കേരളം

വെള്ളപ്പൊക്കത്തിൽപ്പെട്ടവർക്ക് ചവിട്ടുപടിയായി സ്വന്തം മുതുക് ; 'ജയ്സലിന്റെ പ്രവൃത്തി സമൂഹത്തിന് മാതൃക', സമ്മാനവുമായി വിനയൻ

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : പ്രളയക്കെടുതിയിൽ നിന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ ഉയര്‍ന്നു നില്‍ക്കുന്ന ബോട്ടിലേക്ക് കയറാന്‍ വിഷമിച്ച സ്ത്രീകള്‍ക്ക് തന്റെ മുതുക് ചവിട്ടുപടിയാക്കി നിന്ന് കൊടുത്ത മത്സ്യത്തൊഴിലാളി ജെയ്സലിന് സമ്മാനവുമായി സംവിധായകന്‍ വിനയന്‍. ജെയ്സലിന് ഒരു ലക്ഷം രൂപ സമ്മാനം നല്‍കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് വിനയന്‍ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. 

ഒറ്റമുറി ഷെഡ്ഡില്‍ കഴിയുന്ന ജെയ്സലിന്റെ കുടുംബത്തിന് ഇങ്ങനൊരു ചെറിയസമ്മാനം കൊടുക്കുന്നത് ജീവന്‍ പണയം വച്ചു പോലും ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് ഒരു പ്രോല്‍സാഹനമാകുമെന്ന്  കരുതുന്നതായി വിനയന്‍ പറയുന്നു. നാട്ടിലെ നന്‍മയുടെ പ്രതീകങ്ങളായ മല്‍സ്യത്തൊഴിലാളികളുടെ മുന്നിലും ആർദ്രതയും കരുണയുമുള്ള സ്‌നേഹസമ്പന്നരായ നമ്മുടെ യുവതലമുറയുടെ മുന്നിലും താന്‍ ശിരസ്സു നമിക്കുന്നുവെന്നും വിനയന്‍ കുറിച്ചു. 

വിനയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് 

സമൂഹത്തിന് ഏറെ മാതൃകയായി പ്രളയദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളി ജെയ്സലിന് ഒരുലക്ഷം രൂപ സമ്മാനമായി നല്‍കാന്‍ ഞാനാഗ്രഹിക്കുന്നു..ഈ വിവരം ഞാന്‍ ജെയ്സലിനെ അറിയിച്ചപ്പോള്‍ അദ്ദേഹത്തിനുണ്ടായ സന്തോഷം എന്നേ സംബന്ധിച്ച് വല്യ സംതൃപ്തി തന്നു. തന്റെ ശരീരം തന്നെ ചവിട്ടുപടിയായി കിടന്നു കൊടുത്തുകൊണ്ട് ജെയ്സല്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം സാമുഹ്യമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.

മാതൃഭൂമി ചാനലിലൂടെ ജെയ്സലിന്റെ വീടിന്റവസ്ഥയും ജീവിതത്തേപ്പറ്റിയുമൊക്കെ കേട്ടപ്പോള്‍ നിര്‍ധനനായ ആ ചെറുപ്പക്കാരനോട് വല്യ സ്‌നേഹവും ആദരവും തോന്നി ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒക്കെ എന്നാല്‍ കഴിയുന്ന പങ്ക് കൊടുത്തിട്ടുണ്ടെങ്കിലും. ഒറ്റമുറി ഷെഡ്ഡില്‍ കഴിയുന്ന ജെയ്സലിന്റെ കുടുംബത്തിന് ഇങ്ങനൊരു ചെറിയസമ്മാനം കൊടുക്കുന്നത് ജീവന്‍ പണയംവച്ചു പോലും ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് ഒരു പ്രോല്‍സാഹനമാകുമെന്ന് ഞാന്‍ കരുതുന്നു..
നമ്മുടെ നാട്ടിലെ നന്മയുടെ പ്രതീകങ്ങളായ മല്‍സ്യത്തൊഴിലാളികളുടെ മുന്നിലും..ആദ്രതയും കരുണയും ഉള്ള സ്‌നേഹസമ്പന്നരായ നമ്മുടെ യുവതലമുറയുടെ മുന്നിലും ശിരസ്സു നമിക്കുന്നു..

വിനയന്‍

ദേശീയ ദുരന്തനിവാരണസേനയുടെ അറിയിപ്പ് പ്രകാരമാണ് താനൂരുള്ള കെ.പി. ജെയ്സലും കൂട്ടുകാരും ബോട്ടുമായി രക്ഷാപ്രവര്‍ത്തനത്തിന് വേങ്ങരയിലേക്ക് പോകുന്നത്. അവിടെ മുതലമാട് വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. അവിടെ കുടുങ്ങിയ വീട്ടുകാരെ ബോട്ടില്‍ കരയിലെത്തിക്കുകയായിരുന്നു ദൗത്യം. നിലത്തുനിന്ന് ഉയര്‍ന്നുനില്‍ക്കുന്ന ബോട്ടിലേക്ക് കയറാന്‍ വിഷമിച്ച സ്ത്രീകളെ കണ്ടപ്പോള്‍ ജെയ്സൽ രണ്ടാമതൊന്ന് ആലോചിച്ചില്ല. അവര്‍ക്കും ബോട്ടിനുമിടയില്‍ അയാള്‍ കുനിഞ്ഞുനിന്നു. പാവപ്പെട്ട സ്ത്രീകള്‍ക്ക് മുന്നില്‍ ജെയ്സല്‍ ചവിട്ടുപടിയായി. ആദ്യം മടിച്ച അവർ ജെയ്സലിന്റെ പുറത്ത് ചവിട്ടി ജീവിതത്തിലേക്ക് ചുവടുവെച്ചു. 

അതിനിടെ ആരോ മൊബൈല്‍ഫോണില്‍ പകര്‍ത്തിയ ഈ രം​ഗം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതേത്തുടർന്ന് വിദേശത്തു നിന്നും അടക്കം ജെയ്സലിന് അഭിനന്ദന പ്രവാഹം ലഭിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിൽ തന്നാലായത് ചെയ്തു എന്നുമാത്രമാണ് അഭിനന്ദന പ്രവാഹങ്ങൾക്കിടയിലും ജെയ്സൽ വിനയത്തോടെ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍