കേരളം

ദിവ്യ എസ് അയ്യർ കുരുക്കിൽ ; വ‍ര്‍ക്കലയില്‍ സ്വകാര്യവ്യക്തിക്ക് നല്‍കിയത് സര്‍ക്കാര്‍ ഭൂമി തന്നെയെന്ന് കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരം സബ് കലക്ടറായിരുന്ന ദിവ്യ എസ് അയ്യര്‍ വ‍ര്‍ക്കലയില്‍ സ്വകാര്യവ്യക്തിക്ക് നല്‍കിയത് സര്‍ക്കാര്‍ ഭൂമി തന്നെ. സബ് കളക്ടർ സ്വകാര്യവ്യക്തിക്ക് കൈമാറിയ ഭൂമി പുറമ്പോക്കാണെന്ന്  ജില്ലാ സര്‍വേ സുപ്രണ്ട് നടത്തിയ പരിശോധനയിൽ കണ്ടെത്തി. വിവാദ ഭൂമി വീണ്ടും അളന്ന് തിട്ടപ്പെടുത്തി ജില്ലാ കളക്ടർക്ക് വിശദമായ റിപ്പോർട്ട് നൽകും. കളക്ടർ നൽകുന്ന റിപ്പോർട്ടിന്മേൽ ലാൻഡ് റവന്യൂ കമ്മീഷണറാണ് നടപടി എടുക്കേണ്ടത്. ഒരു കോടിരൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി ദിവ്യ എസ്.അയ്യര്‍ സ്വകാര്യവ്യക്തിക്ക് വിട്ടുകൊടുത്തത് വിവാദമായിരുന്നു. 

വര്‍ക്കലയിലെ ഇലകമൺ പഞ്ചായത്തിലെ വില്ലിക്കടവില്‍ റീസർവേ നമ്പർ 229 ൽപ്പെട്ട ആറ്റുപുറമ്പോക്കാണ് സബ് കളക്ടറായിരിക്കെ ദിവ്യ എസ് അയ്യർ സ്വകാര്യവ്യക്തിക്ക് വിട്ടുനൽകിയത്. ഭൂമി ഏറ്റെടുത്ത് സർക്കാരിൽ നിക്ഷിപ്തമാക്കിയ തഹസിൽദാരുടെ നടപടി റദ്ദാക്കിയാണ് സബ് കളക്ടർ തീരുമാനമെടുത്തത്. എന്നാൽ ഭൂമി കൈമാറ്റം വിവാദമായതോടെ സർവേ സൂപ്രണ്ടിനോട് സ്ഥലം അളന്ന് തിട്ടപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ കെ വാസുകി സർവേ സൂപ്രണ്ടിനോട് നിർദേശിക്കുകയായിരുന്നു. 

സ്ഥലം അളന്ന സർവേ സൂപ്രണ്ട് സ്ഥലം ആറ്റപുറമ്പോക്കാണെന്ന് കണ്ടെത്തി. തിരുവനന്തപുരം ജില്ലാ കളക്ടർ അവധിയിലായതിനാൽ, ജില്ലയുടെ ചുമതലയുള്ള കൊല്ലം കളക്ടർക്കാകും റിപ്പോർട്ട് കൈമാറുക. വര്‍ക്കല താലൂക്കില്‍ അയിരൂര്‍ വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലെ വില്ലിക്കടവില്‍ വര്‍ക്കല–പാരിപ്പള്ളി സംസ്ഥാനപതയോരത്തെ സ്ഥലം സ്വകാര്യവ്യക്തിക്ക് പതിച്ചു നല്‍കിയ നടപടിയാണ് വിവാദമായത്. 27 സെന്റ് റോഡ് പുറമ്പോക്ക് സ്വകാര്യവ്യക്തി അനധികൃതമായി കൈവശംവച്ചിരിക്കുന്നതായി കണ്ടെത്തി വര്‍ക്കല തഹസീല്‍ദാര്‍ കഴിഞ്ഞ ജൂലൈ 19ന് ഏറ്റെടുത്തു. ഇവിടെ അയിരൂര്‍ പൊലീസ് സ്റ്റേഷന് കെട്ടിടം നിര്‍മിക്കണമെന്ന് തീരുമാനിച്ച് ഒഴിച്ചിടുകയും ചെയ്തു. 

എന്നാല്‍ റവന്യുവകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് ഭൂമി കൈവശം വച്ചിരുന്ന വ്യക്തി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ സബ് കലക്ടറോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നാണ് ഭൂമി സ്വകാര്യവ്യക്തിക്ക് വിട്ടുകൊടുത്ത് സബ് കളക്ടർ ദിവ്യ എസ് അയ്യര്‍ ഉത്തരവിറക്കിയത്. സംഭവം വിവാദമായതിന് പിന്നാലെ ദിവ്യ എസ് അയ്യരെ സബ്കളക്ടർ സ്ഥാനത്തുനിന്നും സർക്കാർ മാറ്റിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍