കേരളം

പിണറായിയിലെ ദുരൂഹ മരണങ്ങള്‍, വീട്ടില്‍ അവശേഷിച്ച യുവതിക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: നാലു മാസത്തിനിടെ മൂന്നു ദുരൂഹ മരണങ്ങള്‍ നടന്ന വീട്ടിലെ അവശേഷിക്കുന്ന അംഗത്തിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. തലശ്ശേരി പടന്നക്കര വണ്ണത്താംവീട്ടില്‍ കുഞ്ഞേരി കുഞ്ഞിക്കണ്ണന്റെ കുടുംബത്തിലാണ് നാലു പേര്‍ക്ക് ദാരുണാന്ത്യമുണ്ടായത്. ഇവരുടെ മകള്‍ സൗമ്യയാണ് ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്നത്. 

2012ല്‍ സൗമ്യയുടെ ഒന്നര വയസ്സുള്ള കുട്ടി ഛര്‍ദിയെത്തുടര്‍ന്ന് മരിച്ചതാണ് ഇവരുടെ വീട്ടില്‍ നടന്ന ആദ്യ അസ്വാഭാവിക മരണം. ഇക്കഴിഞ്ഞ ജനുവരി 21ന് സൗമ്യയുടെ രണ്ടാമത്തെ മകള്‍ ഒന്‍പതു വയസ്സുള്ള ഐശ്വര്യയും അതേ രോഗലക്ഷണവുമായി ചികിത്സയിലിരിക്കെ മരിച്ചു. മാര്‍ച്ച് ഏഴിന് അമ്മ വടവതി കമലയും ഛര്‍ദിയെത്തുടര്‍ന്ന് മരിച്ചതോടെ ബന്ധുക്കള്‍ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ടു രംഗത്തുവന്നിരുന്നു. അമ്മ മരിച്ച് 41ാമത്തെ ദിവസം അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ മരിച്ചു. ഇതോടെ ബന്ധുക്കളും നാട്ടുകാരും മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. ഇതിനിടയിലാണ് സൗമ്യയെ കഴിഞ്ഞ ദിവസം ഛര്‍ദിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ആശുപത്രിയില്‍ കഴിയുന്ന യുവതിയെ ഇതുവരെ ചോദ്യം ചെയ്യാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ബന്ധുക്കളില്‍ നിന്നും വീടുമായി അടുപ്പമുള്ളവരില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു.

സംഭവങ്ങളുമായി ബന്ധപ്പെട്ട് സൗമ്യ നിരീക്ഷണത്തില്‍ ആണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. വീടുമായി ബന്ധമുള്ള ഏതാനും യുവാക്കളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന യുവതിക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. മഫ്തിയിലുള്ള വനിതാ പൊലീസിന്റെ കാവല്‍ സദാ ഉണ്ട്. 

സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് മുഖ്യമന്ത്രി തന്നെ നേരിട്ട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ കാര്യക്ഷമമമായ അന്വേഷണം നടത്തി എത്രയും വേഗം സംഭവങ്ങളുടെ കുരുക്ക് അഴിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത