കേരളം

യുഡിഎഫുമായുള്ള ചർച്ച പരാജയം; കേരള ബാങ്കിൽ നിന്ന് അഞ്ച് ജില്ലാ ബാങ്കുകൾ പുറത്താകും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലാ സഹകരണ ബാങ്കുകളെ ഉൾപ്പെടുത്താതെ കേരള ബാങ്ക് രൂപവത്കരണത്തിനൊരുങ്ങി സർക്കാർ. സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കാൻ റിസർവ് ബാങ്ക് നിർദേശിച്ച മൂന്നിൽ രണ്ട് ഭൂരിപക്ഷം ഈ ജില്ലാ ബാങ്കുകളുടെ പൊതുയോഗത്തിൽ ഉണ്ടാകില്ലെന്നതിനാലാണ് ഇവയെ ഒഴിവാക്കുന്നത്. കോട്ടയം, ഇടുക്കി, കാസർകോട്, വയനാട്, മലപ്പുറം ജില്ലാ ബാങ്കുകളാണ് ഇത്തരത്തിൽ ഒഴിവാകുക. രാഷ്ട്രീയ സമവായമുണ്ടാക്കാൻ യുഡിഎഫ് നേതൃത്വവുമായി ചർച്ച നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. മലപ്പുറം ജില്ലാ ബാങ്കിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം യുഡിഎഫിനാണ്. കാസർകോട് ജില്ലാ ബാങ്കിൽ ബിജെപി നിലപാടും നിർണായകമാകും.

14 ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരളബാങ്ക് രൂപവത്കരിക്കാനാണ് സർക്കാർ റിസർവ് ബാങ്കിന് അപേക്ഷ നൽകിയത്. ഇതിന് റിസർവ് ബാങ്ക് തത്വത്തിൽ അനുമതി നൽകി. അന്തിമാനുമതിക്കായി 19 ഉപാധികൾ മുന്നോട്ടുവച്ചു. സംസ്ഥാന സഹകരണ നിയമവും ചട്ടവും പാലിച്ചുമാത്രമേ ലയനം നടത്താവൂ എന്നതാണ് ഇതിൽ ആദ്യത്തേത്. നിയമത്തിലെ ഓരോ വ്യവസ്ഥകളും കൃത്യമായി പാലിക്കണമെന്നും ആർബിഐ പ്രത്യേകം പരാമർശിക്കുന്നു. 

ഒരു സഹകരണ സ്ഥാപനം മറ്റൊരു സഹകരണ സ്ഥാപനത്തിൽ ലയിപ്പിക്കാൻ പൊതുയോഗത്തിന്റെ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്നാണ് ചട്ടം. കേരള ബാങ്കിനെ യുഡിഎഫ് എതിർക്കുന്നതിനാൽ ഈ വ്യവസ്ഥ അഞ്ച് ജില്ലാ സഹകരണ ബാങ്കുകളിൽ പാലിക്കാനാവാത്ത സ്ഥിതിയാണ്. നിയമഭേദഗതിയിലൂടെ പ്രശ്നം പരിഹരിക്കാനുള്ള ആലോചനയുണ്ടായിരുന്നു. 

എന്നാൽ സഹകരണ നിയമത്തിലും കമ്പനി നിയമത്തിലുമുള്ള ഒരു നിബന്ധന സർക്കാർ ഭേദഗതിയിലൂടെ കേരളബാങ്കിനായി മറികടക്കാൻ ശ്രമിച്ചാൽ റിസർവ് ബാങ്ക് എതിർക്കാനിടയുണ്ട്. ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റേതടക്കമുള്ള പരാതികൾ റിസർവ് ബാങ്കിന് ലഭിച്ചിട്ടുമുണ്ട്. അതിനാൽ നിയമഭേദഗതിയെ ഏതെങ്കിലും ജില്ലാ ബാങ്ക് കോടതിയിൽ ചോദ്യം ചെയ്താലും കേരളബാങ്ക് രൂപവത്കരണത്തെ ബാധിക്കും.

ഛത്തീസ്ഗഢിൽ സംസ്ഥാന ബാങ്കുമായി ചേരാതെ ഒരു ജില്ലാബാങ്ക് പ്രവർത്തിക്കുന്നുണ്ട്. ഇതിൽ റിസർവ് ബാങ്ക് എതിർപ്പ് പ്രകടിപ്പിച്ചില്ലെന്നത് സർക്കാരിന് ആത്മവിശ്വാസം നൽകുന്നു. 

ജനുവരി 15-നകം എല്ലാ ജില്ലകളിലും പ്രാഥമിക സഹകരണ ബാങ്ക് പ്രതിനിധികളുടെ യോഗം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രാഥമിക സഹകരണ ബാങ്കുകളാണ് ജില്ലാ ബാങ്കുകളിലെ അംഗങ്ങൾ. അതിനാൽ, ഇവരുടെ പിന്തുണ ഉറപ്പാക്കാനായാൽ പരമാവധി ജില്ലാ ബാങ്കുകളെ കൂടെനിർത്താനാകുമെന്ന്‌ സർക്കാർ കരുതുന്നു. കേരളബാങ്കിന്റെ ഭാഗമാകാത്ത ജില്ലാ ബാങ്കുകൾക്കും അതിലെ അംഗങ്ങളായ പ്രാഥമിക സഹകരണ ബാങ്കുകൾക്കും പ്രതിസന്ധിയുണ്ടാകുമെന്ന സന്ദേശവും ഈ യോഗങ്ങളിൽ നൽകും.

പൊതുയോഗത്തിൽ അവതരിപ്പിക്കാനായി ലയന രേഖ തയ്യാറാക്കിയിട്ടുണ്ട്. നിക്ഷേപകരെക്കൂടി ഇത് അറിയിക്കണമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. ലയനത്തിന് സർക്കാർ- ജില്ലാ ബാങ്ക്- സംസ്ഥാന സഹകരണ ബാങ്ക് എന്നിവ സംയുക്തമായി ധാരണാപത്രം (എംഒയു) ഒപ്പുവെക്കണം. ഇതിനുള്ള രേഖയും തയ്യാറാക്കി. ഫെബ്രുവരി പകുതിയോടെ കേരളബാങ്കിന്റെ പ്രഖ്യാപനമുണ്ടാകും. 15 ഉപസമിതികളാണ് കേരളബാങ്കിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ