കേരളം

കനത്ത പ്രതിഷേധം: മനിതി സംഘം മലകയറാതെ മടങ്ങി, നിര്‍ബന്ധിച്ച് തിരിച്ചയച്ചെന്ന് സെല്‍വി, സ്വന്തം ഇഷ്ടപ്രകാരമെന്ന് പൊലീസ്, അറസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

ശബരിമല: മണിക്കൂറുകള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കും നാടകീയ രംഗങ്ങള്‍ക്കും ഒടുവില്‍ ശബരിമല ദര്‍ശനത്തിന് എത്തിയ മനിതി സംഘം മലകയറാതെ മടങ്ങി. സുരക്ഷാ പ്രശ്‌നമുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാണിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ മധുരയിലേക്ക് തിരികെ പോകാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം മടങ്ങിപ്പോകുന്നതിനെ ചൊല്ലി പൊലീസും മനീതി സംഘവും വ്യത്യസ്ത അഭിപ്രായമാണ് ഉന്നയിക്കുന്നത്. സ്വന്തം ഇഷ്ട പ്രകാരമാണ് ഇവര്‍ തിരിച്ചുപോകുന്നതെന്ന് പൊലീസ് പറയുമ്പോള്‍, പൊലീസ് നിര്‍ബന്ധപൂര്‍വം തിരിച്ചയക്കുകയാണെന്ന് മനിതി സംഘം ആരോപിക്കുന്നു. ഇതിനിടെ സ്ത്രീകളെ തടഞ്ഞസംഭവത്തില്‍ പൊലീസ് രണ്ടു കേസെടുത്തു.

ശബരിമല ദര്‍ശനത്തിനായി തമിഴ്‌നാട്ടില്‍ നിന്നെത്തിയ മനീതി സംഘത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നാടകീയ രംഗങ്ങളാണ് പമ്പയില്‍ അരങ്ങേറിയത്. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിന് ഒടുവില്‍ പൊലീസ് അകമ്പടിയോടെ സന്നിധാനത്തേക്ക് മനിതി സംഘത്തെ കൊണ്ടുപോകാനുളള ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. സ്ത്രീകളെ തടഞ്ഞുകൊണ്ട് പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതോടെ ഇവരെ തത്കാലത്തേയ്ക്ക് ഗാര്‍ഡ് റൂമിലേക്ക മാറ്റി. പ്രതിഷേധം കനത്തത്തോടെ മനിതി സംഘത്തെ സന്നിധാനത്തേയ്ക്ക് കൊണ്ടുപോകാനുളള ശ്രമത്തില്‍ നിന്ന് പൊലീസ് പിന്മാറുകയായിരുന്നു.ഇതിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. തുടര്‍ന്ന് നിരോധനാജ്ഞ ലംഘിച്ചു എന്ന് ആരോപിച്ച് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. 11 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയത്. 

തുടര്‍ന്ന് പൊലീസ് നടത്തിയ അനുനയശ്രമത്തിന് ഒടുവിലാണ് മനിതി സംഘം നാട്ടിലേക്ക് തിരിച്ചുപോകാന്‍ തീരുമാനിച്ചത്. പൊലീസ് നിര്‍ബന്ധപൂര്‍വം തിരിച്ചയക്കുകയാണെന്ന് ആരോപിച്ച മനിതി സംഘം വീണ്ടും തിരിച്ചെത്തുമെന്ന് അറിയിച്ചു. ആവശ്യപ്പെടുന്ന സ്ഥലം വരെ ഇവര്‍ക്ക് സുരക്ഷ ഒരുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. തങ്ങളെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ മനിതി സംഘത്തിന്റെ പരാതി കണക്കിലെടുത്താണ് പൊലീസ് രണ്ടുകേസ് രജിസ്റ്റര്‍ ചെയ്തത്. 

മണിക്കൂറുകള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് മനീതി സംഘത്തിന് പമ്പയില്‍ നിന്ന് മുന്നോട്ട് പോകാന്‍ സാഹചര്യം ഒരുക്കിയത്.
മനിതി സംഘം ശബരിമലയിലേക്ക് പ്രവേശിക്കുന്നത് തടയാനായി പ്രതിഷേധിക്കുന്നവര്‍ പിരിഞ്ഞുപോകണമെന്ന് മെഗാഫോണില്‍ കൂടി ആവര്‍ത്തിച്ച് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടും പിരിഞ്ഞു പോകാത്ത സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്തത്. ശബരിമല ദര്‍ശനത്തിന് എത്തിയ യുവതികളെ അനുനയിപ്പിച്ച് തിരിച്ചയക്കാനുള്ള പോലീസിന്റെ ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. എങ്ങനെയും സന്നിധാനത്ത് എത്തിക്കണമെന്ന് മനിതി സംഘം പോലീസിനോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ സന്നിധാനത്തേയ്ക്ക് കൊണ്ടുപോകാന്‍ പൊലീസ് തീരുമാനിച്ചത്. 

തമിഴ്‌നാട്ടില്‍നിന്ന് കമ്പംമേട് വഴി കേരളത്തിലെത്തിയ മനിതി സംഘത്തെ പാറക്കടവില്‍ വെച്ച് തടയാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടര്‍ന്ന് ഇവര്‍ പോലീസ് അകമ്പടിയോടെ കട്ടപ്പന കടന്ന് നാല് പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഇവര്‍ കുട്ടിക്കാനം വഴി പമ്പയിലെത്തിയത്. യുവതികള്‍ സന്ദര്‍ശനം നടത്തുന്ന സാഹചര്യത്തില്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി