കേരളം

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം  : കാലവര്‍ഷം വീണ്ടും സജീവമാകുന്നു ; അതീവ ജാഗ്രതാ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം കാലവര്‍ഷം വീണ്ടും സജീവമാകുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാലാണ് ഇതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് മിക്കയിടത്തും ഇടവിട്ട് മഴ ഉണ്ടാകുമെന്നാണ് അറിയിപ്പ്. സംസ്ഥാനത്തിന്റെ മലയോര മേഖലകളില്‍ ചൊവ്വാഴ്ച വീണ്ടും മഴ സജീവമാകുമെന്ന് സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ സ്‌കൈമെറ്റും അറിയിച്ചു. 

അതിനിടെ കേരളം ഉള്‍പ്പെടെ ഇന്ത്യന്‍ തീരത്ത് ശക്തിയേറിയ തിരമാലകള്‍ക്കു സാധ്യതയുണ്ടെന്ന് ഹൈദരാബാദിലെ ഇന്‍കോയ്‌സ് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച വരെ വന്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വേലിയേറ്റ സമയത്ത് തീരത്തോടു ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ നദികളുടെ അഴിമുഖത്തു പ്രളയജലം കടലിലേക്ക് ഇറങ്ങാതെ നില്‍ക്കുന്ന പ്രതിഭാസത്തെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിക്കുക എന്നാണ് വിലയിരുത്തല്‍.  

ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് മൂന്നു മണി വരെ വേലിയേറ്റ സമയത്ത് ഇത് കൂടുതലായിരിക്കും. രാത്രി 10 മുതല്‍ രണ്ടു മണി വരെ ചെറിയ തോതിലും ഉണ്ടാകും. ഈ സമയങ്ങളില്‍ തീരപ്രദശത്തു കടല്‍വെള്ളം അകത്തേക്കു കയറി വരാന്‍ സാധ്യതയുണ്ട്. ആഴക്കടല്‍ മല്‍സ്യബന്ധനം ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ശക്തമായ മഴയുടെ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റെഡ് അലര്‍ട്ട് നീട്ടിയിട്ടുണ്ട്. വയനാട്, ഇടുക്കി ജില്ലകളിലെ റെഡ് അലര്‍ട്ട് ഈ മാസം 14 വരെയാണ് നീട്ടിയിരിക്കുന്നത്. എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലെ റെഡ് അലര്‍ട്ട് ഈ മാസം 13 വരെ നീട്ടിയതായും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. 

വയനാട്, ഇടുക്കി ജില്ലകളില്‍ ആഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രമായ മഴയുടെ സാഹചര്യത്തില്‍ എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ആഗസ്റ്റ് 13 വരെ റെഡ് അലര്‍ട്ടും, ആഗസ്റ്റ് 14 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചതായി അറിയിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത്  മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

50 കൊക്കെയ്ൻ കാപ്സ്യൂളുകള്‍ വിഴുങ്ങി ; 6 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ കൊച്ചിയിൽ പിടിയില്‍

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത