കേരളം

കിഫ്ബി അക്ഷയനിധിയല്ല; തിരിച്ചുനല്‍കേണ്ടത് ഒരു ലക്ഷം കോടി രൂപ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:കേരളത്തിന്റെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു അത്താണി എന്ന നിലയില്‍ കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച കിഫ്ബി ബാധ്യതയാകുമോ എന്ന ചോദ്യം ഉയരുന്നു. 

കിഫ്ബി അക്ഷയനിധിയല്ലെന്ന് ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്ക് തുറന്നുപറയുന്നു. വായ്പയായി എടുക്കുന്ന മുതലും പലിശയും തിരിച്ചു നല്‍കണം. ഒമ്പതു ശതമാനം പലിശയും മൂന്നുവര്‍ഷം മോറട്ടോറിയവും ഏഴു വര്‍ഷം തിരിച്ചടവ് കാലവും അനുമാനിച്ചാല്‍ ഒരു ലക്ഷം കോടി രൂപ തിരിച്ചുനല്‍കേണ്ടിവരുമെന്ന് ബജറ്റില്‍ തോമസ് ഐസക്ക് തന്നെയാണ് ചൂണ്ടികാണിക്കുന്നത്.

എന്നാല്‍ തിരിച്ചടവില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന മുന്‍കൂര്‍ ജാമ്യവും തോമസ് ഐസക്ക് ബജറ്റില്‍ വരച്ചുകാണിക്കുന്നു. പെട്രോള്‍ സെസിന്റെയും മോട്ടോര്‍വാഹനനികുതിയുടെയും വിഹിതമായി തിരിച്ചടവ് കാലയളവ് തീരും മുന്‍പ് മുഴുവന്‍ തുകയും ഗ്രാന്റായി ലഭിച്ചിരിക്കും. തങ്ങളുടെ ഭാവി വരുമാനത്തെ സെക്യൂരിറ്റൈസ് ചെയ്യുക മാത്രമാണ് കിഫ്ബി ചെയ്യുന്നതെന്നും സര്‍ക്കാര്‍ ബജറ്റില്‍ ന്യായികരിക്കുന്നു.

ഇപ്രകാരം നിര്‍ദിഷ്ട കാലയളവില്‍ കിഫ്ബിക്ക് ഗ്രാന്റായി ലഭിക്കുന്ന തുകയും തിരിച്ചടവ് ബാധ്യതകളും സന്തുലിതമായിരിക്കുമെന്ന് ഉറപ്പുവരുത്തിക്കൊണ്ടേ കിഫ്ബിയില്‍ നിന്നും പ്രോജക്ടുകള്‍ക്ക് കിഫ്ബി ബോര്‍ഡ് അനുവാദം നല്‍കൂ എന്നും ബജറ്റ് വിശദീകരിക്കുന്നു. അങ്ങനെയെങ്കില്‍ 20000 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി എങ്ങനെ പണം അനുവദിച്ചു എന്ന സംശയവും ഉയരുന്നുണ്ട്.

കിഫ്ബി സൃഷ്ടിക്കാവുന്ന ഭാവിയിലെ ബാധ്യതയെ ക്കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ല. നമ്മള്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുളള പദ്ധതികള്‍ ഓരോന്നും നമ്മുടെ നാടിന് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി കിഫ്ബിയെ ന്യായീകരിക്കാനും ഐസക്ക് ബജറ്റില്‍ മറന്നില്ല.

ഇതുവരെ 4270 കോടി രൂപ സംസ്ഥാനസര്‍ക്കാര്‍ കിഫ്ബിക്ക് ഗ്രാന്റായി നല്‍കി. 3000 കോടിയ്ക്ക് ജനറല്‍ ഒബ്ലിഗേഷന്‍ ബോണ്ട് പുറപ്പെടുവിക്കുന്നതിന് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. തുടര്‍ന്നുളള കാലയളവില്‍ വേണ്ടിവരുന്ന തുക കമ്പോളത്തില്‍ നിന്നും സമാഹരിക്കും. കൂടാതെ പ്രവാസി മലയാളികളെ ലക്ഷ്യമിട്ടുളള മസാല ബോണ്ടുകള്‍, കെഎസ്എഫ്ഇയുടെ എന്‍ആര്‍ഐ ചിട്ടികള്‍, ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് തുടങ്ങിയവ വഴിയും തുക സമാഹരിക്കാനാകുമെന്ന് ബജറ്റില്‍ സര്‍ക്കാര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

കിഫ്ബി പദ്ധതികള്‍ക്കുളള കാലതാമസത്തെക്കുറിച്ച് പലരും വിമര്‍ശിക്കാറുണ്ട്. കര്‍ശനമായ ചിട്ടകളും പരിശോധനയും ഒഴിവാക്കാനാവില്ലെന്നും ബജറ്റില്‍ തോമസ് ഐസക്ക് ഓര്‍മ്മിപ്പിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം