കേരളം

ഒരു കോടി നഷ്ടപരിഹാരം വേണം, കേസ് സിബിഐ അന്വേഷിക്കണം: ശ്രീജിത്തിന്റെ ഭാര്യ ഹൈക്കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്, പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖില ഹൈക്കോടതിയെ സമീപിച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

പൊലീസുകാര്‍ പ്രതിയായ കേസില്‍ പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സുപ്രിം കോടതി നിര്‍ദേശം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിയിലെ ആവശ്യം. ഡികെ ബസു കേസിലെ സുപ്രിം കോടതി നിര്‍ദേശം അനുസരിച്ച് നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. 

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണമാണ് നടക്കുന്നത്. ശ്രീജിത്തിനെ വീട്ടില്‍നിന്ന് കസ്റ്റഡിയില്‍ എടുത്ത, റൂറല്‍ എസ്പിയുടെ ടൈഗര്‍ ഫോഴ്‌സില്‍ അംഗമായിരുന്ന മൂന്നു പൊലീസുകാര്‍, വരാപ്പുഴ എസ്‌ഐ എന്നിവരാണ് നിലവില്‍ കേസിലെ പ്രതികള്‍. ഇവര്‍ നാലുപേരും അറസ്റ്റിലായിട്ടുണ്ട്. പറവൂര്‍ സിഐ, റൂറല്‍ എസ്പി എന്നിവരുടെ പങ്കിനെക്കുറിച്ചും ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

കേസ് സിബിഐയെപ്പോലുള്ള സ്വതന്ത്ര ഏജന്‍സിയാണ് അന്വേഷിക്കേണ്ടതെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ അഭിപ്രായപ്പെട്ടിരുന്നു. പൊലീസ് പ്രതിയായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ഉചിതമല്ലെന്നാണ് കമ്മിഷന്‍ ചെയര്‍മാന്‍ പി മോഹനദാസ് ചൂണ്ടിക്കാട്ടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ