കേരളം

പ്ലേ സ്റ്റോര്‍ ആപ്പിലൂടെ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ സ്‌പൈ ക്യാമറയാക്കി; ഭര്‍ത്താവിനെ നിരീക്ഷിക്കാന്‍ ഭാര്യ ഉപയോഗിച്ചത് പുത്തന്‍ തന്ത്രം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ഭര്‍ത്താവിന്റെ സ്വകാര്യ വിവരങ്ങള്‍ ഭാര്യ ഫോണ്‍ വഴി ചോര്‍ത്തിയത് നിരീക്ഷണ ആപ്പായ ട്രാക്ക് വ്യൂവിലൂടെ. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന ഈ ആപ്പ് സംശയമുള്ളവരെ നിരീക്ഷിക്കാന്‍ പൊലീസുകാരും മക്കളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ മാതാപിതാക്കളും ഉപയോഗിക്കുന്നതാണ്. കഴിഞ്ഞ ദിവസമാണ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതിന് ആലപ്പുഴ വണ്ടാനം പുതുവല്‍ അജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പരാതിക്കാരന്റെ ഭാര്യയുടെ നിര്‍ദേശപ്രകാരമായിരുന്നു ചോര്‍ത്തല്‍.

പരാതിക്കാരനായ എളമക്കര സ്വദേശി അദൈ്വതിന്റെ ഭാര്യ അമ്പലപ്പുഴ സ്വദേശി ശ്രുതിയെ കേസില്‍ പ്രതി ചേര്‍ത്തു. അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. യുവതിയെ അറസ്റ്റ് ചെയ്യുന്നതിനും  ചോദ്യം ചെയ്യുന്നതിനും മുമ്പ്  അജിത്തിന്റ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസിപ്പോള്‍. കോടതിയില്‍ ഹാജരാക്കിയ അജിത്തിന്റെ ഫോണുകള്‍ ഇതിനായി ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ തട്ടിപ്പ് നടത്തിയതിന്റെ ഉദ്ദേശമെന്തെന്ന് കണ്ടെത്താനും പൊലീസിനായിട്ടില്ല. 

അദൈ്വതിന്റെ വിവരം ചോര്‍ത്താനുള്ള വിദ്യ കണ്ടുപിടിച്ച് നല്‍കിയത് സുജിത്തായിരുന്നു. ട്രാക്ക് വ്യൂ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ നമ്മുടെ സ്വന്തം ഫോണ്‍ സ്‌പൈ ക്യാമറയായി പ്രവര്‍ത്തിക്കാന്‍ തുടങ്ങും. രണ്ടു ഫോണും ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന സമയത്തെല്ലാം മുന്നിലെയും പിന്നിലെയും ക്യാമറകളും മൈക്രോഫോണും വഴി ദൃശ്യങ്ങളും ശബ്ദവും നിരീക്ഷണ ഫോണില്‍ ലഭിക്കും. സ്വകാര്യ ദൃശ്യങ്ങള്‍ മുതല്‍ നമ്മള്‍ സംസാരിക്കുന്ന കാര്യങ്ങള്‍ വരെ ഈ ആപ്പ് ചോര്‍ത്തി നല്‍കും. ഒരാള്‍ക്ക് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നതെങ്കില്‍ ആപ് സൗജന്യമാണ്. ചില ആപ്പുകള്‍ ഒരു മാസം വരെ സൗജന്യമായിരിക്കും. പണം കൊടുത്തും അല്ലാതെയും ഉപയോഗിക്കുന്ന ഇത്തരം ഒട്ടേറെ ആപ്പുകള്‍ വിപണിയില്‍ ലഭ്യമാണ്. ചിലര്‍ ഇത്തരം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ഫോണുകള്‍ പ്രതിശ്രുത വധുവിന് സമ്മാനമായി നല്‍കാറുമുണ്ട്. 

ഫോണിന്റെ ഉടമ അറിയാതെ ആപ് മറച്ചുവെക്കാന്‍ കഴിയും. എന്നാല്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകളുടെ ലിസ്റ്റില്‍ ഇതുണ്ടാകും. ചിലപ്പോള്‍ ഫോണിലെ ആന്റി വൈറസ് ഈ ആപ്പിനെ കണ്ടെത്തി സ്വമേധയാ ഫോണില്‍ നിന്നു നീക്കും. 

താന്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും എടുത്തു പറഞ്ഞ് ഭാര്യ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെ സംശയം തോന്നി ഭര്‍ത്താവ് സുഹൃത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. തുടര്‍ന്ന് ഭാര്യയ്‌ക്കെതിരേ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അദൈ്വതിന്റെ ഫോണില്‍ ഉണ്ടായിരുന്നതിനൊപ്പം ഭാര്യയുടേയും സുഹൃത്തിന്റേയും ഫോണിലും ആപ് സ്ഥാപിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ ഇരുവരുടേയും ഫോണില്‍ നിന്ന് കണ്ടെത്തിയില്ല. ഒരു ബന്ധുവിന് ശ്രുതി വിവരങ്ങള്‍ കൈമാറിയതായും സുചനയുണ്ട്. ഫോറന്‍സിക് പരിശോധനയിലൂടെ മാത്രമേ ഇത് വീണ്ടെടുക്കാനാവൂ. 

അതേസമയം എളമക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണ ചുമതല തൃക്കാക്കര അസി. കമ്മീഷണറുടെ ചുമതല വഹിക്കുന്ന ക്രൈം ബ്രാഞ്ച് അസി. കമ്മീഷണര്‍ ടി. ബിജി ജോര്‍ജിന് കൈമാറി. കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി അജിത്തിനെ ജാമ്യത്തില്‍ വിട്ടു. അദ്വൈതിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഏഴു ലക്ഷം രൂപ പിന്‍വലിച്ചതുമായി ബന്ധപ്പെട്ടു തുടങ്ങിയ കുടുംബവഴക്കാണു കുറ്റകൃത്യത്തിനു വഴിയൊരുക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍