കേരളം

വിദ്യാഭ്യാസ വകുപ്പ് വിഭജിക്കും, ഉന്നത വിദ്യാഭ്യാസം ജലീലിന്, വ്യവസായത്തിനൊപ്പം കായികവും ജയരാജന് തന്നെ; പുന: സംഘടനയ്ക്ക് സിപിഎം സംസ്ഥാന സമിതിയുടെ അംഗീകാരം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഎം നേതാവും മുന്‍മന്ത്രിയുമായ ഇ പി ജയരാജനെ വീണ്ടും ഉള്‍പ്പെടുത്തി മന്ത്രിസഭ അഴിച്ചുപണിയാന്‍ സിപിഎം സംസ്ഥാന സമിതിയുടെ നിര്‍ദേശം. തിങ്കളാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗം നിര്‍ദേശം ചര്‍ച്ച ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളെ അറിയിച്ചു. 

നിലവില്‍ 19 അംഗങ്ങളാണ് പിണറായി മന്ത്രിസഭയില്‍ ഉളളത്. ഇത് 20 ആക്കി ഉയര്‍ത്തുന്നതൊടൊപ്പം മന്ത്രിസഭ പുന:സംഘടനയിലും സിപിഎം സംസ്ഥാന സമിതി ധാരണയായി. ഇ പി ജയരാജന് മുന്‍പ് കൈകാര്യം ചെയ്തിരുന്ന വ്യവസായ വകുപ്പ് തിരിച്ചുനല്‍കണം. കൂടാതെ വാണിജ്യം , യുവജനക്ഷേമം, കായികം തുടങ്ങിയ വകുപ്പുകളുടെയും ചുമതല ഇ പി ജയരാജനെ ഏല്‍പ്പിക്കണം. നിലവില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന എ സി മൊയ്തീന് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ചുമതല കൈമാറണം. തദ്ദേശ സ്വയംഭരണവകുപ്പ് കൈകാര്യം ചെയ്യുന്ന കെ ടി ജലീലിന് വിദ്യാഭ്യാസ വകുപ്പ് വിഭജിച്ച് ഉന്നതവിദ്യാഭ്യാസത്തിന്റെ ചുമതല നല്‍കണമെന്നും സിപിഎം സംസ്ഥാന സമിതി നിര്‍ദേശിച്ചതായി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഉന്നതവിദ്യാഭ്യാസത്തിന് പുറമേ നേരത്തെ കൈകാര്യം ചെയ്തിരുന്ന ന്യൂനപക്ഷക്ഷേമത്തിന്റെ ചുമതലയും ജലീലിന് തന്നെ ലഭിക്കും. തുടര്‍നടപടികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തി.
സിപിഎമ്മിന് ഒരു മന്ത്രിസ്ഥാനം അധികം ലഭിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ മന്ത്രിമാരുടെ എണ്ണവും വര്‍ധിപ്പിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുമായി ബ്ന്ധപ്പെട്ട ചോദ്യത്തിന് ഇത്തരം വിഷയങ്ങളില്‍ എല്‍ഡിഎഫ് ചേര്‍ന്ന് ഉചിതമായ തീരുമാനം കൈക്കൊളളുമെന്ന് കോടിയേരി വ്യക്തമാക്കി. 

ഇ.പി. ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നത് സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. വിഷയത്തില്‍ ആദ്യം എതിര്‍പ്പു പ്രകടിപ്പിച്ചെങ്കിലും പിന്നീട് സി.പി.ഐ നിലപാടില്‍ മാറ്റം വരുത്തുകയായിരുന്നു. 

2016 ഒക്ടോബര്‍ 14നാണ് ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് പിണറായി മന്ത്രിസഭയിലെ രണ്ടാമനും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി. ജയരാജന്‍ പുറത്താകുന്നത്. ജയരാജന്റെ ഭാര്യാസഹോദരിയും കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകന്‍ പി.കെ. സുധീര്‍ നമ്പ്യാരെ വ്യവസായവകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനത്തില്‍ എം.ഡിയായും ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ മറ്റൊരു സ്ഥാപനത്തില്‍ ജനറല്‍ മനേജരായും നിയമിച്ചതടക്കം ബന്ധുനിയമന പരമ്പരകളാണ് ജയരാജന്റെ മന്ത്രിക്കസേര തെറിപ്പിച്ചത്. മന്ത്രിയായി 142ാം ദിവസമായിരുന്നു ജയരാജന്റെ രാജി.

ജയരാജനുള്‍പ്പെട്ട ബന്ധുനിയമനക്കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 26ന് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ആര്‍ക്കും സാമ്പത്തിക നേട്ടമോ വിലപ്പെട്ട കാര്യസാധ്യമോ ഇല്ലാത്ത സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്നായിരുന്നു വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്