കേരളം

മഹാപ്രളയം: എറണാകുളത്തു മാത്രം ചത്തൊടുങ്ങിയത്‌ 4773 മൃഗങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാനത്തിന്റെ പകുതിയോളം വിഴുങ്ങിയ മഹാപ്രളയത്തിനൊടുവില്‍ ദുരന്ത ചിത്രങ്ങള്‍ ഒന്നൊന്നായി പുറത്തു വരുമ്പോഴാണ് ചത്തൊടുങ്ങിയ മൃഗങ്ങളെയും പക്ഷികളെയും കുറിച്ച് നമ്മള്‍ ബോധവാന്‍മാരാകുന്നത്.  ആയിരക്കണക്കിന് വളര്‍ത്തുമൃഗങ്ങളാണ് ചത്തൊടുങ്ങിയത്. 

പത്ത് ലക്ഷത്തിലധികം ആളുകളെ ബാധിച്ച പ്രളയത്തില്‍ അഞ്ഞൂറോളം മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ നിരവധി പക്ഷികളും മൃഗങ്ങളും ചത്തു. അതില്‍ എറണാകുളം ജില്ലയില്‍ മാത്രം 4773 മൃഗങ്ങളും 178544 പക്ഷികളും ചത്തൊടുങ്ങിയതായാണ് പ്രാഥമിക കണക്ക്. 1679 കാലിത്തൊഴുത്തുകളും തകര്‍ന്നു. മൃഗ സംരക്ഷണ വകുപ്പാണ് കണക്കെടുപ്പ് തയാറാക്കിയത്.

എറണാകുളം പെരുമ്പാവൂരിനടുത്ത് പെരിയാറിലെ വെളളമിറങ്ങിയപ്പോള്‍ കണ്ട കാഴ്ച പശുവും പോത്തും എരുമയും അടക്കം നിരവധി വളര്‍ത്തു മൃഗങ്ങള്‍ ചത്തു കിടക്കുന്നതായിരുന്നു. പലതും അഴുകിത്തുടങ്ങിയിരിക്കുന്നു. ദൂരദിക്കുകളില്‍ നിന്ന് പ്രളയത്തില്‍ ഒഴുകി വന്ന് അടിഞ്ഞതാണ്.

ചത്ത മൃഗങ്ങളെ വേണ്ടവിധത്തില്‍ സംരക്ഷിക്കുന്നതിനൊപ്പം ജീവിച്ചിരിക്കുന്നവയെ സംരക്ഷിക്കുകയും വേണം. ഇവയ്ക്ക് നല്‍കാനായിട്ട് അഞ്ച് ടണ്‍ ധാതു ലവണ മിശ്രിതങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. 30 ടണ്‍ കാലിത്തിറ്റയും എത്തിച്ചു.

പ്രളയം മൂലം രോഗബാധയും ക്ഷീണവും പിടിപെട്ട മൃഗങ്ങളെ ചികിത്സിക്കാന്‍ ഇന്നു മുതല്‍ നാല്‍പ്പത് മൃഗാരോഗ്യ മൊബൈല്‍ ക്ലിനിക്കുകള്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ പ്രവര്‍ത്തനമാരംഭിക്കും. ആലുവ, പറവൂര്‍, മൂവാറ്റുപുഴ മേഖലകളിലെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചായിരിക്കും ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. ക്ലിനിക്കിലെത്തിക്കാന്‍ കഴിയാത്ത മൃഗങ്ങളെ സ്ഥലത്ത് പോയി ചികിത്സിക്കാനും സംവിധാനമുണ്ട്.

സംസ്ഥാനത്തൊട്ടാകെ പ്രളയം ബാധിച്ചിടത്തെല്ലാം ഇത്തരം കാഴ്ചകളുണ്ട്. വീടുകളുടെ മുറ്റത്ത് കെട്ടിയിട്ടിരുന്നവ പലതും വെളളം ഇരച്ചുകയറിയപ്പോള്‍ മുങ്ങിച്ചത്തു. നായ്ക്കളെ മാത്രമാണ് അപൂര്‍വം ചിലര്‍ക്ക് രക്ഷിക്കാനായത്. അഴുകിത്തുടങ്ങിയ ഇവയെ ഉടന്‍ നീക്കം ചെയ്തില്ലെങ്കില്‍ രോഗങ്ങള്‍ പടരും. വികാരഭരിതമായിട്ടാണ് പലരും ഇത്തരം കാഴ്ചകളോട് പ്രതികരിച്ചത്. വെളളം ഉയര്‍ന്നപ്പോള്‍ മരണ വെപ്രാളത്തില്‍ രക്ഷപെടാന്‍ ശ്രമിച്ച നിരവധി വളര്‍ത്തുമൃഗങ്ങള്‍ വീടുകളുടെ കിണറുകളില്‍ വീണ് ചത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ