കേരളം

'കര്‍ഷകത്തൊഴിലാളികളുടെ കരുത്ത് കേരളം കാണാന്‍ പോവുകയാണ്: മൂന്നു ദിവസം കൊണ്ട് കുട്ടനാട് വൃത്തിയാക്കും'

സമകാലിക മലയാളം ഡെസ്ക്

മൂന്നു ദിവസം കൊണ്ട് കുട്ടനാട് വൃത്തിയാക്കി കേരളത്തിന്റെ കരുത്ത് എന്തെന്ന് അര്‍ണബുമാരെ പഠിപ്പിക്കാമെന്ന ആഹ്വാനവുമായി ധനമന്ത്രി തോമസ് ഐസക്. രക്ഷാദൗത്യത്തില്‍ മത്സ്യത്തൊഴിലാളികളുടെ കരുത്തും അര്‍പ്പണബോധവും ആണ് കണ്ടതെങ്കില്‍ പുനരധിവാസ ദൗത്യത്തില്‍ കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികളുടെ കരുത്തു കേരളം കാണാന്‍ പോകുകയാണെന്നു മന്ത്രി അഭിപ്രായപ്പെട്ടു. 

കര്‍ഷക തൊഴിലാളികള്‍ രണ്ടുമൂന്നു ദിവസം കൊണ്ട് കുട്ടനാട് ആവാസയോഗ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹം പ്രതികരിച്ചത്.

തോമസ് ഐസക്കിന്റെ ഫേസിബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

ഓപ്പറേഷന്‍ റീഹാബിലിട്ടേഷന്‍ ആലപ്പുഴയുടെ തയാറെടുപ്പ് ചിട്ടയായി പുരോഗമിക്കുകയാണ്. നാളെ കാലത്ത് പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രളയ ഗ്രാമസഭകള്‍ ചേരും. അറുപതിനായിരം കുട്ടനാട്ടുകാരെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ അണിനിരത്താനാണു ശ്രമിക്കുന്നത്. രക്ഷാദൗത്യത്തില്‍ മത്സ്യത്തൊഴിലാളികളുടെ കരുത്തും അര്‍പ്പണബോധവും ആണ് കണ്ടതെങ്കില്‍ ഈ പുനരധിവാസ ദൗത്യത്തില്‍ കുട്ടനാട്ടിലെ കര്‍ഷകതൊഴിലാളികളുടെ കരുത്തു കേരളം കാണാന്‍ പോകുകയാണ്. രണ്ടുമൂന്നു ദിവസങ്ങള്‍ കൊണ്ടവര്‍ കുട്ടനാട് ആവാസയോഗ്യമാക്കും
ഇതിനോടൊപ്പം ആലപ്പുഴ ജില്ലയിലെ മറ്റു ഭാഗങ്ങളില്‍ നിന്ന് പരമാവധി ആളുകളെ പങ്കാളിയാക്കുന്നതിന് സിപിഎം പോലുള്ള പ്രസ്ഥാനങ്ങള്‍ സജീവമായി രംഗത്തുണ്ട്. മറ്റു സംഘടനകളും ഇതിനു മുന്‍കൈ എടുക്കും എന്ന് കരുതട്ടെ. ഇവര്‍ക്കൊക്കെ കുട്ടനാടും പരിസരവും ഒക്കെ സമാന്യം പരിചിതമാണ്. അതുകൊണ്ട് എന്റെ വേവലാതി ആലപ്പുഴയ്ക്ക് പുറത്തുനിന്ന് വരുന്നവരെ കുറിച്ചാണ്. ഇപ്പോള്‍ തന്നെ വൊളന്റിയര്‍ റജിസ്‌ട്രേഷന്‍ രണ്ടായിരത്തിനടുത്ത് ആയി. സംഘടനകളില്‍നിന്ന് ഒരാളെ റജിസ്റ്റര്‍ ചെയ്യുന്നുള്ളൂവെങ്കിലും പലരും സംഘമായിട്ടാണു വരാന്‍ തീരുമാനിച്ചിരിക്കുന്നത്.

തിരുവനന്തപുരം കോര്‍പറേഷന്‍ മേയറും 400 പേരും ഒരുമിച്ചാണ് എത്തുന്നത്. കയര്‍ഫെഡ് ജീവനക്കാര്‍ 150 പേര്‍... ഇങ്ങനെ പല സ്ഥാപനങ്ങളും സംഘടനകളും സന്നദ്ധത അറിയിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതുപോലെ 27നു രാത്രി വരുന്നവര്‍ക്കു പരിമിതമായ താമസ സൗകര്യങ്ങളെ ഏര്‍പ്പെടുത്താനാവൂ. സ്‌കൂളുകളിലും കോളജുകളിലും മറ്റും ക്യാംപുകള്‍ നടക്കുന്നതു കൊണ്ടാണിത്. എന്നാലും എല്ലാവര്‍ക്കും ഡോര്‍മെട്രി സൗകര്യങ്ങള്‍ എങ്കിലും നല്‍കാന്‍ പരിശ്രമം നടക്കുന്നു.

വരുന്നവര്‍ സ്വന്തം കുടിവെള്ള കുപ്പി കൊണ്ടുവരുന്നത് നന്നാവും. ഗ്ലൗസ് തരാം. പക്ഷേ പാദരക്ഷകള്‍ സ്വയം കരുതണം. വന്നാല്‍ വൈകിട്ട് എലിപ്പനിക്കുള്ള ഗുളിക കഴിക്കാന്‍ മറക്കരുത്. പണിയായുധങ്ങള്‍ ഇവിടെ തന്നെ ഏര്‍പ്പാട് ചെയ്യാം. പക്ഷേ, ആര്‍ക്കെങ്കിലും ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ഹൈപ്രഷര്‍ പമ്പ് കൊണ്ട് വരാന്‍ പറ്റുമെങ്കില്‍ വളരെ പ്രയോജനപ്രദമാകും. പുറത്തുനിന്നു വരുന്നവര്‍ കലക്ട്രേറ്റില്‍ വരിക, അവിടെ നിന്ന് എങ്ങോട്ടേയ്ക്കാണു പോകേണ്ടത് എന്ന നിര്‍ദേശങ്ങള്‍ നല്‍കാം. ഇതിനായിട്ടു പ്രത്യേകം കാള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട് . എന്താവശ്യത്തിനും ഈ നമ്പരുകളില്‍ ബന്ധപ്പെടുക. മുഹസിന്‍ 8129410413. സന്ദീപ്  9544229757. അമല്‍  9533737172. ജോബിന്‍  8089317761.

വരൂ മൂന്നു ദിവസം കൊണ്ട് കുട്ടനാട് വൃത്തിയാക്കി കളയാം . കേരളത്തിന്റെ കരുത്ത് എന്തെന്ന് അര്‍ണബുമാരെ പഠിപ്പിക്കാം. നാളെ രാവിലെ 9 മണിക്ക് ശേഷം കലക്ട്രേറ്റിലെ ഈ നമ്പരുകളിലും വിവരങ്ങള്‍ അറിയാം. 0477 2230096, 0477 2230160, 0477 2236831.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം