കേരളം

‘മരിച്ചാൽ, അത് ഒന്നിച്ചു മതി’ ; എങ്ങനെയെങ്കിലും രക്ഷപ്പെട്ടോളാൻ പറഞ്ഞ കിടപ്പുരോ​ഗിയായ ഭർത്താവിനോട് ചെല്ലമ്മ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : പ്രളയദുരിതം തകർത്തെറിഞ്ഞത് നിരവധി ജീവിതങ്ങളെയാണ്. വെള്ളം കഴുത്തറ്റം പൊങ്ങിയപ്പോൾ പലരും ജീവനും കൈയിൽപിടിച്ചു കൊണ്ട് രക്ഷപ്പെടുകയായിരുന്നു.   ഇതിനിടെ ദാമ്പത്യത്തിലെ പരസ്പര സ്നേഹത്തിനും വിശ്വാസത്തിനും ഉത്തമ മാതൃകയാകുകയായിരുന്നു ആലപ്പുഴയിലെ ഈ വൃദ്ധ ദമ്പതികൾ. പ്രളയത്തിൽ ജല നിരപ്പ് നോക്കിയിരിക്കെ ഉയരുന്നത് കണ്ട കിടപ്പുരോ​ഗിയായ ഭർത്താവ് ചെല്ലപ്പൻ, ഭാര്യ ചെല്ലമ്മയുടെ കൈപിടിച്ച് പറഞ്ഞു.  ‘ഇനി എന്നെ നോക്കിയിരിക്കണ്ട, നിങ്ങൾ എങ്ങനെയെങ്കിലും രക്ഷപ്പെട്ടോ...’ 

എന്നാൽ ജീവിതകാലത്ത് ഇത്രയും നാൾ താങ്ങും തണലുമായ ഉടയവനെ വിട്ടുപോകാൻ ചെല്ലമ്മയ്ക്ക് ആകുമായിരുന്നില്ല. ‘വേണ്ട, മരിച്ചാൽ, അത് ഒന്നിച്ചു മതി’– ചെല്ലമ്മ  ഭർത്താവിനോടു ചേർന്നു നിന്നു. ഹരിപ്പാട് സെന്റ് തോമസ് ബാലഭവനിലെ ദുരിതാശ്വാസ ക്യാംപിലിര‍ുന്നാണ് ചെല്ലമ്മ, പ്രളയത്തെ അതിജീവിച്ച കഥ മറ്റുള്ളവരുമായി പങ്കുവെച്ചത്. 

‘വെള്ളപ്പൊക്കം ഞങ്ങൾക്കു പുതുമയൊന്നുമല്ല. ഞങ്ങൾ, കർഷകത്തൊഴിലാളികളാ... പക്ഷേ, ഇത്തവണ മരണം മുന്നിൽക്കണ്ടു..’ കാലവർഷത്തിൽ വീട്ടിൽ വെള്ളം കയറുന്നതും ഇറങ്ങുന്നതും പതിവാണ്. ഭർത്താവ് ചെല്ലപ്പൻ(83) കിടപ്പിലാണ്. വെള്ളം വീടിനുള്ളിൽ കയറിയാൽ കട്ടവച്ചു കട്ടിൽ ഉയർത്തുകയാണു പതിവ്. കഴിഞ്ഞ ദിവസം പ്രളയ ജലം കട്ടിലിനു മുകളിലേക്കെത്തി. ചെല്ലപ്പന്റെ കട്ടിൽ വീടിനുള്ളിൽ ഒഴുകിനടന്നു. 

മകൾ ഗിരിജയെ വിളിച്ചു വരുത്തി എല്ലാവരുംകൂടി വീടിനടുത്ത് ഉയരമുള്ള സ്ഥലത്തേക്കു മാറി. മണിക്കൂറുകൾക്കുള്ളിൽ അവിടേക്കും വെള്ളമെത്തി. ജീവൻ തന്നെ നഷ്ടപ്പെടുമെന്നായി. ജലനിരപ്പ് കഴുത്തോളം എത്താറായി. അപ്പോഴാണ് തന്നെ ഉപേക്ഷിച്ചു രക്ഷപ്പെടാൻ ചെല്ലപ്പൻ ഭാര്യയെ ഉപദേശിച്ചത്. എന്നാൽ അത് നിഷേധിച്ച ഈ വൃദ്ധ ദമ്പതികളെ തുരുത്തിലേക്ക് അതുവഴി പോയ ബോട്ടുകാരാണ് രക്ഷപ്പെടുത്തിയത്.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി