിനെ വരാപ്പുഴ പൊലീസ് ഭീഷണിപ്പെടുത്തിയതായി വാര്‍ത്ത പുറത്തുവന്നിരുന്നു. 
എന്തെങ്കിലുമൊക്കെ വിളിച്ചുപറഞ്ഞാല്‍ ഇങ്ങോട്ടുതന്നെയാണ് തിരിച്ചു വരേണ്ടതെന്ന് മറക്കേണ്ടെന്ന് പറഞ്ഞ് വരാപ്പുഴ പൊലീസ് സജിത്തിനെ ഭീഷണിപ്പെടുത്തിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ പോയി എന്തെങ്കിലും വിളിച്ചുപറയരുത്. എന്തെങ്കിലുമൊക്കെ പറഞ്ഞാല്‍ ഇങ്ങോട്ടുതന്നെ വരണമെന്ന കാര്യം മറക്കണ്ട എന്ന് പൊലീസ് ഭീഷണിപ്പെടുത്തിയിരുന്നതായി സജിത്ത് വെളിപ്പെടുത്തി.

ഗൃഹനാഥന്‍ വാസുദേവന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശ്രീജിത്തിനൊപ്പം സജിത്തിനെയും കസ്റ്റഡിയിലെടുത്തിരുന്നു. ശ്രീജിത്തിനെയും തന്നെയും പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് സജിത്ത് വെളിപ്പെടുത്തിയിരുന്നു. വയറ്റില്‍ ബൂട്ടിട്ട് ചവിട്ടിയെന്നും, ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് കരഞ്ഞപ്പോള്‍, വരാപ്പുഴ എസ്‌ഐയും പൊലീസുകാരും സമ്മതിച്ചില്ലെന്നും സജിത്ത് വെളിപ്പെടുത്തിയിരുന്നു.

ശ്രീജിത്തിനൊപ്പം പോലീസ് കസ്റ്റഡിയിലെടുത്ത സഹോദരന്‍ സജിത്തിന് കോടതി രണ്ടുദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു. ശ്രീജിത്തിന്റെ മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനാണ് സജിത്തിന് ജാമ്യം അനുവദിച്ചത്.  ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന സജിത്തിന് ചൊവ്വാഴ്ച വൈകീട്ടാണ് ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ച രാവിലെ 11ന് ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം.

ശ്രീജിത്തിനെ പൊലീസുകാര്‍ കോളറില്‍ കുത്തിപ്പിടിച്ച് വലിച്ചിഴച്ചാണ് വീട്ടില്‍നിന്നും ഇറക്കിക്കൊണ്ടുപോയത്. തൊട്ടടുത്ത ജങ്ഷന്‍ എത്തുന്നതുവരെ മര്‍ദിച്ചു. തുടര്‍ന്ന് വണ്ടിയില്‍ കയറ്റുന്നതിനുമുമ്പ് അടിച്ചപ്പോള്‍ ശ്രീജിത്ത് നിലത്തുവീണു. അപ്പോള്‍ പോലീസ് ശ്രീജിത്തിന്റെ വയറിന് ചവിട്ടിയതായും സജിത്ത് പറയുന്നു.

വയര്‍ പൊത്തിപ്പിടിച്ച് അസഹ്യമായ വേദനയോടെ ശ്രീജിത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇപ്പോള്‍ ശരിയാക്കിത്തരാമെന്നാണ് പോലീസ് പറഞ്ഞത്. തുടര്‍ന്ന് നിലത്തുകിടന്നിരുന്ന ശ്രീജിത്തിനെ കാലുകൊണ്ട് തട്ടി എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വീണ്ടും നിലത്തേക്ക് വീണുപോയി.തീര്‍ത്തും അവശനിലയിലായപ്പോള്‍മാത്രമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇതേ കേസില്‍ കസ്റ്റഡിയില്‍ എടുത്ത മറ്റുള്ളവരെയും പോലീസ് മൃഗീയമായി മര്‍ദിച്ചു. അടിയേറ്റ ഒരാളുടെ പല്ല് ഇളകി. മറ്റൊരാളുടെ ചുണ്ടിനാണ് പരിക്കെന്നും സജിത്ത് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍