കേരളം

സര്‍ക്കാര്‍ നടപടി പാപ്പരത്വം; ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല, സെന്‍കുമാര്‍ വീണ്ടും നിയമനടപടിക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് വീണ്ടും സര്‍ക്കാരിനെതിരെ മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍ നിയമനടപടിക്ക് ഒരുങ്ങുന്നു. ചാരക്കേസില്‍ നമ്പി നാരായണനെ ഉപദ്രവിച്ചതില്‍ സെന്‍കുമാറിനും പങ്കുണ്ടെന്ന് കാണിച്ച് സത്യവാങ്മൂലം നല്‍കിയതിനെതിരെയാണ് കോടതിയെ സമീപിക്കുന്നത്. തനിക്കെതിരായി ചുമത്തിയ കള്ളക്കേസുകളെല്ലാം തള്ളിപ്പോയപ്പോള്‍ സര്‍ക്കാര്‍ കാട്ടിക്കൂട്ടുന്ന പാപ്പരത്വമാണ് നടപടിയെന്ന് സെന്‍കുമാര്‍ ഒരു സ്വകാര്യ ചാനലിനോട്  പറഞ്ഞു.

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലെ നിയമനം വൈകുന്നതടക്കമുള്ള സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതു പരിഗണിച്ചപ്പോഴാണ് നമ്പി നാരായണനെതിരായ കേസില്‍ സെന്‍കുമാറും തെറ്റായ ഇടപെടല്‍ നടത്തിയെന്ന് കാണിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. ഇതു കോടതിയെ തെറ്റിദ്ധരിപ്പിക്കലാണെന്ന് കാണിച്ചു വീണ്ടും നിയമനടപടി സ്വീകരിക്കാനാണ് സെന്‍കുമാറിന്റെ തീരുമാനം.

സര്‍ക്കാര്‍ ആവശ്യപ്രകാരം ഐഎസ്ആര്‍ഒ ചാരക്കേസ് ഏറ്റെടുത്തെങ്കിലും കാര്യമായ അന്വേഷണം തുടങ്ങും മുമ്പ് തന്നെ ഹൈക്കോടതി നിര്‍ദേശപ്രകാരം ഫയലുകള്‍ മടക്കി നല്‍കിയിരുന്നു. കേസില്‍ താന്‍ വേറൊന്നും ചെയ്തിട്ടില്ല. നമ്പി നാരായണന്‍ തനിക്കേറ്റ പീഡനങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി എഴുതിയ 'ഓര്‍മകളുടെ ഭ്രമണപഥം' എന്ന ആത്മകഥയില്‍ പോലും തന്റെ പേരില്ല. താന്‍ കുറ്റക്കാരനെങ്കില്‍ ഇ.കെ. നായനാര്‍ സര്‍ക്കാര്‍ ഒന്നാംപ്രതിയാകുമെന്നും അദ്ദേഹം പറഞ്ഞു. 

നമ്പി നാരായണനെ കുറ്റവിമുക്തനാക്കിയ സുപ്രീംകോടതി വിധിക്ക് ശേഷം ഉദ്യോഗസ്ഥ വീഴ്ച അന്വേഷിക്കുന്ന സമിതിയുടെ മുന്നില്‍ തന്നെയും കുറ്റക്കാരനാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് സെന്‍കുമാര്‍ ആരോപിച്ചു. തനിക്കെതിരെയെടുത്ത എല്ലാ കേസുകളും കോടതി തള്ളിക്കളഞ്ഞതിനാല്‍ അടുത്ത പ്രതികാരനടപടിയാണിതെന്നും അദ്ദേഹം ആരോപിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി