കേരളം

അന്ന് ആര്‍ത്തലച്ച് ഒഴുകി, ഇന്ന് വെള്ളമില്ലാതെ മണല്‍തിട്ട കാണുന്നു; ഈ പുഴയിലെ വെള്ളമെല്ലാം എങ്ങോട്ടാണ് പോയത്?

സമകാലിക മലയാളം ഡെസ്ക്

വീടുകളുടെ മേല്‍ക്കൂരകള്‍ വരെ മൂടിക്കൊണ്ടാണ് കേരളത്തിലെ പുഴകള്‍ ആര്‍ത്തലച്ച് ഒഴുകിയത്. പുഴയും കരയും തിരിച്ചറിയാനാകാതെ കടല്‍പോലെ വെള്ളം പരന്ന് ഒഴുകി. എന്നാല്‍ ഇപ്പോഴത്തെ ഈ പുഴകളുടെ അവസ്ഥയും ആശങ്ക ഉയര്‍ത്തുന്നതാണ്. വെള്ളം വറ്റി നേര്‍ത്ത ചാലായി മാറിയിരിക്കുകയാണ് സംസ്ഥാനത്തെ ഭൂരിഭാഗം നദികളും. ഈ പുഴ തന്നെയാണോ നമ്മെ പ്രളയത്തില്‍ ആഴ്ത്തിയത് എന്നു തോന്നിപ്പോകും. ശരിക്കും ഈ പുഴയിലെ വെള്ളമെല്ലാം എങ്ങോട്ടേക്കാണ് പോയത്. 

വേനല്‍കാലത്തിന്റെ പ്രതീതിയിലാണ് പല പുഴകളും ഒഴുകുന്നത്. കരകവിഞ്ഞൊഴുകി പ്രളയം സൃഷ്ടിച്ച ഭാരതപ്പുഴയില്‍ വെള്ളം താഴ്ന്നതോടെ മണല്‍ത്തിട്ടകള്‍ രൂപപ്പെട്ടിരിക്കുകയാണ്. പാലക്കാട്ടേയും തൃശൂരിലേയും എറണാകുളത്തേയും പുഴകളുടെ അവസ്ഥ സമാനമാണ്. പാലക്കാട് ജില്ലയില്‍ തന്നെ ഗായത്രിപുഴയിലും വെള്ളം താഴ്ന്ന് മണല്‍ത്തിട്ടകള്‍ ഉയര്‍ന്നിട്ടുണ്ട്. അട്ടപ്പാടി ആദിവാസി ഊരുകളില്‍ വെള്ളപ്പൊക്കമുണ്ടാക്കിയ ഭവാനിപ്പുഴയിലേയും വെള്ളം കുറഞ്ഞിട്ടുണ്ട്. 

പ്രളയം നിറച്ച ഭൂരിഭാഗം നദികളിലേയും ജലനിരപ്പില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ചാലക്കുടിപ്പുഴ, കുറുമാലിപ്പുഴ, മണലിപ്പുഴ, കരുവന്നീര്‍ പുഴ എന്നിവിടങ്ങളില്‍ ജലനിരപ്പ് കുത്തനെ താഴ്ന്നു. വെളളപ്പൊക്കമുണ്ടാകുമ്പോള്‍ ഭൂഗര്‍ഭജലമൊഴുക്കിന്റെ വേഗത്തിലും ദിശയിലും സംഭവിക്കുന്ന മാറ്റമാണോ പുഴ മെലിയാന്‍ കാരണമാകുന്നതെന്ന് പരിശോധിക്കേണ്ടി വരുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

തൃശൂരില്‍ കനത്ത നാശം വിതച്ച ചാലക്കുടിപുഴയില്‍ പലയിടത്തും മണല്‍ത്തിട്ടകള്‍ കാണാറായി. ഹെക്റ്റര്‍ കണക്കിന് തീരം ഇടിഞ്ഞു പുഴയുടെ വീതി കൂടിയതും കുത്തൊഴുക്കില്‍ പുഴയുടെ അടിയില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതും ജലവിതാനം താഴാന്‍ കാരണമായതായാണ് പറയുന്നത്. കണക്കന്‍ കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിലെ സ്ലൂയിങ് ഷട്ടറുകള്‍ തുറന്ന് കടലിലേക്ക് ഒഴുക്കിക്കളഞ്ഞതും വെള്ളം കുറയാന്‍ കാരണമായിട്ടുണ്ട്. 

ഇടുക്കിയില്‍ പെരിയാറിന്റെ നീരൊഴുക്കില്‍ കാര്യമായ കുറവുണ്ടായിട്ടില്ലെങ്കിലും ആലുവ ഭാഗത്തെത്തുമ്പോള്‍ ഇത് ഏഴ് മീറ്ററോളം കുറഞ്ഞിട്ടുണ്ട്. പത്തനംതിട്ടയില്‍ പമ്പാനദിയിലെ വെള്ളം കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് 30 അടിയോളം കുറഞ്ഞിരിക്കുകയാണ്. പ്രളയത്തിന് 10.58 മീറ്ററായി ഉയര്‍ന്ന ജലനിരപ്പ് ഇപ്പോള്‍ 2.52 മാത്രമാണ്. രൂക്ഷ മഴയില്‍ തകര്‍ന്ന കോഴിക്കോടും വയനാടും സമാന അവസ്ഥയാണ്. കോഴിക്കോട് ചാലിയാര്‍, ഇരുവഞ്ഞിപ്പുഴ, ചെറുപുഴ, കോരപ്പുഴ എന്നിവയില്‍ ജലം താഴ്ന്നു. അതുപോലെ വയനാട് പനമരം പുഴയിലും മാനന്തവാടിയിലും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. മഴക്കാലത്ത് സാധാരണയായി കാണുന്ന ജലനിരപ്പിനേക്കാള്‍ വളരെ താഴെയാണ് പല നദികളിലേയും ജലവിതാനം. എന്നാല്‍ മഴ ശക്തമായി ചില തുടരുന്ന ഭാഗങ്ങളിലെ പുഴകള്‍ ഇപ്പോഴും നിറഞ്ഞൊഴുകുകയാണ്. 

എന്നാല്‍ ജലനിരപ്പ് കുറഞ്ഞതില്‍ ആശങ്കപ്പെടാനില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കരകവിഞ്ഞൊഴുകിയ പുഴകള്‍ക്ക് സുഗമമായി കടലിലേക്ക് ഒഴുകാനുള്ള അവസരം പ്രളയം സൃഷ്ടിച്ചതെന്നും ഇതാണ് വെള്ളം കുറയാന്‍ കാരണമായതെന്നുമാണ് അവര്‍ പറയുന്നത്. പൂര്‍ണചന്ദ്ര ദിനങ്ങളില്‍ വേലിയേറ്റത്തിനൊപ്പം വേലിയിറക്കത്തിനും സാധ്യതയേറെയാണ്. വേലിയിറക്കത്തില്‍ കടല്‍ കൂടുതല്‍ വലിയാറുണ്ട്. ഇതോടെ നദികളിലെ ജലം കൂടുതല്‍ ആകര്‍ഷിക്കപ്പെടുക സ്വാഭാവികമാണ്. ഒഴുക്കിന് തടസ്സങ്ങള്‍ ഇല്ലാതായതോടെ കടലിലേക്ക് കൂടുതല്‍ ഒഴുക്കുണ്ടായതും പുഴമെലിയാന്‍ കാരണമായി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു